വിമതരെ അയോഗ്യരാക്കാനുള്ള നടപടി തടയണം; മഹാരാഷ്ട്ര നാടകം സുപ്രിം കോടതിയിലേക്ക്
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്കെത്തുന്നു. തനിക്കും 15 എം.എല്‍.എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദേ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.ഞായറാഴ്ച വൈകീട്ട് 6.30നാണ് ഷിന്ദേ ഹര്‍ജി ഫയല്‍ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്ദേയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
20 വിമത എംഎല്‍എമാരുമായി അനുനയ നീക്കം നടക്കുന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് എംപി അറിയിച്ചിരുന്നു.അനുനയിപ്പിച്ച് ഉദ്ധവ് താക്കറെ ക്യാംപിലെത്തിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."