'ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ'; ഗോഡ്സെയും കോണ്‍ഗ്രസും ചെയ്തത് ഒന്ന്: പിണറായി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഇക്കാര്യത്തില്‍ വിശദീകരണംകൊടുക്കാന്‍ കുറച്ച് വിഷമംതന്നെയാണ്. എസ്എഫ്ഐക്കാര്‍ ഓഫീസില്‍ കയറി. കയറാന്‍ പാടില്ലാത്തതാണ്. ചില സംഭവങ്ങള്‍ അവര്‍ കാണിച്ചു, അതും ചെയ്യാന്‍ പാടില്ല. പക്ഷേ, അവര്‍ പോയശേഷം മാധ്യമങ്ങള്‍ അവിടെ കയറി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു മാധ്യമത്തില്‍ ഓഫീസിന്റെ ദൃശ്യം വാര്‍ത്തയായി വന്നിരുന്നു. അപ്പോള്‍ ചുമരില്‍ ചിത്രമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയ ശേഷം എസ്എഫ്ഐക്കാര്‍ കയറിയിട്ടില്ല. അവിടെ മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്.
ആരുടെ കുബുദ്ധിയാണ് ഗാന്ധി ചിത്രത്തെ ചുമരില്‍നിന്ന് താഴെയെത്തിച്ചതെന്നും എന്തിനാണ് ആ കുബുദ്ധി കാണിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. എസ്എഫ്ഐക്കാര്‍ പോയതിനുശേഷമാണ് ഗാന്ധി ചിത്രം നിലത്തിട്ടത്. 'ഇവര്‍ ഗാന്ധിശിഷ്യര്‍ തന്നെയാണോ? എങ്ങനെയാണ് ഗാന്ധിചിത്രം നിലത്തിടാന്‍ കഴിഞ്ഞത്. ഗോഡ്സേ ചെയ്തത് ഇവര്‍ പ്രതീകാത്മകമായി ചെയ്യുകയാണ്'മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."