തെളിവില്ല; ഒന്‍പത് വര്‍ഷത്തിനുശേഷം 'ലഷ്‌കര്‍ ഭീകരര്‍' മോചിതര്‍
ന്യൂഡല്‍ഹി: 2012 ഓഗസ്റ്റ് 31ന് രാത്രിയാണ് മുഹമ്മദ് ഇല്യാസിനെ (38)യും മുഹമ്മദ് ഇര്‍ഫാനെ (33) യും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്തത്.
ഒന്‍പത് വര്‍ഷത്തിനുശേഷം തെളിവുകളൊന്നും കണ്ടെത്താത്തതിനാല്‍ രണ്ടുപേരെയും വെറുതെവിട്ടു. അറസ്റ്റിലാവുമ്പോള്‍ ഇല്യാസ് സ്വന്തമായി ജോലിനോക്കി വിവാഹം കഴിച്ച് ജീവിതം തുടങ്ങിയിട്ടേയുള്ളൂ. ഇര്‍ഫാനാവട്ടെ പഠനം കഴിഞ്ഞു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതേയുണ്ടായിരുന്നുള്ളൂ.
യൗവനാരംഭത്തിലെ നീണ്ട ഒന്‍പതുവര്‍ഷങ്ങള്‍ അകാരണമായി അഴിക്കുള്ളില്‍ ചെലവഴിക്കേണ്ടിവന്ന രണ്ടുപേരും മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള വീടുകളിലെത്തുമ്പോള്‍ ഒന്നേ പറഞ്ഞുള്ളൂ, 'നൗ സാല്‍ ജോ ഗായേ' (ഒന്‍പത് വര്‍ഷങ്ങള്‍ നഷ്ടമായി). നന്ദേഡില്‍ പഴക്കട നടത്തുകയായിരുന്നു ഇല്യാസ്. ഇര്‍ഫാനാവട്ടെ ഇന്‍വെര്‍ട്ടര്‍ ബാറ്ററിയുടെ കടയും തുടങ്ങി. ഇല്യാസിനും ഇര്‍ഫാനുമൊപ്പം അഞ്ചുപേരെയാണ് 2012ലെ ആ രാത്രിയില്‍ എ.ടി.എസ് പിടിച്ചുകൊണ്ടുപോയത്. രാഷ്ട്രീയക്കാര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ലഷ്‌കര്‍ തീവ്രവാദികളാണ് ഇവരെന്നായിരുന്നു എ.ടി.എസ് അന്നു പറഞ്ഞത്. മുഹമ്മദ് അക്രം, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേര്‍. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയെന്നും എ.ടി.എസ് പറഞ്ഞിരുന്നു. യു.എ.പി.എയിലെ കടുത്ത വകുപ്പുകള്‍ക്ക് പുറമെ ആയുധനിയമവും ഇവര്‍ക്കെതിരേ ചുമത്തി.
2013ല്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. കേസില്‍ ചൊവ്വാഴ്ച വിധി പറഞ്ഞ കോടതി മറ്റു മൂന്നുപേര്‍ക്ക് 10 വര്‍ഷം തടവും വിധിച്ചു. തെളിവുകളില്ലാത്തതിനാല്‍ ഇല്യാസിനെയും ഇര്‍ഫാനെയും വെറുതെ വിടുകയാണെന്നും മുംബൈ എന്‍.ഐ.എ കോടതി ഉത്തരവിട്ടു. തന്റെ ബാറ്ററി കടയുടെ അടുത്ത് ഓട്ടോ പാര്‍ട്‌സ് കട നടത്തുന്ന മുസമ്മില്‍ എന്ന പ്രതിയുമായി ഫോണില്‍ സംസാരിച്ചെന്ന തെളിവ് മാത്രമാണ് തനിക്കെതിരേ ഉണ്ടായിരുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു.
അറസ്റ്റിലായതോടെ രണ്ടുപേരുടെയും വ്യാപാരവും അതുവഴിയുള്ള കുടുംബത്തിന്റെ വരുമാനവും നിലച്ചു. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ ഇല്യാസ്, അറസ്റ്റിലായി അഞ്ചുവര്‍ഷത്തിനു ശേഷം തലോജ ജയിലില്‍ വച്ച് ഒരുതവണ മാത്രമാണ് ഭാര്യയെയും മക്കളെയും കണ്ടത്.
അറസ്റ്റിലാകുമ്പോള്‍ ചെറിയ കുഞ്ഞിന് പ്രായം രണ്ടാഴ്ച മാത്രം. ജയിലിലെത്തി ഇല്യാസിനെ കാണുമ്പോള്‍ ചെറിയ കുഞ്ഞിന് അഞ്ചുവയസ് തികഞ്ഞിരുന്നു. ഇതിനിടെ ഇല്യാസ് നാലുതവണയാണ് ജാമ്യാപേക്ഷ നല്‍കിയത്. നാലുതവണയും തള്ളി.
ഇര്‍ഫാന് പക്ഷേ 2019ല്‍ മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇര്‍ഫാനെതിരേ തെളിവുകളൊന്നുമില്ലെന്ന് 2019ല്‍ ജാമ്യംനല്‍കി ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് അന്നുതന്നെ മോചനം ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മഹാരാഷ്ട്ര ഘടകമാണ് ഇല്യാസിനും ഇര്‍ഫാനും വേണ്ടി നിയമസഹായം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."