സി.ബി.എസ്.ഇ പ്ലസ്ടു മൂല്യനിര്‍ണയത്തിന് 30:30:40 ഫോര്‍മുല
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും തയാറാക്കിയ മാര്‍ഗ്ഗരേഖ സുപ്രിംകോടതി അംഗീകരിച്ചു.
10, 11, 12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുക കണക്കാക്കിയാകും മാര്‍ക്കിടുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
വിദ്യാര്‍ഥികളുടെ ആറുവര്‍ഷത്തെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എസ്.ഇയുടെ മൂല്യനിര്‍ണയം. ജൂലൈ 31നകം ഫലപ്രഖ്യാപനം നടത്തുമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന് സി.ബി.എസ്.ഇ ഉറപ്പുനല്‍കി. ജൂലൈ 20ഓടെ ഫലം പ്രഖ്യാപിക്കുമെന്നാണ് ഐ.സി.എസ്.ഇ അറിയിച്ചത്. അതേസമയം, പരീക്ഷ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്നും കോടതി അറിയിച്ചു.10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതം വെയ്റ്റേജും 12ാം ക്ലാസിലെ യൂണിറ്റ്, ടേം, പ്രീ ബോര്‍ഡ് പരീക്ഷകള്‍ക്ക് 40 ശതമാനം വെയിറ്റേജും നല്കുന്ന വിധത്തിലുള്ള 30:30:40 ഫോര്‍മുലയാണ് സി.ബി.എസ്.ഇയുടെ മാനദണ്ഡം. പത്താം ക്ലാസിലെ അഞ്ചു പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി മൂല്യനിര്‍ണയത്തിനായി എടുക്കും. 11ാം ക്ലാസിലെ വാര്‍ഷിക പരീക്ഷയിലെ മാര്‍ക്കും കണക്കാക്കും.12 അംഗ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡം തയാറാക്കിയത്. അവശേഷിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കാന്‍ സ്കൂളുകള്‍ക്ക് സി.ബി.എസ്.ഇ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."