ഒരിടത്തൊരു സുബേദാര്‍
റഹീം വാവൂര്‍
കാര്‍ഗില്‍ യുദ്ധസമയത്ത് ഞാന്‍ മണിപ്പൂരിലാണ്. വെടിയൊച്ചകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഭാര്യ രണ്ടാമത്തെ മകള്‍ റിന്‍ഷയെ പ്രസവിച്ചത്. ഒടുവില്‍ ഒരാഴ്ചകൊണ്ട് ലീവെടുത്ത് നാട്ടിലേക്ക് പോന്നു. കുഞ്ഞിനെ കണ്ണുനിറയെ കാണുന്നതിന് മുമ്പേ രണ്ടാംനാള്‍ ടെലഗ്രാം വന്നു. വേഗം തിരിച്ചുവരണമെന്ന്. വിളിക്ക് മറുപടിയായി യാത്രാക്ഷീണംപോലും മാറ്റാന്‍ നില്‍ക്കാതെ ഉടനെത്തന്നെ യുദ്ധമുഖത്തേക്ക് തിരിച്ചു.
നീണ്ട 33 വര്‍ഷത്തെ സൈനിക സേവനത്തില്‍ നിന്ന് ഈയിടെ വിരമിച്ച സുബേദാര്‍ മേജര്‍ ബീരാന്‍കുട്ടി ഓര്‍മകളുടെ ആല്‍ബം തുറക്കുകയാണ്.
ഉപ്പയെ അടുത്തുകിട്ടിയ സന്തോഷത്തിലാണ് മക്കള്‍. പ്രിയതമന്റെ അസാന്നിധ്യമറിയിക്കാതെ മക്കളെ വളര്‍ത്തി വലുതാക്കിയ പ്രിയപ്പെട്ടവള്‍ സാജിതയുടെ മുഖത്തും സന്തോഷം വിടര്‍ന്നുനില്‍ക്കുന്നു. പൂനെയില്‍ പിഎച്ച്.ഡി ചെയ്യുന്ന മകള്‍ ദില്‍ഷ, ബി.ടെക് കഴിഞ്ഞ റിന്‍ഷ, ബി. ടെക് പൂര്‍ത്തിയാക്കിയ മകന്‍ റിന്‍ഷാദ്, മരുമകന്‍ ഡോ. ശഫീഖ്. എല്ലാവരും നല്ല നിലയിലെത്തിയതില്‍ ഒരു പിതാവെന്ന നിലയില്‍ തനിക്ക് വലിയ അഭിമാനം തോന്നുന്നതായി സുബേദാര്‍.
നാടൊരുക്കിയ സ്വീകരണം
ജന്മനാട് തന്ന സ്വീകരണത്തിന്റെ ആവേശം ഇപ്പോഴും മേജറുടെ മുഖത്തുണ്ട്. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമാണിത്. കോഴിക്കോട് വരെ ഒറ്റയ്ക്ക് യാത്ര ചെയ്ത ഞാന്‍ തുടര്‍ന്നിങ്ങോട്ട് ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലായിരുന്നു. പറഞ്ഞറിയിക്കാനാകാത്ത നിര്‍വൃതിയിലായിരുന്നു അപ്പോള്‍. മലപ്പുറം സൈനിക കൂട്ടായ്മയും കാലിക്കറ്റ് ഡിഫെന്‍സും (ട്രസ്റ്റ് & കെയര്‍) ചേര്‍ന്ന് സ്വീകരിച്ച് ജില്ലാ അതിര്‍ത്തിയായ ഊര്‍ക്കടവ് പാലത്തില്‍ നിന്നും മലപ്പുറം സൈനിക കൂട്ടായ്മയുടെ നേത്രത്തില്‍, TDRF, Trauma Care, നാട്ടിലെ സന്നദ്ധ, സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും ചേര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടി തുറന്ന വാഹനത്തില്‍ വീട്ടിലേക്കാനയിച്ചു കൊണ്ടുവന്ന ആ സമയമാണ് 33 വര്‍ഷക്കാലത്തെ എന്റെ രാജ്യസേവനത്തിന് കിട്ടിയ എന്റെ വലിയ സ്‌നേഹോപഹാരമെന്ന് ബീരാന്‍കുട്ടി സാബ് പറയുന്നു.
നാഗാ തീവ്രവാദികളുടെ മുന്നില്‍
ചെരുപ്പിന്റെ വാറിനേക്കാള്‍ അരികെ വന്ന് മരണത്തിന്റെ മാലാഖ സമയമായോയെന്ന് അളന്നുനോക്കിയ ഒട്ടേറെ സന്ദര്‍ഭങ്ങളിലൂടെ ജീവിതം കടന്നുപോയിട്ടുണ്ട്. നാഗാലാന്‍ഡില്‍ ജോലി ചെയ്യുന്ന കാലം. ഔദ്യോഗിക ആവശ്യപ്രകാരം തലസ്ഥാനമായ കൊഹിമയിലേക്ക് പോയി തിരികെ ബസില്‍ മടങ്ങുകയാണ്. ഇന്ത്യന്‍ പട്ടാളത്തെ ഭീതിയോടെ കാണുന്ന നാഗാ തീവ്രവാദികള്‍ക്കിടയിലേക്ക് പട്ടാള വാഹനത്തിലല്ലാതെ ആരും തന്നെ പുറത്തിറങ്ങാറില്ല. ഒറ്റയ്ക്കവര്‍ പട്ടാളത്തെ കണ്ടാല്‍ ആക്രമിക്കുമെന്നുറപ്പാണ്. എനിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല.
വരുന്ന വഴിയില്‍വെച്ച് നാഗാ തീവ്രവാദികള്‍ ഞങ്ങളുടെ വാഹനം തടഞ്ഞു. കാടുമൂടിക്കിടക്കുന്ന പ്രദേശമാണ്. സഞ്ചാരയോഗ്യമായ വഴികള്‍ ഒട്ടും തന്നെയില്ല. അവര്‍ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന വിവരം നേരത്തെ അറിഞ്ഞിട്ടും തിരികെപ്പോവാന്‍ ഞങ്ങള്‍ക്ക് വേറെ വഴികള്‍ ഇല്ലായിരുന്നു. ബസ് നിര്‍ത്തുമെന്നും അവരുമായി സഹകരിക്കണമെന്നും കണ്ടക്ടര്‍ ആദ്യമേ നിര്‍ദേശം തന്നു. എതിര്‍ത്തു നിന്നാല്‍ തോക്കുകൊണ്ടാണ് അവര്‍ മറുപടി പറയുക. യാത്രക്കാരില്‍ പട്ടാളക്കാര്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ മൗനിയായി.
എ.കെ 47 തോക്കുമായി നില്‍ക്കുന്ന രണ്ട് നാഗാ തീവ്രവാദികള്‍ക്ക് മുമ്പില്‍ വാഹനം നിന്നു. എല്ലാവരെയും പുറത്തിറക്കി ഓരോരുത്തരെയായി അവര്‍ ചോദ്യംചെയ്തു തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ ഏറ്റവും പിറകിലേക്ക് മാറി. നേരത്തെ ഇരുട്ടുപരക്കുന്ന ഇടമായതുകൊണ്ട് വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ആലോചിച്ചുനില്‍ക്കാനുള്ള സമയമല്ലെന്ന് മനസിലാക്കി നിര്‍ത്തിയിട്ട ബസിന്റെ ബോഡിക്കടിയിലേക്ക് കൂഴ്ന്നു. ഇഴജന്തുവിനെപ്പോലെ ഇഴഞ്ഞിഴഞ്ഞ് തൊട്ടപ്പുറത്തേക്ക് കടന്നപ്പോള്‍ അപ്പുറം കാട് മൂടിയ സ്ഥലമായിരുന്നു. രണ്ടും കല്‍പിച്ച് ഞാനാ താഴ്ചയിലേക്ക് എടുത്തുചാടി.
പരിഭ്രമത്തിന്റെ നെറുകയില്‍ നിന്ന് ആപത്തിന്റെ കൊക്കയിലേക്ക് വീണപോലെ. തിരിച്ചുപോയാല്‍ തോക്കിനുമുമ്പില്‍ ഇരയാക്കപ്പെടും എന്നുറപ്പുള്ളതുകൊണ്ട് മുന്നോട്ടേക്ക് നടന്നു. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് റോഡിലെത്തി. ഒന്നും കാണാത്ത കട്ടപിടിച്ച ഇരുട്ടിലൂടെ കൈകൊണ്ട് തപ്പി സ്വയം വഴി കണ്ടെത്തി നടത്തം തുടരുന്നതിനിടയില്‍ ഒരു ജീപ്പ് വരുന്നത് കണ്ടു. കേരളക്കാരനാണെന്നും ജോലി തേടി നടക്കുന്നതിനിടയില്‍ വാഹനം കിട്ടാതെ ഒറ്റപ്പെട്ടതാണെന്നും പറഞ്ഞപ്പോള്‍ കൂടുതലൊന്നും അവരെന്നോട് ചോദിച്ചില്ല.
ആ വാഹനത്തില്‍ എനിക്കവര്‍ ഒരിടം തന്നു. അജ്ഞാത ജഡമായി നാഗാലാന്‍ഡിലെ കാട്ടുവഴികളില്‍ തീര്‍ന്നുപോവേണ്ടിയിരുന്ന എന്റെ ജീവിതം ഇപ്പോഴുമിങ്ങനെ നിലനില്‍ക്കാന്‍ കാരണക്കാരായ ആ മനുഷ്യരോട് ഞാനെങ്ങനെയാണ് നന്ദി പറയുക.
ഉറക്കൊഴിച്ചും ഊണൊഴിച്ചും രാജ്യത്തിന്റ സുരക്ഷയ്ക്ക് വേണ്ടി പല നാടുകളില്‍ സഞ്ചരിക്കുകയും ഒട്ടനവധി ഓപറേഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ബീരാന്‍കുട്ടി എന്ന സുബേദാര്‍. രാജ്യത്തെ കാത്തതിന് ഒട്ടേറെ അവാര്‍ഡുകള്‍ക്കൊപ്പം വിശിഷ്ട സേവനത്തിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പ്രശംസാപത്രവും നല്‍കി ആദരിച്ചു.
മലപ്പുറം സൈനിക കൂട്ടായ്മയുടെയും ഓള്‍ കേരള സൈനിക കൂട്ടായ്മയുടെയും മുഖ്യ രക്ഷാധികാരി സ്ഥാനം സുബേദാര്‍ മേജര്‍ ബീരാന്‍കുട്ടിയാണ് വഹിക്കുന്നത്.
പട്ടാളക്കാരനായ കഥ
നന്നായി വായിക്കുന്ന ജേഷ്ടന്‍ നാസര്‍ പൊന്നാട് ചെറുപ്പം തൊട്ടേ വലിയ പ്രോത്സാഹനമായിരുന്നു. വീട്ടില്‍ നിന്ന് ഞാനേറെയും വായിച്ചത് പട്ടാളക്കഥകളായിരുന്നു. ഭാവിയില്‍ എന്താവണമെന്ന ആഗ്രഹത്തെക്കുറിച്ച് ടീച്ചര്‍ ചോദിച്ചപ്പോള്‍ 'പട്ടാളക്കാരനാവണം' എന്നു പറഞ്ഞ എന്നിലെ ചെറിയ കുട്ടിക്ക് ആ ബാല്യകാല വായന വലിയ പ്രചോദനമായി.
പട്ടാളക്കാരനാവുകയെന്നത് ഉള്ളിലുറച്ച ആഗ്രഹമായിരുന്നതുകൊണ്ട് പി.എസ്.എം.ഒയിലെ പ്രീഡിഗ്രി പഠനകാലത്ത് എന്‍.സി.സിയില്‍ ചേര്‍ന്നു. എന്‍.സി.സിയുടെ യൂനിഫോമിട്ട് നടക്കുമ്പോഴേ മനസില്‍ ഞാനൊരു പട്ടാളക്കാരനായിരുന്നു. പഠിച്ചു വലിയ ആളാവണം എന്നതിനേക്കാള്‍ മികച്ചൊരു പട്ടാളക്കാരനാവണം എന്നതായിരുന്നു എന്റെ പൂതി.
വീട്ടില്‍ കള്ളം പറഞ്ഞാണ് മിലിട്ടറിയുടെ സെലക്ഷന് പോയത്. ഇല്ലാത്ത ചങ്ങാതിയുടെ കോഴിക്കോട്ടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. പടച്ചവന്റെ കാരുണ്യംകൊണ്ട് എന്നെക്കാള്‍ മികച്ചവര്‍ പുറത്താക്കപ്പെട്ടപ്പോഴും ഞാന്‍ ലിസ്റ്റില്‍ കയറിപ്പറ്റി. മകന്‍ പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത കുടുംബത്തില്‍ പുതിയൊരു ഉണര്‍വ് പകര്‍ന്നു. സെക്കന്തറാബാദിലായിരുന്നു ആദ്യ സേവനം.
തൊഴിലല്ല, സേവനം
സൈനിക മേഖലയിലെ തൊഴില്‍ സാധ്യതയെ കുറിച്ച ചോദ്യത്തിന് പട്ടാളക്കാരനെന്നത് പണംപറ്റുന്നൊരു പണിയല്ല എന്നായിരുന്നു മറുപടി. ആത്മാഭിമാനത്തിന്റെ ചുരുക്കപ്പേരാണത്. മരണത്തിന്റെ കീഴ്‌പ്പെടുത്തലിന് മുമ്പില്‍ എപ്പോഴും സന്നദ്ധനായി നില്‍ക്കാന്‍ ആദ്യം വേണ്ടത് മനക്കരുത്താണ്. രാജ്യത്തിന് വേണ്ടി തന്റെ ജീവനും ജീവിതവും അര്‍പ്പിക്കുന്ന ഒരു പട്ടാളക്കാരനും സര്‍വിസ് ജീവിതത്തെ തൊഴില്‍ക്കാലമായി കാണുന്നില്ല.
നല്ല ശമ്പളം കിട്ടുന്നു എന്നതൊക്കെ ശരിയാണ്. പക്ഷെ ഒരു പട്ടാളക്കാരന്‍ കടന്നും പെട്ടും പോവുന്ന ജീവിതസാഹചര്യങ്ങള്‍ക്ക് വിലയിടുകയാണെങ്കില്‍ അവന് കിട്ടുന്ന ശമ്പളത്തിന്റെ പത്തിരട്ടി കിട്ടിയാലും അപ്പണി ഏറ്റെടുക്കാന്‍ ഒരു സാധാരണക്കാരനെ കിട്ടില്ല. രാജ്യം വിളിച്ചാല്‍ അഴിച്ചുവെച്ച യൂനിഫോമണിയാന്‍ ഞാനിപ്പോഴും ഒരുക്കമാണ്. ഈ സന്നദ്ധത എന്നില്‍ ഒതുങ്ങുന്നതല്ല. രാജ്യത്തെ ഓരോ പട്ടാളക്കാരന്റെ സിരകളിലും 'രാജ്യ'മെന്ന വികാരം അഗ്‌നിപോലെ കത്തുന്നുണ്ട്- സുബേദാര്‍ പറഞ്ഞു നിര്‍ത്തി.
വിട്ടുപോവാത്ത ഓര്‍മകള്‍
ജീവിതത്തില്‍ ഒന്നിച്ചുണ്ടുറങ്ങിയവര്‍ അപ്രതീക്ഷിതമായി മരണത്തിലേക്ക് മുഖംതിരിച്ചു കിടക്കുന്ന കാഴ്ച കാണേണ്ടിവരുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. യുദ്ധഭൂമിയില്‍വച്ച് മരിച്ചവര്‍, ബോര്‍ഡൗട്ടായി പോയവര്‍... ഒരുമിച്ചു യാത്രചെയ്തിരുന്ന സുഹൃത്ത് യാത്രാമധ്യേ മറ്റൊരു വഴി തിരഞ്ഞെടുത്തു. പട്ടാളത്തിനൊപ്പം കുന്നുംമലയും കയറുന്നതിന് പകരം തീവണ്ടിവഴി അവന്‍ യാത്ര തുടര്‍ന്നു. എന്നെ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. അവന്‍ സഞ്ചരിച്ച തീവണ്ടി അപകടത്തില്‍ പെട്ടെന്ന് പിറ്റേന്നാണ് അറിയുന്നത്. ഒട്ടേറെ മനുഷ്യരുടെ ജീവനെടുത്ത ആ അപകടത്തില്‍ എന്റെ ചങ്ങാതിയും പോയി.
നാലുപേരുറങ്ങിയ റൂമിലെ ഒരാളുടെ കട്ടില്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് അവന്‍ ജീവിതത്തില്‍ നിന്ന് പോയി എന്നറിയുക. അതിരാവിലെ യൂനിഫോമിട്ട് പാറാവിനും പരേഡിനും മറ്റു ഡ്യൂട്ടികള്‍ക്കുമായി മുറിപൂട്ടി ഇറങ്ങുന്നവര്‍ തിരിച്ചുവരുമ്പോള്‍ കൂട്ടത്തില്‍ ഒരാളില്ലെന്ന് അറിയുന്ന സന്ദര്‍ഭങ്ങള്‍. അപ്പോഴനുഭവിക്കുന്ന മനോവേദനകള്‍ക്ക് ഭാഷയില്ല.
മതവിവേചനമില്ല
പട്ടാളക്കാരൊക്കെയും അതിര്‍ത്തിയില്‍ തോക്കുംപിടിച്ചു നില്‍ക്കുന്നവരാണ് എന്നത് തെറ്റായ ധാരണയാണ്. ക്യാംപിലെ ഏത് ആവശ്യത്തിനും അതിന് യോജിച്ച ആഗ്രഗണ്യരായ ആളുകള്‍ അവിടെയുണ്ടാവും. ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, അധ്യാപകര്‍ തുടങ്ങി എല്ലാമേഖലകളില്‍ നിന്നുള്ളവരും പട്ടാളത്തിലുണ്ട്.
യുദ്ധത്തിലും കലാപത്തിലും മുറിവേല്‍ക്കുന്ന സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതുവരെയുള്ള ഉത്തരവാദിത്വമാണ് സൈനിക മേഖലയിലെ ആതുര ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. യുദ്ധ നാളുകളിലാണ് സേനയിലെ എഞ്ചിനീയര്‍മാരുടെ സേവനം സജീവമാവുന്നത്. പട്ടാളക്കാരുടെ ക്യാംപിന് ആവശ്യമായ ടെന്റുകള്‍ നിര്‍മിക്കുക, ക്യാംപില്‍ ആവശ്യമായ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും എത്തിക്കുക, പട്ടാളക്കാര്‍ക്ക് ആവശ്യമായ മാപ്പുകളും മറ്റും നിര്‍മിക്കുക എന്നിവ ഇവരുടെ ചുമതലയാണ്.
വേഷം നോക്കി മതം മനസിലാക്കുന്നവര്‍ പുറത്ത് പരസ്പരം പോരടിക്കുമ്പോള്‍ ഒരൊറ്റ വേഷമണിഞ്ഞ് പട്ടാളക്കാരന്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നു. വിവിധ മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെ വേര്‍തിരിച്ചുകാണുന്ന ഒരനുഭവവും 33 വര്‍ഷക്കാലത്തെ സൈനികജീവിതത്തിനിടയില്‍ ഉണ്ടായിട്ടില്ല.
മറ്റു മതങ്ങളെക്കാളേറെ വിശ്വാസത്തിന് ജീവിതവുമായി ബന്ധമുള്ളവരാണ് മുസ്‌ലിംകള്‍. ഓരോ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങളെ പരിപാലിക്കാനുള്ള സൗകര്യം റെജിമെന്റുകള്‍ക്കകത്തുണ്ട്. പള്ളിയും അമ്പലവും മുസ്‌ലിയാരും പൂജാരിയുമൊക്കെ ഉള്ള ഇടമാണ് പട്ടാള റെജിമെന്റുകള്‍. അധികം ആളുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ സര്‍വ ധര്‍മസ്ഥലുകള്‍ ഉണ്ട്. ഇവിടെ എല്ലാവര്‍ക്കും അവരവരുടെ മതകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമുണ്ട്.
റിലീജ്യസ് ടീച്ചേഴ്‌സ് എന്നൊരു വിഭാഗം തന്നെ പട്ടാളത്തിലുണ്ട്. മതകീയജീവിതത്തിന് വേണ്ട ഒത്താശകള്‍ ചെയ്ത് മുന്നില്‍ നില്‍ക്കുക എന്നതാണ് അവരുടെ തൊഴില്‍. തലേക്കെട്ടും തൊപ്പിയുമണിഞ്ഞ മലബാറിലെ പരമ്പരാഗത മുസ്‌ലിയാരുടെ പണിയാണ് അവരെടുക്കുന്നത്. മതകാര്യങ്ങളില്‍ അവരാണ് അവസാന വാക്ക്. ഭക്ഷണത്തില്‍ ഹലാലും അല്ലാത്തതുമുണ്ട്. ഇറച്ചിയില്‍ ഹലാല്‍ ഇല്ലെങ്കില്‍ മുട്ട കിട്ടും.
ഇന്ത്യ-പാക് സൗഹൃദം
അതിര്‍ത്തിയില്‍ ഭീതി പരക്കാത്ത നേരങ്ങളില്‍ സ്‌നേഹം പാറിപ്പറക്കാറുണ്ട്. പാകിസ്താനില്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അവര്‍ നമുക്ക് മധുരം തരും. അവരുടെ ഭക്ഷണത്തിന്റെ രുചി നമുക്കുകൂടി അവകാശപ്പെട്ടതാണെന്ന് അവര്‍ പറയും. ഇന്ത്യയില്‍ ഹോളിപോലുള്ള ആഘോഷങ്ങളുണ്ടാവുമ്പോള്‍ നാം അവരിലേക്കും നമ്മുടെ വിളമ്പിവെച്ച വിഭവങ്ങള്‍ കൊണ്ടുകൊടുക്കും. ജീവിതത്തിനവിടെ മഴവില്ലഴകാണ്.
നികത്താനാകാത്ത നഷ്ടങ്ങള്‍
സ്‌നേഹ സാമീപ്യംകൊണ്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പമാവേണ്ട ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ നാം വിദൂരത്തായിരിക്കുമെന്നത് പട്ടാളക്കാരന്റെ വ്യക്തിജീവിതത്തിലെ വലിയ നഷ്ടമാണ്. ദുഃഖവേളകളില്‍ കൂടുതല്‍ അസ്വസ്ഥനാവാതിരിക്കാനും സന്തോഷങ്ങളുണ്ടാവുമ്പോള്‍ മതിമറന്ന് ആനന്ദിക്കാനും നില്‍ക്കാതെ രണ്ടിനുമിടയിലെ മിതത്വമാണ് സൈനികന്റെ ജീവിതശൈലി. എന്റെ ആഗ്രഹങ്ങള്‍ക്ക് ഒപ്പംനിന്ന ഉപ്പ ചൂരപ്പറ ഉണ്ണിമുഹമ്മദ് ഹാജിയും ഉമ്മ ആയിശ ഹജ്ജുമ്മയും കഴിഞ്ഞ മാസം 12 ദിവസത്തെ ഇടവേളയില്‍ മരണപ്പെട്ടു. പ്രായമായ അവരെ വരുംകാലങ്ങളില്‍ കൂടെ നിര്‍ത്തി നോക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ഞാന്‍ നാട്ടിലേക്ക് മടങ്ങിയത്. വിധി എനിക്കതിന് അനുമതി തന്നില്ല. ഇതാണ് പട്ടാളക്കാരന്റെ ജീവിതം- നെടുവീര്‍പ്പോടെ സുബേദാര്‍ ബീരാന്‍കുട്ടി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."