അധികാരരാഷ്ട്രീയത്തിലെ സ്വത്വ, പിന്നോക്ക പോരാട്ടങ്ങൾ
ജയറാം ജനാർദ്ദനൻ
പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളും വ്യക്തികളും ഒരു വലിയ പ്രോജക്റ്റിന്റെ ഭാഗമായി ഒരേസമയം സംഭവിക്കുന്നതിന് ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ നടന്ന/നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ. ഒന്നാമതായി ഒരു ആദിവാസി ഗോത്ര വനിത ഇന്ത്യൻ രാഷ്ട്രപതിയാകാനുള്ള സാധ്യത ഏകദേശം ഉറപ്പായിരിക്കുന്നു. മറ്റൊന്ന് ഇന്ത്യയിലെ പ്രമുഖ സിവിൽ സമൂഹ ബുദ്ധിജീവികളും പത്രപ്രവർത്തകരും വളരെ സംശയകരമായ ആരോപണങ്ങളുടെ പേരിൽ തടവിലാക്കപ്പെടുന്നു. ഇതിൽ ഒന്നാമത്തേത്, സംഘ്പരിവാർ സ്വത്വരാഷ്ട്രീയത്തിൻ്റെ വളരെ സമർഥമായ വിന്യാസമാണ്. രണ്ടാമത്, കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി തുടർന്നുവരുന്ന ഭരണരീതിയുടെ സ്വാഭാവിക തുടർച്ചയായി കാണാം. യു.പി.എ ഭരണത്തിൽ തുടങ്ങിവച്ച പരിപാടിയാണ് കോർപറേറ്റ് മൂലധന ശക്തികൾക്കും അടിസ്ഥാനവർഗത്തിൻ്റെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി നിലകൊള്ളുന്ന പൗരസമൂഹ ബുദ്ധിജീവികളെയും വിദ്യാർഥി-യുവജന രാഷ്ട്രീയപ്രവർത്തകരെയും വേട്ടയാടലും തടവിലാക്കലും. സംഘ്പരിവാർ അധികാരത്തിൽ വന്നതിനുശേഷം ഇക്കാര്യത്തിൽ യാതൊരു ഒളിച്ചുവയ്ക്കലോ ഏതെങ്കിലും രാഷ്ട്രീയധാർമികതയോ അവരെ ബാധിക്കാത്തതുകൊണ്ട് ഈ പ്രവൃത്തി കൂടുതൽ വിനാശകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു എന്ന് മാത്രം. അടിയന്തരാവസ്ഥ മുതൽ സൽവ ജുധൂം വരെ വിവിധ കോൺഗ്രസ് ഭരണകൂടങ്ങൾ സൃഷ്ടിച്ച പൂർവമാതൃകകൾ ഇവിടെയുണ്ടല്ലോ. അതിനെ കൂടുതൽ മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് സംഘ്പരിവാർ ഭരണകൂടത്തിന് ചെയ്യേണ്ടതുള്ളൂ. ദ്രൗപദി മുർമു എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ആകുമ്പോഴും ഈയൊരു മുൻ മാതൃക വിചിത്രമായ രീതിയിൽ ആവർത്തിക്കുന്നത് കാണാം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ രാഷ്ട്രപതിയായ ആളുകളെ നോക്കൂ. അത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിൻ്റെ സമൂഹഭാവന എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ സഹായകരമാണ്. മുഖ്യമായും ഹിന്ദു ഉപരിജാതി- ബ്രാഹ്മണ വ്യക്തികളുടെ ലിസ്റ്റാണെന്ന് കാണാം. ഇതിനുപുറമെ മുസ്‌ലിംകൾക്കും സിഖ് മതവിശ്വാസിക്കും രാഷ്ട്രപതിയാകാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇത് പലപ്പോഴും ആ സമയത്തെ രാഷ്ട്രീയസമവാക്യങ്ങളെ താളം തെറ്റാതെ കൊണ്ടുപോകാനുള്ള അഭ്യാസങ്ങളായിരുന്നു എന്ന് മനസിലാക്കാം. അതായത് മിക്കപ്പോഴും യഥാർഥ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലുപരി ടോക്കനിസത്തിൽ ഊന്നുകയാണ് കോൺഗ്രസ് ഭരണകൂടങ്ങൾ ചെയ്തുവന്നിരുന്നത്. എന്താണ് ഇത്തരം ടോക്കനിസത്തിൻ്റെ പ്രശ്‌നങ്ങൾ?
We Were Eight Years in Power എന്നത് ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന വർഷങ്ങളെക്കുറിച്ച് ആഫ്രോ-അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ റ്റ നഹാസി കോട്‌സ് എഴുതിയ പുസ്തകമാണ്. ബറാക്ക് ഒബാമ ആദ്യമായി ഡെമോക്രാറ്റിക് പാർട്ടി നോമിനേഷൻ നേടിയപ്പോൾ അത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികവാർന്ന നിമിഷങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടു. ഒരുപക്ഷേ പുരോഗമന രാഷ്ട്രീയത്തിൽ നെൽസൻ മണ്ടേലയ്ക്ക് ലഭിച്ചതുപോലുള്ള സ്വീകാര്യത ബറാക്ക് ഒബാമയ്ക്ക് തുടക്കത്തിൽ ലഭിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അമേരിക്കയുടെ പുറത്തെ ലോകത്തെ സംബന്ധിച്ച് ഒബാമയുടെ എട്ട് വർഷങ്ങൾ മറ്റേത് പ്രസിഡന്റിന്റെയും പോലെ തന്നെയാണ്. ഒരു സാമ്രാജ്യത്വ ഭരണകൂടത്തിന് അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റംവരുത്താൻ കഴിയാത്തതിൽ അത്ഭുതം ഒന്നുമില്ല. തുടക്കത്തിൽ സൂചിപ്പിച്ച പുസ്തകം പക്ഷേ ഒരു ആഫ്രോ-അമേരിക്കൻ ബുദ്ധിജീവി, സ്വന്തം വംശത്തിൽ പെട്ട ഒരാൾ ഭൂരിപക്ഷം വെളുത്ത വംശജർ ജീവിക്കുന്ന രാജ്യത്തിന്റെ ഭരണനേതൃത്വത്തിൽ ഇരുന്നതിനെപ്പറ്റിയുള്ള പരിശോധനകളാണ്. ബറാക്ക് ഒബാമയുടെ എട്ട് വർഷങ്ങൾ അമേരിക്കയിലെ കറുത്ത വർഗക്കാരുടെ ജീവിതത്തിൽ മൗലികമായ ഒരു പരിവർത്തനവും ഉണ്ടാക്കിയിട്ടില്ല. സമാനമായ സാഹചര്യമാണ് ഇവിടെ ദ്രൗപദി മുർമുവിൻ്റെ സ്ഥാനാർഥിത്വം വഴി സംഭവിക്കാൻ പോകുന്നത്.
അമേരിക്കൻ പ്രസിഡൻ്റിനു യഥാർഥ അധികാരമുണ്ട്. ഇന്ത്യൻ പ്രസിഡന്റ് എന്നത് മിക്കപ്പോഴും ഒരു ആലങ്കാരിക പദവി മാത്രമാണ്. അതുകൊണ്ടുതന്നെ ദ്രൗപദി മുർമു അവർ പ്രതിനിധാനം ചെയ്യുന്ന ജാതിവിഭാഗത്തിൻ്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയിൽ പരിവർത്തനം ഉണ്ടാക്കുന്നതിൽ ഒരു പങ്കുംവഹിക്കാൻ സാധ്യതയില്ല. പക്ഷേ ഇന്ത്യപോലെ തീവ്രമായ മത-ജാതി-ഗോത്ര വിഭജനം നിലനിൽക്കുന്ന സമൂഹത്തിൽ അവരുടെ സ്ഥാനാർഥിത്വത്തിനും ആ പദവിക്കും വലിയ സിംബോളിക് പവറുണ്ട്. അതുവഴി തെരഞ്ഞെടുപ്പ് നേട്ടങ്ങൾ ഉണ്ടാക്കുകയും പാൻ ഇന്ത്യൻ ഹിന്ദു ഐഡൻ്റിറ്റി ഉണ്ടാക്കുകയുമായാണ് സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നത്.
സംഘ്പരിവാർ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഫോക്കസ് ആദിവാസി ഗോത്ര വിഭാഗങ്ങൾ തന്നെയാണ്. ഇന്ത്യയിൽ ട്രൈബൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ അവർ പ്രത്യേക ശ്രദ്ധകൊടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നുള്ള ആർ.എസ്.എസ് ഇടപെടലുകളുടെ ഫീൽഡ് റിപ്പോർട്ടുകൾ നോക്കിയാൽ ഒരു പൊതുരീതി നമുക്ക് കാണാൻ പറ്റും. ആദിവാസി വിഭാഗങ്ങൾക്ക് പുരാതനകാലം മുതൽ വളരെ വ്യതിരിക്തമായ സംസ്‌കാരവും ജീവിതശൈലിയും വിശ്വാസങ്ങളുമുണ്ട്. അവരുടെ ആരാധനാരീതികളും സമ്പ്രദായങ്ങളും മുഖ്യധാര ഹിന്ദുവിശ്വാസങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഈയൊരു സാഹചര്യത്തെ മറികടക്കാൻ സംഘ്പരിവാർ ചെയ്യുന്നത് ട്രൈബൽ വിഭാഗങ്ങളെ വിശാലമായ ഹിന്ദുസ്വത്വത്തിൻ്റെ ഭാഗമാക്കി മാറ്റുക എന്നതാണ്. അതിനായി ധർമ്മ ജാഗരൻ എന്ന പദ്ധതി വഴി ആദിവാസികളുടെ മിത്തുകളും വിശ്വാസങ്ങളും ഹിന്ദുവിശ്വാസ രീതികളിലെക്ക് കൂട്ടിച്ചേർക്കുന്നു. മറ്റൊന്ന് ഘർ വാപസി പ്രോഗ്രാമുകളാണ്. മുൻപ് ക്രിസ്ത്യൻ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ആളുകളെ വൻതോതിൽ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനു പുറമേ ട്രൈബൽ പ്രദേശങ്ങളിൽ സംഘ്പരിവാർ വലിയ തോതിലുള്ള സാമൂഹിക സേവന സന്നാഹം ഒരുക്കിയിട്ടുണ്ട്. ഇതിൽനിന്ന് മനസിലാക്കാൻ കഴിയുന്ന കാര്യം ആദിവാസി മേഖലകളിൽ ഇന്ത്യൻ വെൽഫയർ സ്റ്റേറ്റ് എന്നതിൻ്റെ അഭാവമാണ്. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ, ഏറ്റവും കൂടിയ അളവിൽ ചൂഷണം നിലനിൽക്കുന്ന പ്രദേശങ്ങളാണ് ആദിവാസി മേഖലകൾ. ഇതിൻ്റെയൊക്കെ ഭാഗമായുള്ള ഒറ്റപ്പെടലിൻ്റെയും അരക്ഷിതാവസ്ഥയുടെയും ഇടയിലാണ് വളരെ വിപുലമായ സന്നാഹങ്ങളും വിഭവശേഷിയുമുള്ള സംഘ്പരിവാറിൻ്റെ ഇടപെടലുകൾ.
സംഘ്പരിവാർ ആഖ്യാനങ്ങളിൽ ആദിവാസികൾ യഥാർഥ ഹിന്ദുരീതികളുടെ സംരക്ഷകരാണ്. അവർ ഹിന്ദുമതത്തെ കലർപ്പുകൾ വരാതെ വനത്തിൻ്റെ അകത്തു സംരക്ഷിച്ചുനിർത്തി. ഇങ്ങനെ ആദിവാസി മിത്തുകളെ ഹിന്ദു മിത്തുകളാക്കി മാറ്റുക വഴി പല തനത് ആദിവാസി ആഘോഷങ്ങൾ ഇപ്പോൾ സംഘ്പരിവാർ ആഭിമുഖ്യത്തിൽ നടക്കുന്ന ഹിന്ദു ആഘോഷങ്ങളായി മാറിക്കഴിഞ്ഞു. ഈ വിധത്തിൽ പുതിയ ഒരു ആദിവാസി സ്വത്വനിർമിതിയും അതോടൊപ്പം ആദിവാസികൾ നേരിടുന്ന വിവിധ തലങ്ങളിലുള്ള സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ചൂഷണങ്ങളെ കൃത്യമായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ മറച്ചുവച്ചുകൊണ്ടുമാണ് സംഘ്പരിവാർ ആദിവാസി മേഖലകളിൽ പ്രവർത്തിച്ചുവരുന്നത്. ഇതിൻ്റെ ഏറ്റവും ഉയർന്നതലമായി ശ്രീമതി ദ്രൗപദി മുർമുവിൻ്റെ സ്ഥാനാർഥിത്വത്തെ കാണേണ്ടി വരും. വലിയ പ്രതീകാത്മക മൂല്യമുള്ള, എന്നാൽ യഥാർഥ ജീവിതാനുഭവങ്ങളുടെ തലത്തിൽ കഴമ്പില്ലാത്ത ഇൗ നീക്കം സംഘ്പരിവാറിൻ്റെ ദീർഘകാല ലക്ഷ്യങ്ങൾക്കും ബി.ജെ.പിയുടെ അടിയന്തരമായ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കും ഉതകുന്നതാകും എന്നതിൽ സംശയമില്ല.
ഭരണകൂട വിമർശകരായ ബുദ്ധിജീവികളെ, രാഷ്ട്രീയപ്രവർത്തകരെ നോട്ടമിടുക എന്നത് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് തടയിടാനും ശക്തമായ വിമർശനങ്ങൾ ഉയർത്താനും പറ്റിയ മാധ്യമങ്ങളും പൗരസമൂഹവും പ്രതിപക്ഷവും ഒക്കെ ചേർന്ന ശക്തമായ സംവിധാനം ഇവിടെ നിലനിന്നിരുന്നു. എന്നാൽ ഇന്ന് ഈ സംവിധാനങ്ങൾ കഴിവുകെട്ടു നിർജീവമാകുകയോ അപ്രസക്തമാകുകയോ ചെയ്തിട്ടുണ്ട്. അതായത് മേൽസൂചിപ്പിച്ച വിഭാഗങ്ങളുടെ സഞ്ചിത വിമർശനത്തെ അവഗണിക്കാൻ പറ്റുന്ന ഒരു ഭരണകൂടമാണ് ഇപ്പോൾ നിലവിലുള്ളത് എന്നർഥം. പ്രധാന മാധ്യമങ്ങളെയെല്ലാം ഭരണാനുകൂല മൂലധനശക്തികൾ വിഴുങ്ങിയതോടെ സ്വതന്ത്ര പത്രപ്രവർത്തനം എന്നത് അസാധ്യമായി കഴിഞ്ഞു. പല പട്ടാള ഏകാധിപത്യ ഭരണകൂടങ്ങളും അവിടുത്തെ എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരെ ദീർഘകാലം തടവിലിട്ട അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഭീമ കൊറേഗാവ് എൽഗാർ പരിഷത്ത് കേസിൽ ജയിലാക്കപ്പെട്ട പ്രമുഖ ഇന്ത്യൻ ബുദ്ധിജീവികൾക്ക് ഇതുവരെ ജാമ്യം പോലും കിട്ടിയിട്ടില്ല. പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗങ്ങളുടെ പേരിൽ യുവ വിദ്യാർഥി- രാഷ്ട്രീയപ്രവർത്തകർ ദീർഘകാലമായി ജയിൽവാസം അനുഷ്ഠിക്കുന്നു. സ്റ്റാൻ സ്വാമി മുതൽ ടീസ്റ്റ സെറ്റിൽവാദ് വരെ, ഉമർ ഖാലിദ് മുതൽ ഷർജീൽ ഇമാം വരെ നിയമപരമായ എന്തെങ്കിലും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിൽ ജയിൽവാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സംഘ്പരിവാർ രാഷ്ട്രഭാവനയെ തടയാൻ പര്യാപ്തമായ ബൗദ്ധികശേഷി ഇവിടെ നിലനിൽക്കരുതെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പുരോഗമന, മതേതര ശക്തികൾ സംഘ്പരിവാറിനെ പലതലങ്ങളിൽ കഴിവ് കുറച്ചു കാണുന്നു എന്നത് വ്യക്തമാണ്. ഏതാണ്ട് നൂറു വർഷമായി സംഘ്പരിവാർ ഇന്ത്യൻ സമൂഹത്തിൽ ഏറ്റവും താഴേ തട്ടിൽ പ്രവർത്തിക്കുന്നു. പെട്ടെന്നുള്ള രാഷ്ട്രീയാവശ്യങ്ങളോ തെരഞ്ഞെടുപ്പ് നേട്ടങ്ങളോ അല്ല അവരുടെ ലക്ഷ്യം. ഗാന്ധി വധത്തെ തുടർന്ന് അവർ നിരോധനം നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് അവരുടെ നേതാക്കളും പ്രവർത്തകരും ജയിലിൽ അടയ്ക്കപ്പെട്ടു. കഴിഞ്ഞ ഇരുപത് വർഷം മുൻപ് വരെ വലിയ രാഷ്ട്രീയ പരിലാളനകൾ ഇല്ലാതെതന്നെ അവർ വളർന്ന് ഇന്ന് ഇന്ത്യൻ സമൂഹത്തിൽ വലിയൊരു സാന്നിധ്യമായി മാറിയിരിക്കുന്നു എന്നത് വസ്തുതയാണ്. ഈയൊരു വസ്തുനിഷ്ഠ സാഹചര്യം മനസിലാക്കി മാത്രമേ ഇനിയുള്ള രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."