ജീവിതാനുഭവങ്ങളുടെ ഖനി
കെ.ടി രാധാകൃഷ്ണന്‍ കൂടാളി
ജീവിതാനുഭവങ്ങളുടെ ഖനി സ്വന്തമായുള്ള എഴുത്തുകാരനായ ബഷീര്‍ പെരുവളത്ത് പറമ്പിന്റെ കഥാസമാഹാരമാണ് ഇരുട്ട് വെട്ടം. മികച്ച സംഘാടകനും സാംസ്‌കാരിക പ്രഭാഷകനുമായ ഇദ്ദേഹത്തിന്റെ കഥാകഥന രീതി വൈക്കം മുഹമ്മദ് ബഷീറിനെ പലപ്പോഴും ഓര്‍മ്മമിക്കുന്ന തരത്തിലാണ്. ബഷീറും രചനകള്‍ വായനക്കാരില്‍ എത്തിച്ചത് അനുഭവങ്ങളുടെ അക്ഷയഖനിയില്‍ നിന്നായിരുന്നല്ലോ.
ഇരുട്ട് വെട്ടം എന്ന കഥാസമാഹാരത്തിലെ കഥകളൊക്കെ ഹ്രസ്വമാണ്. എന്നാല്‍ ശക്തമാണ്. മൂപ്പന്‍ എന്ന കഥ നോക്കൂ. ഗ്രാമത്തിലെ ശീതീകരിച്ച മനോഹരമായ മുറിയില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചാണ് മൂപ്പന്റെ ആജ്ഞാപനം: ഞാനറിയാതെ ഒരീച്ച പോലും... ഇതറിയാതെ ഈച്ച എന്നെ വിളിച്ചോയെന്ന ധാരണയില്‍ നേതാവിന്റെ മൂക്കിന്‍ തുമ്പത്തെത്തുന്നു. സാംസ്‌കാരിക മേഖല കൂടി കൈകാര്യം ചെയ്യുന്ന ആ അധികാരിയുടെ ഇരുപ്പും തുറന്നപ്പോള്‍ വാക്കുകളിലെ ഇടിവെട്ട് ശബ്ദവും അതുണ്ടാക്കുന്ന കാതടപ്പും അതില്‍ നിന്നുത്ഭവിക്കുന്ന ദുര്‍ഗന്ധവും കാരണം ഈച്ച ചത്തുമലക്കുന്നു. കസേരയുടെ കാല്‍ക്കീഴില്‍ ചരിക്കുന്ന ഉറുമ്പു പറയുകയാണ്, ഇയാളെ സഹിക്കുന്ന ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന്.
അധികാരത്തിന്റെ ദുഷ്യവും ഭയാനകതയും ഈ കൊച്ചു കഥയിലൂടെ എത്ര ധന്യാത്മകമായാണ് കഥാകൃത്ത് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം. ഇതില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ നര്‍മബോധവും ദാര്‍ശനികതയും സമന്വയിച്ചു കാണുന്നു. ചരിത്രത്തിലെ എത്രയോ മൂപ്പന്‍മാര്‍ ഇത് വായിക്കുമ്പോള്‍ നമ്മുടെ സ്മൃതിപഥത്തിലൂടെ കടന്നുപോകും.
എലികളുടെ കാര്യം, ഉല്‍പ്പലാക്ഷന്‍, തലച്ചോറ്, ഗ്രാമമിത്രം, ശേഷിപ്പ്, പുത്തന്‍, ലെഫ്റ്റ്, തെറ്റുകളുടെ വലുപ്പം, ഈ മനുഷ്യരുടെ കാര്യം, ആല്‍മരം, ക്വട്ടേഷന്‍, ഇരുട്ട് വെട്ടം, മൂപ്പന്‍, കെണി, പ്രകൃതിയും സുകൃതിയും, അസ്വസ്ഥന്‍, ആട് വിശേഷം, ബര്‍ക്കത്ത്, ആഗസ്റ്റ് 15, വെറുതെ ചില കാര്യങ്ങള്‍ ഈ കഥകളൊക്കെ ഇന്നത്തെ സാമൂഹ്യ സാംസ്‌കാരിക രാഷ്ടീയ ജീര്‍ണതകളുടെ നേരക്ഷരങ്ങളാണ്. മലയാള കഥാസാഹിത്യം ഇന്നല്ലെങ്കില്‍ നാളെ ഈ രചനകളെ സ്വീകരിക്കും എന്നതില്‍ സംശയമില്ല. തന്റേതായൊരു എഴുത്തുവഴി സ്വീകരിച്ച് നിലവാരം പുലര്‍ത്തുന്ന ബഷീര്‍ പെരുവളത്ത് പറമ്പിന്റെ കഥകള്‍ വിരസതയില്ലാതെ ഏതൊരാള്‍ക്കും വായിക്കാനും ചിന്തിക്കാനും ചിരിക്കാനും പറ്റുന്നതാണ്. ചിത്രരശ്മി ബുക്‌സാണ് പ്രസാധനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."