പൊതുസ്ഥലത്ത് മാലിന്യം എറിഞ്ഞാല്‍ വാഹനം പിടിച്ചെടുക്കും; 10000 രൂപ വരെ പിഴ
പൊതുസ്ഥലത്ത് മാലിന്യം എറിഞ്ഞാല്‍ വാഹനം പിടിച്ചെടുക്കും; 10000 രൂപ വരെ പിഴ
കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞ കേസില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതി അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി. പൊതു ഇടങ്ങളില്‍ മാലിന്യം എറിയുന്നവരില്‍നിന്ന് മുനിസിപ്പല്‍ ആക്ടിനുപുറമെ വാട്ടര്‍ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി ഉയര്‍ന്ന പിഴ ഈടാക്കാനും നിര്‍ദേശിച്ചു. മുന്‍സിപ്പല്‍ ആക്ടില്‍ 10000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാത്ത വാണിജ്യസ്ഥാപനങ്ങള്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണം. ബ്രഹ്മപുരത്തെ മാലിന്യമല ദിവസങ്ങളോളം കത്തിയസംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നല്‍കിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ തുച്ഛമായ തുക ഈടാക്കി വിട്ടു നല്‍കുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം, മാലിന്യസംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനുള്ള സ്റ്റേ കോടതി ജൂണ്‍ 30വരെ നീട്ടി.
മാലിന്യസംസ്‌കരണത്തില്‍ ക്രിയാത്മക ഉത്തരവ് പുറപ്പെടുവിച്ച കാസര്‍കോട് കളക്ടറെ ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യസംസ്‌കരണത്തില്‍ വീഴ്ചവരുത്തിയ മംഗല്‍പാടി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് കാസര്‍കോട് കളക്ടറായിരുന്ന സ്വാഗത് ആര്‍. ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍ ദേശിയപാതയോരങ്ങളിലടക്കം മാലിന്യം നീക്കംചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു കളക്ടര്‍ അന്ത്യശാസനം നല്‍കിയത്. ഇതിനെയാണ് കോടതി അഭിനന്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."