തീരദേശത്ത് ഭീതിപരത്തി തെരുവ് നായക്കൂട്ടം അറവു മാലിന്യം റോഡരികില്‍ തള്ളുന്നത് അപകടം കൂട്ടുന്നു
കയ്പമംഗലം: തീരദേശ മേഖലയില്‍ ഭീതിപരത്തി വീണ്ടും തെരുവ് നായകളുടെ വിളയാട്ടം. അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതാണ് തെരുവ് നായകളുടെ അപകടകരമായ വിളയാട്ടത്തിന് വഴിയൊരുക്കുന്നത്.
തീരദേശത്ത് കൂരിക്കുഴി, ആശുപത്രിപ്പടി, പതിനെട്ടുമുറി, വിളക്കുപറമ്പ്, തായ്‌നഗര്‍, ചളിങ്ങാട്, ചാമക്കാല, ചെന്ത്രാപ്പിന്നി, കുറ്റിലക്കടവ്, പെരിഞ്ഞനം, മതിലകം തുടങ്ങിയ മേഖലകളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
കയ്പമംഗലം പഞ്ചായത്തിലെ കൂരിക്കുഴി, പതിനെട്ടുമുറി, വിളക്കുപറമ്പ്, ആസ്പത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലായി ഇതുവരെ തെരുവ്‌നായകളുടെ കടിയേറ്റവരുടെ എണ്ണം പത്തില്‍ കൂടുതലാണ്. കൂടാതെ നായ്ക്കള്‍ കൂട്ടമായെത്തി ആടുകളും കോഴികളും ഉള്‍പ്പെടെ വളര്‍ത്തു മൃഗങ്ങളെ കടിച്ചു കീറി കൊന്ന സംഭവങ്ങള്‍ നിരവധിയാണ്. പള്ളിത്താനം ഭാഗത്ത് ഒരു പോത്തിന്‍ കുട്ടിയേയും തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു.
മാത്രമല്ല കൂരിക്കുഴിയില്‍ വളര്‍ത്തു മൃഗങ്ങളെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടയില്‍ യുവാവിനും വിളക്കുപറമ്പില്‍ വിദ്യാര്‍ഥികളെ നായ്ക്കൂട്ടത്തിനിടയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനിടയില്‍ വയോധികക്കും പരുക്കേറ്റിരുന്നു.
പ്രഭാതങ്ങളില്‍ സവാരിക്കിറങ്ങുന്നവര്‍ക്കും ക്ഷേത്രങ്ങളിലേക്കും പള്ളിയിലേക്കും മറ്റും പോകുന്നവര്‍ക്കും അതിരാവിലെ മദ്‌റസയെ ലക്ഷ്യമാക്കി പോകുന്ന വിദ്യാര്‍ഥികള്‍ക്കും തെരുവ് നായ്ക്കളുടെ ഭീഷണിമൂലം നേരിടേണ്ടി വരുന്ന ദുരിതം ചെറുതല്ല. കൂട്ടം കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളെ കാണുമ്പോള്‍ മിക്കവരും വീടിനകത്ത് കയറി രക്ഷപ്രാപിക്കുകയാണ്.
റോഡരികിലും പൊതുസ്ഥലങ്ങളിലും കനോലികനാലിന്റെ തീരത്തും തള്ളുന്ന അറവുമാലിന്യവും കോഴിവേസ്റ്റും കഴിക്കാനെത്തുന്ന തെരുവ് നായ്ക്കളാണ് കൂടുതലും ഭീകരാന്തരീക്ഷം തീര്‍ക്കുന്നത്. തെരുവ്‌നായക്കളുടെ ശല്യം ഉന്‍മൂലനം ചെയ്യാനുള്ള നടപടി കൈകൊള്ളുന്നതോടൊപ്പം അറവുമാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിളിലും ബൈക്കിലും സഞ്ചരിക്കുന്നവര്‍ക്കും തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ സംഭവങ്ങളും പ്രദേശത്ത് നിരവധി ഉണ്ടായിട്ടുണ്ട്.
തെരുവ് നായ്ക്കളുടെ ശല്യം കുറക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളാന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവമാണ് പ്രശ്‌നം രൂക്ഷമാവാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."