HOME
DETAILS

ചിത്തിരത്തോണിയില്‍ അക്കരെപ്പോയ കാല്‍പനികതയുടെ ശാലീനത

  
backup
June 22 2021 | 20:06 PM

36632-3

തിരുവനന്തപുരം: പാട്ടെഴുത്തു വഴിയിലെ സാത്വികഭാവം, കാല്‍പനികതയുടെ ശാലീനതയുമായി ആസ്വാദക ഹൃദയങ്ങളെ ചിത്തിരത്തോണിയില്‍ അക്കരെയേറ്റുന്ന വരികള്‍ക്കുടമ, അലിഞ്ഞുചേരുന്ന ആത്മാംശം വരികളിലൊളിപ്പിച്ച് മലയാള മനസ്സുകളില്‍ പ്രണയാതുരമായുദിച്ച താരകം... അരനൂറ്റാണ്ടോടടുക്കുന്ന ആ കാവ്യസപര്യയുടെ പേരാണ് പൂവച്ചല്‍ ഖാദര്‍.


ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാന്‍പോന്ന എണ്ണമറ്റ ഗാനങ്ങളാണ് ആര്‍ദ്രതയിറ്റുന്ന ആ തൂലികയിലൂടെ മലയാളത്തിനു സമ്മാനമായി കിട്ടിയത്. സൗന്ദര്യവും ലാളിത്യവും ഇഴയിടുന്ന വരികളുമായി, കാലത്തേയും ഒപ്പം കൂട്ടി പകരക്കാരനില്ലാത്ത ആ പ്രതിഭ നടന്നുകയറിയത് എത്രയോ ഹൃദയങ്ങളിലേക്കാണ്.
പ്രണയോന്മുഖ ജീവിതത്തെ പാട്ടെഴുത്തുകാര്‍ ശ്രദ്ധിക്കാറുണ്ട്. പലരും മുന്‍ഗാമികളുടെ നിഴലാവുകയും പിന്നീട് സ്വന്തം വഴി വെട്ടിത്തുറക്കുകയും ചെയ്തവരാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ഒ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയും യൂസഫലി കേച്ചേരിയും പി. ഭാസ്‌കരനുമെല്ലാം അനശ്വരമാക്കിയ പാട്ടിന്റെ ഈ വഴിയിലൂടെയാണ് പൂവച്ചല്‍ ഖാദറും നടന്നത്. പാട്ടില്‍ ദീക്ഷിക്കേണ്ട കാവ്യഭാവുകത്വത്തെ ശുദ്ധ കാല്‍പനികതയിലേക്ക് കൈപിടിച്ചുനടത്തുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.


വേണ്ടിവന്നാല്‍ എവിടെയിരുന്നും പാട്ടെഴുതുമായിരുന്നു ഖാദര്‍. റെയില്‍വേ സ്റ്റേഷനിലെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിനു നടുവിലിരുന്നു വരെ. സിന്ദൂര സന്ധ്യയും ശരറാന്തലും കായലോളവും മഞ്ഞും മൗനവുമെല്ലാം തഴുകിത്തലോടിയ പാട്ടുകള്‍. അവയില്‍ പ്രകൃതിയും പ്രണയവും തളിരിട്ടു.
കൈരളിയുടെ പ്രകൃതിലാവണ്യം വശ്യമനോഹാരിത തീര്‍ത്തു. മലയാളത്തിന്റെ കാല്‍പനിക സൗന്ദര്യം നറുമണം പൊഴിക്കുന്ന ആ ഗാനങ്ങളാണ് പൂവച്ചല്‍ ഖാദറിനെ ആസ്വാദകര്‍ക്ക് പ്രിയങ്കരനാക്കിയത്. 'അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍', 'ആദ്യസമാഗമ ലജ്ജയിലാതിര താരകം കണ്ണടയ്ക്കുമ്പോള്‍', 'ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍', 'മൗനമേ നിറയും മൗനമേ' തുടങ്ങി മലയാളികള്‍ എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഒട്ടേറെ പാട്ടുകള്‍ സമ്മാനിച്ച തൂലിക.


മലയാള ചലച്ചിത്രഗാന രംഗത്ത് കുലപതികള്‍ വാണ സുവര്‍ണകാലത്തിനു പിന്നാലെയാണ് ഖാദര്‍ വന്നത്. വയലാറും പി. ഭാസ്‌കരനും തുടങ്ങിവെച്ച ക്ലാസിക്കല്‍ പാരമ്പര്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കാല്‍പനിക ജനപ്രിയത മൂര്‍ധന്യതയിലെത്തിയ അക്കാലത്ത് പാട്ടുകള്‍ പ്രധാന ആകര്‍ഷണമായി. കെ.എസ് സേതുമാധവനും ഐ.വി ശശിയും ഭരതനും പത്മരാജനുമെല്ലാം പാട്ടിന്റെ മര്‍മമറിഞ്ഞ ചലച്ചിത്ര പ്രതിഭകളും. അവര്‍ക്കു തൃപ്തികരമായ പാട്ടെഴുത്ത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സാധിച്ചു എന്നതാണ് ഖാദറിന്റെ വിജയം.


എണ്‍പതുകളുടെ ഗാനരചയിതാവായിരുന്നു അദ്ദേഹം. എന്‍ജിനിയറാവാനാണ് പഠിച്ചത്. ആദ്യനിയമനം ലഭിച്ച് കോഴിക്കോട്ടെത്തി 'ഏതോ ജന്മകല്‍പനയാ'ലാകണം ചെന്നുപെട്ടത്. സിനിമക്കാരുടെയും പാട്ടുകാരുടെയുമിടയില്‍. ആനുകാലികങ്ങളില്‍ കവിതയെഴുതിയ അദ്ദേഹത്തിന് 'ചന്ദ്രിക' ഓഫിസായിരുന്നു താവളം. അവിടെ തുടങ്ങുന്നു എഴുത്തും പാട്ടുമായുള്ള ദൃഢബന്ധം. ആഴ്ചപ്പതിപ്പ് പത്രാധിപര്‍ കാനേഷ് പൂനൂര്‍, ഐ.വി ശശിയെ പരിചയപ്പെടുത്തി. ഐ.വി ശശി വാരികയില്‍ ഇല്‍സ്‌ട്രേഷന്‍ ചെയ്തിരുന്നു. എന്‍.എന്‍ കക്കാടും തിക്കോടിയനും എം.ടി വാസുദേവന്‍ നായരും എന്‍.പി മുഹമ്മദും എം.എന്‍ കാരശേരിയുമെല്ലാം കൂട്ടായി. ആകാശവാണിയില്‍ നിരവധി ലളിതഗാനങ്ങളെഴുതി. കോഴിക്കോട്ടെ നാടകവേദിക്കും അദ്ദേഹത്തിന്റെ സംഭാവന വലുത്.


കോഴിക്കോട് ആകാശവാണിയില്‍ അദ്ദേഹം എഴുതിയ ലളിതഗാനങ്ങള്‍ക്കു ധാരാളം ആസ്വാദകരുണ്ടായിരുന്നു.
നിറകതിര്‍ താലംകൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു, രാമായണക്കിളി ശാരികപ്പൈങ്കിളി, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ, പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു തുടങ്ങിയ പാട്ടുകള്‍ മലയാളികള്‍ ഏറ്റുപാടിയവയാണ്. തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  10 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  10 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  10 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  10 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  10 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  10 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago