HOME
DETAILS

കാടിറങ്ങുന്ന വന്യതപരിഹാരത്തിന് പലവഴികൾ

  
backup
May 25 2023 | 04:05 AM

wilderness-multiple-solutions

ഡോ. എം. മുഹമ്മദ് ആസിഫ്


മനുഷ്യ - വന്യജീവി സംഘർഷങ്ങൾ ഇക്കാലത്തിന്റെ മാത്രം പ്രതിസന്ധിയല്ല. വേട്ടയാടിയലഞ്ഞ് ജീവിച്ചിരുന്ന പ്രാചീന മനുഷ്യൻ കൃഷി ചെയ്യാൻ ആരംഭിച്ച് ഒരു പ്രദേശത്ത് സ്ഥിരവാസമാരംഭിച്ചതോടെയാണ് സംഘർഷകാലത്തിന്റെ തുടക്കം. വാസസ്ഥാനങ്ങളും വിളകളും സംരക്ഷിക്കാൻ ആദിമമനുഷ്യർ വന്യമൃഗങ്ങളുമായി നടത്തിയ നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു അത്. ആ പോരാട്ടം ആധുനിക കാലഘട്ടത്തിൽ പുതിയതലങ്ങളിൽ അറുതിയില്ലാതെ തുടരുന്നു.
ജീവവായുവും വെള്ളവും മറ്റനവധി വിഭവങ്ങളും ഉൾപ്പെടെ വനം-വന്യജീവികൾ എന്ന ആവാസവ്യവസ്ഥ നൽകുന്ന അനവധിയായ സേവനങ്ങളുടെ ഗുണങ്ങൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും അനുഭവിക്കുമ്പോൾ അതിന്റെ ദോഷങ്ങൾ വനത്തോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ മാത്രം നേരിടേണ്ടിവരുന്നു.
സംഘർഷ കാരണങ്ങൾ പലത്
വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർധന, വനം കൈയേറ്റം, നാടും കാടും തമ്മിലുള്ള വേർതിരിവിലുണ്ടായ ചുരുക്കം, വന്യജീവികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭൂവിനിയോഗം തുടങ്ങിയ നിരവധി കാര്യങ്ങൾ മനുഷ്യ- വന്യജീവി സംഘർഷത്തിന് കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. കാടിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ അഥവാ ഫോറസ്റ്റ് ഡൈനാമിക്സിൽ വന്ന മാറ്റങ്ങൾ വന്യജീവി സംഘർഷത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. കാട്ടിൽ വ്യാപിക്കുന്ന അധിനിവേശസസ്യങ്ങൾ വന്യജീവികളുടെ ഇരതേടൽ സ്വഭാവം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് മുത്തങ്ങ, തോൽപ്പെട്ടി മേഖലകളിൽ സസ്യഭുക്കുകളായ വന്യമൃഗങ്ങളുടെ കുറവ് കടുവകൾ മനുഷ്യവാസ പ്രദേശങ്ങളിലെത്തിപ്പെടാനുള്ള മറ്റൊരു പ്രധാന കാരണമാണ്. അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന (Senna spectabilis) എന്ന ചെടി വനമേഖലയിൽ വ്യാപകമായതാണ് ഈ കുറവിന് പ്രധാന കാരണം. അലങ്കാരച്ചെടി എന്നനിലയിൽ എത്തിയ മഞ്ഞക്കൊന്ന ക്രമേണ നമ്മുടെ കാടുകൾ കീഴടക്കി. മഞ്ഞക്കൊന്ന വളരുന്ന സ്ഥലങ്ങളിൽ മറ്റുസസ്യങ്ങളെ കാണാനാവില്ല. സസ്യഭുക്കുകളായ മാനും കാട്ടുപോത്തുമൊന്നും മഞ്ഞക്കൊന്ന കഴിക്കാറില്ല. അതിനാൽ മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളിൽ കാട്ടുപോത്തും പുള്ളിമാനുകളുമൊന്നും മേയാനെത്തില്ല. ഈ സാഹചര്യത്തിൽ ഇരയുടെ ലഭ്യതക്കുറവ് കടുവകളെ ഈ മേഖലയിൽനിന്ന് മാറാനും മറ്റിടങ്ങളിലേക്ക് എത്തിപ്പെടാനും പ്രേരിപ്പിക്കുന്നു. മഞ്ഞക്കൊന്ന മാത്രമല്ല മുളകളും അരിപ്പൂചെടികളുമെല്ലാം ഇത്തരം പ്രശ്നങ്ങൾ ഫോറസ്റ്റ് ഡൈനാമിക്സിൽ ഉണ്ടാക്കിയിട്ടുണ്ട്.
സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 640 പേർ വന്യജീവി ആക്രമണങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. 2021-22 കാലഘട്ടത്തിൽ മാത്രം മരണപ്പെട്ടത് 144 പേരാണ്. 1416 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൃഷിനാശവും വീടിനും വസ്തുവകകൾക്കുമുണ്ടായ നാശവും ഇതിന് പുറമെയാണ്. മനുഷ്യർക്ക് ഉണ്ടാവുന്ന നാശനഷ്ടങ്ങൾ മാത്രമല്ല, മനുഷ്യരുമായുള്ള നിരന്തര സംഘർഷങ്ങൾ വന്യജീവികളുടെ ആയുസ് കുറയ്ക്കുമെന്നതും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. നാട്ടിലിറങ്ങാതെ വനമധ്യത്തിൽ വാഴുന്ന ഒരു കാട്ടാനയുടെ ശരാശരി ആയുസ് അൻപത് വയസെങ്കിൽ നാട്ടിലിറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന കാട്ടാനയ്ക്ക് അധികമായുസുണ്ടാവില്ല, സംഘർഷത്തിന്റെയും നിരന്തര സമ്മർദത്തിന്റെയും അപകടങ്ങളുടെയും ഭാഗമായി പരുക്കും ജീവഹാനിയും സംഭവിക്കാം. കടുവ ഉൾപ്പെടെ നാട്ടിലിറങ്ങുന്ന മറ്റ് വന്യജീവികളുടെ വിധിയും ഇതുതന്നെ. പ്രശ്നമുണ്ടാക്കുന്ന സ്ഥലങ്ങളിൽനിന്ന് മാറ്റി മറ്റിടങ്ങളിലേക്ക് പുനരധിവസിച്ചാലും പരിഹാരമാവില്ല. ഈ പശ്ചാത്തലത്തിൽ ശാസ്ത്രീയമായി പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടിയാണ് വേണ്ടത്. വലിയ പ്രശ്നക്കാരായിരുന്ന വയനാട്ടിലെ വടക്കനാട് കൊമ്പനെ വിക്രമായും കല്ലൂർ കൊമ്പനെ ഭരത് എന്ന കുങ്കിയാനയായും മാറ്റിയെടുത്തത് ഈ സമീപനത്തിലൂടെയാണ്. ആനയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ചിലർ നിർഭാഗ്യവശാൽ ഈ ശാസ്ത്രീയ വസ്തുകൾ ഒന്നും മനസിലാക്കാൻ തയാറാവുന്നില്ല എന്നതാണ് ദുഃഖകരം.
വന്യജീവികളുമായുള്ള നിരന്തര സമ്പർക്കവും സംഘർഷങ്ങളും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളുടെ വ്യാപനത്തിന് (Spillover of Zoonotic Diseases) കാരണമാവും എന്നതും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. വയനാട്ടിൽ മുൻ വർഷങ്ങളിൽ പടർന്നുപിടിച്ച കൈസാനൂർ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി), ലൈം ഡിസീസ് ഉൾപ്പെടെ പ്രാദേശിക ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. വയനാട്ടിൽ തന്നെ കുരങ്ങുകളിൽ മലേറിയ രോഗാണുവിന്റെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ജന്തുജന്യ പകർച്ചവ്യാധികൾ വനത്തിൽനിന്ന് സ്പിൽ ഓവർ ചെയ്യുന്നതിനുള്ള വഴിയായി മനുഷ്യ-വന്യജീവി സംഘർഷങ്ങൾ മാറുന്ന സാധ്യതകൾ തടയേണ്ടത് മുഖ്യമാണ്.
നിയന്ത്രിത ഉന്മൂലനത്തോട്
മുഖം തിരിക്കേണ്ടതില്ല
'മൃഗങ്ങളുമായുള്ള സംഘർഷം എളുപ്പം പരിഹാരം കാണാവുന്ന കാര്യമല്ല. മനുഷ്യൻ കൃഷി ആരംഭിച്ച അന്നുതൊട്ട് മൃഗങ്ങളുമായുള്ള സംഘർഷം തുടങ്ങി. മൃഗങ്ങളുടെ വാസസ്ഥലമായിരുന്ന വനപ്രദേശങ്ങൾ വെട്ടിപ്പിടിച്ചാണ് മനുഷ്യൻ കൃഷിചെയ്യാൻ തുടങ്ങിയത്. അതുകൊണ്ട് ഈ സംഘർഷം എപ്പോഴുമുണ്ടാകും'- മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ആഴത്തെ അടയാളപ്പെടുത്തുന്ന ഈ വാക്കുകൾ വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടേതാണ്.
മാറിയകാലഘട്ടത്തിൽ മനുഷ്യരാശിയുടെ വികാസ കാലത്തോളം പഴക്കമുള്ള പ്രശ്നത്തെ അഭിമുഖീകരിക്കാൻ ഒറ്റമൂലികളില്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്, വേണ്ടത് ബഹുമുഖ സമീപനമാണ്. വന്യജീവികളുടെ എണ്ണം പെരുകുമ്പോൾ നിയന്ത്രിതമായ ഉന്മൂലനം (Controlled Hunting) എന്ന രീതിയോട് മുഖം തിരിക്കേണ്ടതില്ല. വന്യജീവി സംഘർഷത്തിന് അയവുവരുത്താൻ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വീകരിപ്പെട്ട ശാസ്ത്രീയ രീതിയാണിത്. അനിയന്ത്രിതമായി പെരുകുന്ന എല്ലാ ജീവികളെയും സംരക്ഷിക്കണമെന്നത് കപട പരിസ്ഥിതിവാദമാണ്. ആസ്ത്രേലിയയിൽ കംഗാരുക്കളുടെ വംശവർധനവ് നിയന്ത്രിക്കാൻ ഈ രീതി നടപ്പാക്കിയത് ഉദാഹരണം. വന്യജീവി സംഘർഷത്തിന്റെ ആഘാതം കുറയ്ക്കാൻ നിയന്ത്രിത ഉന്മൂലനരീതി നടപ്പാക്കിയതിന് ഇന്ത്യയിൽ തന്നെ ഉദാഹരണങ്ങളുണ്ട്. ഹിമാചൽപ്രദേശിൽ ആപ്പിൾ കൃഷിക്ക് ഏറ്റവും വലിയ ഭീഷണി വാനരശല്യമാണ്. കുരങ്ങന്മാരെ നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ പദ്ധതി വിഭാവനം ചെയ്തെങ്കിലും പരാജയപ്പെട്ടു. ഇപ്പോൾ നിയന്ത്രിതമായ രീതിയിൽ വാനരന്മാരെ വേട്ടയാടാനുള്ള നടപടികൾ ഹിമാചലിൽ നടന്നുവരികയാണ്. വന്യജീവികളുടെ പെരുപ്പമുണ്ടാവുമ്പോൾ നിയന്ത്രിത ഉന്മൂലനം തന്നെയാണ് സത്വര പരിഹാരം. പെരുകുന്ന ജീവികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽപെടുത്തി നിയന്ത്രിതമായി വേട്ടയാടുന്നതിന് നിയമപരമായ സംരക്ഷണം വനനിയമങ്ങളിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട്.
രാജ്യാതിർത്തി കാക്കുന്ന പട്ടാളക്കാരെപ്പോലെ വനാതിർത്തികളിൽ കൃഷി ചെയ്ത് ജീവിക്കുന്ന മനുഷ്യർ തങ്ങളുടെ വിളകളും വാസസ്ഥാനവും ജീവനും പണയംവച്ച് പ്രതിരോധിക്കുന്നതുകൊണ്ടാണ് നഗരങ്ങളിലേക്ക് വന്യജീവി കടന്നുകയറ്റമുണ്ടാവാത്തത്. വനത്തിന് ചുറ്റുമുള്ള മേഖലകളിൽ കൃഷി ഒഴിവാക്കപ്പെട്ടാൽ വന്യജീവികൾ നഗരങ്ങൾ തേടിയെത്തും. വനാതിർത്തികളിൽ കൃഷി ചെയ്ത് ജീവിക്കുന്ന മനുഷ്യരുടെ ഈ കരുതൽ ആക്ടീവ് ഗാർഡിങ് (Active Guarding) എന്നാണ് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നത്. ഇന്ന് പല ആളുകളും വനത്തോട് ചേർന്നുള്ള മേഖലകളിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായി കാണാം. എന്നാൽ ഈ ഭൂമിയിൽ അവർ കൃഷി ചെയ്യാറില്ല. ഇത്തരം ഭൂ ഉടമകളെ ആക്ടീവ് ഗാർഡിങ് നടത്തുന്നവരായി പരിഗണിക്കാൻ കഴിയില്ല.വന്യജീവി സംഘർഷത്തിന്റെ കെടുതികൾ സഹിച്ച് ആക്ടീവ് ഗാർഡിങ് നടത്തുന്ന മനുഷ്യർക്ക് സഹായഹസ്തമായി കോൺഫ്ലിക്ട് ടോളറൻസ് അലവൻസ് എന്ന രൂപത്തിൽ ധനസഹായം നൽകേണ്ട ഉത്തരവാദിത്വ പൊതുസമൂഹത്തിനും ഭരണകൂടത്തിനുമുണ്ട്.
ഉത്തരവാദിത്വ വനം ടൂറിസം
ചുറ്റുമുള്ള ബഫർ സോണിൽ ഒരു പ്രവർത്തനവും അനുവദിക്കാത്ത നിയമ കാർക്കശ്യമാണ് നിലവിലുള്ളത്. എന്തുകൊണ്ട് ബഫർ സോണിൽ ഉത്തരവാദിത്വ വനം ടൂറിസം പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയില്ലേ? ഇതിൽ നിന്നുള്ള വരുമാനം നേരത്തെ സൂചിപ്പിച്ച ആക്ടീവ് ഗാർഡിങ് നടത്തുന്ന മനുഷ്യർക്ക് കോൺഫ്ലിക്ട് ടോളറൻസ് അലവൻസ് നൽകാൻ ഉപയോഗിക്കാൻ സാധിക്കും. അധിനിവേശ സസ്യങ്ങൾ കാടിന്റെ സ്വാഭാവിക പരിസ്ഥിതി തകിടം മറിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കി സ്വാഭാവിക വനത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും അടിയന്തരമായി വേണ്ടതുണ്ട്.
(ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാനസമിതി അംഗമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago