ഭരണഘടനാ നിന്ദ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ഭരണഘടനയെ അപകീർത്തിപ്പെടുത്തുംവിധം പ്രസംഗിച്ചതിന് സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതിക്കൂട്ടിൽ. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുകയാണ്. നിയമസഭാ പാർട്ടി നേതാക്കൾ സഭക്കകത്തും മന്ത്രിയുടെ രാജി അവശ്യപ്പെട്ടിരുന്നു. ഭരണഘടനയിൽ തൊട്ട് സത്യംചെയ്ത് അധികാരത്തിലേറിയ മന്ത്രി, അതേ ഭരണഘടനയെ പരസ്യമായി അവഹേളിച്ചുവെന്നും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നുമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ' നൂറിന്റെ നിറവിൽ' പരിപാടിയിലാണ് മന്ത്രി ഇന്ത്യയുടെ ഭരണഘടനയെയും ശിൽപികളെയും അവഹേളിക്കുംവിധം പ്രസംഗിച്ചത്. പരിപാടിയിലെ പ്രസംഗം ഇന്നലെയാണ് പുറത്തുവന്ന് വിവാദമായത്.
വിവാദം കത്തിനിൽക്കെ നിയമസഭയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണംതേടി. സജി ചെറിയാൻ കാര്യങ്ങൾ സഭയിൽ വിശദീകരിച്ചു. ഭരണഘടനയെയല്ല വിമർശിച്ചതെന്നും ഭരണകൂടത്തിന്റെ നടപടികളെയാണ് ലക്ഷ്യമാക്കിയിരുന്നതെന്നും മന്ത്രി പറഞ്ഞു. തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും അവഹേളിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാന്റെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.
മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയോട് നിർവ്യാജ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് ഏറ്റുപറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ മന്ത്രി ചൂഷണത്തിനുളള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയതായും അവർ വിശദീകരിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാനാകും. എന്നാൽ, പ്രശ്‌നത്തിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും കേവലം നാക്കുപിഴ മാത്രമാണതെന്നും വിശദീകരിച്ച് സി.പി.എം രംഗത്തുവന്നിട്ടുണ്ട്. സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുമുണ്ട്.
യൂത്ത് കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെ സംഘടനകളും വ്യക്തികളും ഗവർണർക്ക് പരാതി നൽകിയിട്ടുമുണ്ട്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഗവർണറെ കണ്ട് സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഗവർണർക്കും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ പത്തനംതിട്ട എസ്.പിക്കും പരാതി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."