റാഷിദ് റോവര്‍: ചാന്ദ്ര ലാന്‍ഡര്‍ തകരാന്‍ കാരണം 'ഉയരത്തിന്റെ തെറ്റായ കണക്കുകൂട്ടല്‍'
ദുബായ്: യുഎഇയുടെ റാഷിദ് റോവര്‍ വഹിച്ചിരുന്ന ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണത് ഉയരം തെറ്റി കണക്കാക്കിയതു കാരണമായി ഇന്ധനം തീര്‍ന്നതാണെന്ന് ടോക്കിയോ ആസ്ഥാനമായ കമ്പനി നടത്തിയ അന്വേഷണ ഫലത്തില്‍ ബോധ്യപ്പെട്ടതായി അധികൃതര്‍. ഐസ്‌പേസ് നിര്‍മിച്ച ഹകുട്ടോ ആര്‍ മിഷന്‍-1 ലാന്‍ഡര്‍ ഏപ്രില്‍ 26ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഉപരിതലത്തില്‍ ശക്തമായി ഇടിക്കുകയും ടച്ച് ഡൗണ്‍ സൈറ്റിലുടനീളം വലിയ അവശിഷ്ടങ്ങള്‍ ചിതറിക്കുകയും ചെയ്തു. ഉയരം നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍ തകരിലായതാണ് തകര്‍ച്ചക്ക് പ്രധാന ഹേതുവായത്.
ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ ഉയരത്തില്‍ ലംബമായി സെക്കന്റില്‍ ഒരു മീറ്റര്‍ താഴെയുള്ള ടാര്‍ഗറ്റ് വേഗത്തിലേക്ക് ലാന്‍ഡര്‍ ആസൂത്രണം ചെയ്ത മുഴുവന്‍ ഡീസെലറേഷന്‍ പ്രക്രിയയും പൂര്‍ണമായി പൂര്‍ത്തിയാക്കിയതായി വിശകലനം വെളിപ്പെടുത്തുന്നുവെന്ന് ഐസ്‌പേസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ലാന്‍ഡറിന്റെ ഉയരം അളക്കുമ്പോള്‍ 'അപ്രതീക്ഷിത പെരുമാറ്റം' സംഭവിച്ചു. ലാന്‍ഡര്‍ സ്വന്തം ഉയരം പൂജ്യമാണെന്ന് കണക്കാക്കിയപ്പോള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് അത് ഏകദേശം 5 കിലോമീറ്റര്‍ ഉയരത്തിലാണെന്ന് പിന്നീട് നിര്‍ണയിക്കപ്പെട്ടു. ഷെഡ്യൂള്‍ ചെയ്ത ലാന്‍ഡിംഗ് സമയത്തിലെത്തിയ ശേഷം പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഇന്ധനം തീരുന്നത് വരെ ലാന്‍ഡര്‍ കുറഞ്ഞ വേഗത്തില്‍ താഴേക്ക് ഇറങ്ങുന്നത് തുടര്‍ന്നു. ആ സമയത്ത് ലാന്‍ഡറിന്റെ നിയന്ത്രിത ഇറക്കം നിലച്ചു. അത് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് സ്വതന്ത്രമായി പതിച്ചതായി കരുതപ്പെടുന്നു.
സോഫ്റ്റ്‌വെയര്‍ പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് തെറ്റായ ഉയരം കണക്കാക്കാനുള്ള ഏറ്റവും സാധ്യതയുള്ള കാരണമെന്ന് ഐസ്‌പേസ് പറഞ്ഞു.
2021 ഫെബ്രുവരിയില്‍ ചാന്ദ്ര ലാന്‍ഡിംഗ് സൈറ്റ് മാറ്റിയതാണ് തെറ്റായ കണക്കുകൂട്ടലിന് കാരണമായ മറ്റൊരു പ്രശ്‌നമെന്ന് കമ്പനി പറഞ്ഞു. ലാന്‍ഡിംഗ് സീക്വന്‍സിന്റെ മുന്‍ സിമുലേഷനുകള്‍ നാവിഗേഷന്‍ റൂട്ടില്‍ ചന്ദ്രന്റെ പരിത:സ്ഥിതിയെ വേണ്ടത്ര ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നിര്‍ണയിക്കപ്പെട്ടു. അതിന്റെ ഫലമായി അന്തിമ സമീപനത്തില്‍ ലാന്‍ഡറിന്റെ ഉയരം സോഫ്റ്റ്‌വെയര്‍ തെറ്റായി വിലയിരുത്തിയെന്നും ഐസ്‌പേസ് വ്യക്തമാക്കി.
സോഫ്റ്റ്‌വെയര്‍ കാരണമാണ് ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടതെന്ന് ഇതുസംബന്ധമായ അവലോകനത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."