HOME
DETAILS

സിദ്ദിഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരുക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്

  
backup
May 27 2023 | 04:05 AM

primary-post-mortem-report-on-tirur-hotel-owner-siddique-s-murder-case

സിദ്ദിഖിന്റെ മരണകാരണം നെഞ്ചിനേറ്റ പരുക്ക്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്


കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നെഞ്ചിനേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. കൊല്ലപ്പെടുന്നതിന് മുമ്പ് സിദ്ദിഖും പ്രതികളുമായി മല്‍പിടിത്തം നടന്നതിന്റെ അടയാളങ്ങളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മരണശേഷമാണ് ശരീരം വെട്ടിമുറിച്ചിട്ടുള്ളത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സിദ്ദിഖിന്റെ ശരീരം വെട്ടിമുറിച്ചതെന്നാണ് കരുതുന്നത്. ഇലക്ട്രിക് കട്ടറും ട്രോളിയും കോഴിക്കോട് നഗരത്തില്‍ നിന്ന് തന്നെയാണ് വാങ്ങിയതെന്നാണ് സൂചന.

അതേസമയം, ചെന്നൈയില്‍ നിന്ന് പിടിയിലായ പ്രതികളെ തിരൂരിലെത്തിച്ചു. മൂന്ന് പ്രതികളെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. പ്രതികള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് പറയുന്നു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്ന് സംശയമുണ്ടെങ്കിലും 15 ദിവസം മാത്രം സിദ്ദീഖിനു കീഴില്‍ ഹോട്ടല്‍ ജോലി ചെയ്ത ഷിബിലിയെ ക്രൂരകൃത്യത്തിലേക്കു നയിച്ചത് മറ്റു ചിലതാകാമെന്നാണ് പൊലിസ് സംശയിക്കുന്നത്. 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത പ്രതികള്‍ സിദ്ദീഖിന് മദ്യം നല്‍കിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലിസ് നിഗമനം. ഹോട്ടലില്‍ എത്തിയ അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു.

ഹോട്ടലില്‍ റൂമെടുത്തത് സിദ്ദീഖിന്റെ പേരിലാണ്. സിദ്ദീഖ് തന്നെ റൂമെടുത്തതിലും ദുരൂഹതയുണ്ട്. കൊല നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ രണ്ടു മുറികളാണ് സിദ്ദീഖിന്റെ പേരില്‍ എടുത്തത്. ഇതില്‍ 'ജി 4' മുറിയില്‍ വച്ചാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് സുഹൃത്തായ ആഷിഖിനെയും ഇവര്‍ ഒപ്പം കൂട്ടുകയായിരുന്നു. കൊല നടക്കുമ്പോള്‍ ആഷിക്ക് അവിടെയുള്ളതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.

19ന് ഉച്ചയ്ക്ക് 3.09നും 3.19നും ഇടയ്ക്കാണ് രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹ ഭാഗങ്ങളുമായി പ്രതികള്‍ പുറത്തേക്കുപോയത്. അട്ടപ്പാടിയിലെത്തി ട്രോളി ബാഗുകള്‍ കൊക്കയിലിട്ടശേഷം ഷൊര്‍ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നു. സിദ്ദീഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ 18നാണ് സിദ്ദീഖിനെ കാണാതായത്. ഉടന്‍ വരാമെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നു പോയതായിരുന്നു. ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ വടകരയിലാണെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആയിരുന്നു. രണ്ടുദിവസം കഴിഞ്ഞു വിളിച്ചപ്പോഴും ഫോണ്‍ ഓഫായിരുന്നതിനാല്‍ 22ന് സിദ്ദീഖിന്റെ മകന്‍ പൊലിസില്‍ പരാതി നല്‍കി. സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പണം പിന്‍വലിച്ചിരുന്നു. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇതിനുപിന്നില്‍ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തി. ഇത് ഷിബിലി, ആഷിക്ക്, ഫര്‍ഹാന എന്നിവരിലേക്കുള്ള ചൂണ്ടുവിരലായി. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞു.

തിരൂര്‍ ഡിവൈ.എസ്.പി കെ.എം ബിജു, ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ അവസാനമായി ഉപയോഗിച്ചത് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 18ന് സിദ്ദീഖ് ഹോട്ടലില്‍ മുറിയെടുത്തതായി കണ്ടെത്തിയത്. ഹോട്ടലിലെത്തി പൊലിസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതിയടക്കം മൂന്നുപേര്‍ ഹോട്ടലില്‍ എത്തിയതായി വ്യക്തമായി. എന്നാല്‍ തിരിച്ചുപോകുമ്പോള്‍ രണ്ടുപേര്‍ മാത്രമായിരുന്നു. അവരുടെ കൈയില്‍ ട്രോളി ബാഗുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് സിദ്ദീഖിന്റെ ഹോണ്ട കാര്‍ പോയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയതായി സ്ഥിരീകരിച്ചത്.

മൃതദേഹത്തിലെ വസ്ത്രം കണ്ടാണ് കൊല്ലപ്പെട്ടത് സിദ്ദീഖാണെന്ന് ഉറപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

primary-post-mortem-report-on-tirur-hotel-owner-siddique-s-murder-caseComments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."