അബുദാബി രാജ്യാന്തര പുസ്തക മേളക്ക് തിരശ്ശീല
മന്ത്രി ശൈഖ് നഹ്‌യാന്‍ സന്ദര്‍ശനം നടത്തി
ദുബായ്: മെയ് 22 മുതല്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററി(അഡ്‌നെക്)ല്‍ നടന്നു വന്ന രാജ്യാന്തര പുസ്തക മേളയടെ 32-ാം എഡിഷന്‍ 28ന് സമാപിച്ചു.
85ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1,300ലധികം പ്രദര്‍ശകരാണ് പുസ്തക മേളയില്‍ പങ്കെടുത്തത്. 500,000ത്തിലധികം ടൈറ്റിലുകളില്‍ ഒരാഴ്ചക്കാലം നടന്ന മേളയില്‍ 2,000ത്തിലധികം സാംസ്‌കാരിക, സാഹിത്യ, കലാ പരിപാടികള്‍ അരങ്ങേറി. അഭൂതപൂര്‍വമായ സന്ദര്‍ശക പ്രവാഹമാണ് ഇത്തവണയുണ്ടായത്. പ്രദര്‍ശകരുടെയും പ്രസാധകരുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി.
യുഎഇ സഹിഷ്ണുതാ, സഹവര്‍ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ പുസ്തക മേളയിലെ പവലിയനുകളില്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തി. അറബ് ലോകത്ത് രാജ്യാന്തര തലത്തില്‍ ഇത്തരത്തിലുള്ള സുപ്രധാന സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ക്ക് ആതിഥ്യമരുളുന്നത് യുഎഇയുടെ സാംസ്‌കാരിക നിലവാരത്തെ കൂടുതല്‍ ഉയര്‍ത്തുന്നതാണെന്ന് ശൈഖ് നഹ്‌യാന്‍ അഭിപ്രായപ്പെട്ടു.
അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ അബുദാബി അറബി ഭാഷാ കേന്ദ്രമാണ് പുസ്തക മേള ഒരുക്കിയത്.
എല്ലാ പ്രായത്തിലും താല്‍പര്യങ്ങളിലുമുള്ള സന്ദര്‍ശകര്‍ക്ക് സവിശേഷമായ സാംസ്‌കാരിക, കലാ, സാഹിത്യ അനുഭവമാണ് ഈ പുസ്തക മേള പ്രദാനം ചെയ്തത്. അതോടൊപ്പം, സാംസ്‌കാരികതയുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ ഔന്നത്യത്തെയും, പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തിലും വ്യാപ്തിയിലും സുപ്രധാന നാഴികക്കല്ലായും ഈ പുസ്തകോല്‍സവം അടയാളപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."