ജമ്മു കശ്മിര്‍: സംസ്ഥാന പദവിയെന്ന വാഗ്ദാനം മാത്രം മതിയാവില്ല
കശ്മിരിലെ 370ാം വകുപ്പ് റദ്ദാക്കിയിട്ട് ഏകദേശം രണ്ടുവര്‍ഷമായശേഷം കേന്ദ്രസര്‍ക്കാര്‍ ആദ്യമായി വിളിച്ചു ചേര്‍ത്ത അവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗത്തില്‍ പ്രതീക്ഷവയ്‌ക്കേണ്ടതായി എന്തെങ്കിലുമുണ്ടോയെന്ന് ചികഞ്ഞെടുക്കേണ്ട സമയമാണ്. കശ്മിരിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി മുതല്‍ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ രൂപീകരിക്കപ്പെട്ട ജമ്മു കശ്മിര്‍ അപ്നി പാര്‍ട്ടി വരെയുള്ള പാര്‍ട്ടികളുടെ 14 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ജമ്മു കശ്മിര്‍ നേതാക്കള്‍ തുറന്ന മനസോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന കാര്യത്തില്‍ സംശയമില്ല. 2019 ഓഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും തുടര്‍ച്ചയായ അപമാനങ്ങള്‍ക്കും വിധേയരായ കശ്മിരി നേതാക്കള്‍ കേന്ദ്രവുമായി വീണ്ടുമൊരു ചര്‍ച്ചക്ക് തയാറായതുതന്നെ ചര്‍ച്ചകളോടും പ്രശ്‌നപരിഹാര നീക്കത്തോടുമുള്ള അവരുടെ സമീപനത്തിന് ഉദാഹരണമാണ്. എന്നാല്‍, കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി എടുത്തുകളഞ്ഞ നടപടി, യോഗത്തില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. രാജ്യത്തെ പ്രധാന പ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചതു പോലുമില്ല. മറ്റു പാര്‍ട്ടികള്‍ ഉന്നയിച്ചപ്പോഴാകട്ടെ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം അവര്‍ തന്നെ തീരുമാനിക്കട്ടെയെന്ന കേവലം വ്യവഹാര പ്രശ്‌നമായി 370ാം വകുപ്പിനെ ചുരുക്കിക്കൊണ്ടുവരുന്നതിലും ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഊന്നല്‍ കൊണ്ടുവരാതിരിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ വിജയിച്ചു.
നിയമസഭയുള്ള കേന്ദ്രഭരണപ്രദേശമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാര്‍ലമെന്റിലെ 2019 ഓഗസ്റ്റ് അഞ്ചിലെ വാഗ്ദാനങ്ങള്‍ക്കപ്പുറത്തേക്ക് ഈ ചര്‍ച്ചയിലെ ഉറപ്പുകള്‍ പോയിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ കാലങ്ങളിലായി കശ്മിരി ജനത നേരിട്ട മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയതു മൂലമുണ്ടായ പ്രതിസന്ധികള്‍, കൊവിഡിന് മുന്‍പുതന്നെ ലോക്ക്ഡൗണ്‍ മൂലം ടൂറിസമുള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ തകര്‍ന്നു പോയത്, വിദ്യാഭ്യാസ മേഖല സ്തംഭിച്ചു പോയത്, ജനം പട്ടിണിയിലായത്, മാധ്യമപ്രവര്‍ത്തനം അസാധ്യമായത്, പൗരന്‍മാരുടെ സ്വകാര്യത ഇല്ലാതായത്, സുരക്ഷാ സൈനികര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, സാധാരണക്കാരുടെ ജീവന് ഭീഷണിയാകും വിധം ഇപ്പോഴും ദിനംപ്രതിയെന്നോണം തുടരുന്ന ഭീകരാക്രമണങ്ങള്‍, ഇന്നും തടവില്‍ക്കഴിയുന്ന നേതാക്കള്‍, നിശ്ചലമായിപ്പോയ നീതിന്യായ സംവിധാനം, പൊതുസുരക്ഷാ നിയമപ്രകാരം ജയിലില്‍ക്കഴിയുന്ന അനവധി നേതാക്കള്‍ തുടങ്ങി കശ്മിരിലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതുമില്ല. നേതാക്കള്‍ ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചോയെന്ന കാര്യത്തില്‍ സംശയമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നുവെന്ന ഒറ്റ വാഗ്ദാനത്തിലൂടെ കശ്മിരി രാഷ്ട്രീയ നേതൃത്വത്തെ ഇക്കാര്യങ്ങളില്‍ നിശബ്ദമാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞുവെന്ന് തന്നെ കരുതണം.
കശ്മിരില്‍ എത്രയും പെട്ടെന്ന് മണ്ഡല പുനഃനിര്‍ണയം സാധ്യമാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമാണ്. ലോകരാഷ്ട്രങ്ങള്‍ കശ്മിരിനെ നിരീക്ഷിക്കുകയും അവിടുത്തെ ജനാധിപത്യരാഹിത്യത്തെക്കുറിച്ച് നിരന്തരം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. കശ്മിരിലെല്ലാം ശരിയാണെന്ന് വരണമെങ്കില്‍ പേരിനൊരു തെരഞ്ഞെടുപ്പെങ്കിലും നടക്കണം. 2020 മാര്‍ച്ചില്‍ റിട്ട.ജസ്റ്റിസ് രഞ്ജന്‍ പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മണ്ഡല പുനഃനിര്‍ണയത്തിനായി സമിതി രൂപീകരിച്ചെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിസഹകരണം മൂലം കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നില്ല. സമിതിയുടെ അഞ്ചു അസോസിയേറ്റ്‌സ് അംഗങ്ങളില്‍ മൂന്നു പേര്‍ ഫാറൂഖ് അബ്ദുല്ലയടക്കമുള്ള നാഷണല്‍ കോണ്‍ഫറന്‍സ് എം.പിമാരാണ്. ഇതുവരെ സമിതിയുടെ ഒരു യോഗത്തിലും അവര്‍ പങ്കെടുത്തിട്ടില്ല. മറ്റു രണ്ടംഗങ്ങള്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ്ങും ജമ്മുവില്‍ നിന്നുള്ള ബി.ജെ.പി എം.പി ജഗല്‍ കിഷോര്‍ ശര്‍മയുമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയോടെ മണ്ഡല പുനഃനിര്‍ണയം സാധ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ ചര്‍ച്ചയിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത്. അതിനപ്പുറത്തേക്ക് ഒരുറപ്പുകളും ലഭിക്കാതെയാണ് കശ്മിരി നേതാക്കള്‍ ശ്രീനഗറിലേക്ക് മടങ്ങിയത്.
370ാം വകുപ്പ് റദ്ദായശേഷം പ്രധാന പാര്‍ട്ടികളുടെ നേതാക്കളെല്ലാം വിട്ടുതടങ്കലിലായതിനാല്‍ കശ്മിരില്‍ ദീര്‍ഘകാലം സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. രണ്ടു വര്‍ഷത്തിലധികമായി കശ്മിരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ല. ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് 370ാം വകുപ്പ് എടുത്തുകളഞ്ഞതിനുശേഷം കശ്മിരില്‍ നടന്ന ഏക ജനാധിപത്യ പ്രക്രിയ. ഈ തെരഞ്ഞെടുപ്പില്‍ കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ എതിര്‍ക്കുന്ന, ഫാറൂഖ് അബ്ലുല്ലയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് അലയ്ന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. നിലവിലുള്ള രാഷ്ട്രീയ നേതൃത്വത്തെ അപ്രസക്തരാക്കി കശ്മിരില്‍ പുതിയ തലമുറ രാഷ്ട്രീയക്കാരെ കൊണ്ടുവരികയെന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം. അത് സാധ്യമല്ലെന്ന് കേന്ദ്രത്തിന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ രാഷ്ട്രീയക്കാരെ വിശ്വാസത്തിലെടുക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ജമ്മു കശ്മിരില്‍ ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ നടക്കണം. സംസ്ഥാനത്ത് വികസനം ഉറപ്പാക്കണം. സാമ്പത്തിക മേഖല മെച്ചപ്പെടണം. വ്യാവസായിക മേഖലയില്‍ ഉണര്‍വുണ്ടാകണം. അതോടൊപ്പം സംസ്ഥാനത്ത് സമ്പൂര്‍ണ ജനാധിപത്യം സ്ഥാപിക്കപ്പെടണം. ജനങ്ങള്‍ക്ക് നിര്‍ഭയം സംസാരിക്കാനും സമാധാനപരമായ മാര്‍ഗത്തിലൂടെ അവരുടെ പ്രതിഷേധം രേഖപ്പെടുത്താനും അവകാശമുണ്ടാകണം. അതോടൊപ്പം സംസ്ഥാനത്ത് സംഘ്പരിവാറിന്റെ അജന്‍ഡകള്‍ തോല്‍പ്പിക്കപ്പെടുകയും വേണം. സ്വാതന്ത്ര്യവും തുല്യതയും ഒരു സമൂഹത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനമാണ്. കശ്മിരികള്‍ക്ക് അത് നിഷേധിച്ച് നമ്മള്‍ മറ്റെന്ത് നല്‍കിയതു കൊണ്ടും ഒരുകാര്യവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."