തുപ്പിയതിനെച്ചൊല്ലി തര്‍ക്കം; ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് കൊല്ലപ്പെട്ടു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രന് ആണ് മരിച്ചത്.
കഴക്കൂട്ടത്ത് ഞായറാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുനചന്ദ്രന് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന് നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന് തുപ്പിയത് ചോദ്യം ചെയ്തതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്.
തര്‍ക്കത്തിനിടെ ആക്രിക്കാരന്, ഭുവനചന്ദ്രന്റെ അടിവയറ്റില്‍ ചവിട്ടുകയായിരുന്നു. അബോധാവസ്ഥയിലായ ഭുവനചന്ദ്രനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരന്റെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. ഇയാള്‍ക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."