HOME
DETAILS

ഉന്നതവിദ്യാഭ്യാസം; അസമത്വത്തിന്റെ കേരള മാതൃക

  
backup
June 26 2021 | 20:06 PM

5612202


#ഡോ. പി.വി മുഹമ്മദ് കുട്ടി

മലബാറിന്റെ പരിമിതമായ വിദ്യാഭ്യാസ അവസരങ്ങള്‍മൂലം ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലായ ഒട്ടനവധി പേര്‍ക്ക് പ്രത്യാശ നല്‍കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഉടനെ പിണറായി വിജയന്‍ നടത്തിയ, വിദ്യാഭ്യാസരംഗത്തെ പ്രാദേശിക അസന്തുലിതത്വം ഇല്ലാതാക്കുമെന്നത്. കേരളത്തിലെ പൊതുഖജനാവില്‍നിന്ന് ചെലവഴിക്കുന്ന പണം തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ തൃശൂര്‍ എത്തുമ്പോഴേക്ക് കാലിയാവുന്ന പ്രതിഭാസം വളരെ കാലമായി തുടര്‍ന്ന് പോരുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന വാസ്തവമാണ്. ഇതിനുള്ള പരിഹാരത്തിനായി വ്യത്യസ്ത കോണുകളില്‍നിന്ന് പലഘട്ടങ്ങളിലായി ആവശ്യങ്ങളുയര്‍ന്നെങ്കിലും ഇതുവരെ ഉചിതമായ നടപടിയുണ്ടായിട്ടില്ല.


സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കേരളം ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് അത്ര മെച്ചപ്പെട്ട നിലയിലല്ല. ഉന്നതവിദ്യാഭ്യാസ സര്‍വേ 2018-19 പ്രകാരം വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് 49 ശതമാനം ഗ്രോസ് എന്റോള്‍മെന്റ് അനുപാതവുമായി(ജി.ഇ.ആര്‍) തമിഴ്‌നാടാണ്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം 2030ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ജി.ഇ.ആര്‍ തമിഴ്‌നാട് ഇപ്പോള്‍ തന്നെ കൈവരിച്ചിരിക്കുന്നു എന്നര്‍ഥം. അതേസമയം, കേരളം ഇതുവരെ കൈവരിച്ചത് 37 ശതമാനം ജി.ഇ.ആര്‍ മാത്രമാണ്. തമിഴ്‌നാട്ടിലെ മാറിവന്ന സര്‍ക്കാരുകള്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചത് മാത്രമല്ല, അസൂയാവഹമായ ഈ നേട്ടത്തിന് കാരണം; വിവിധ കോളജുകളില്‍ ബി.എ മുതല്‍ പി.ജി, ഗവേഷണ കോഴ്‌സുകള്‍, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍വരെ ചെയ്യുന്നതിന് മലബാറില്‍നിന്നും തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ കൂടിയാണെന്ന് നാം മനസിലാക്കണം. മലബാറിലെ ജനസാമാന്യത്തിന് ഒരു സാധാരണ ഡിഗ്രി കോഴ്‌സ് ചെയ്യാന്‍ പോലും ഇവിടെ അവസരമില്ല. മലബാറിലെ അവസരമില്ലായ്മ തന്നെയാണ് കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് പിന്നോക്കം പോവാന്‍ കാരണമായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


മലബാറിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുമ്പോള്‍ പലരും ചരിത്രത്തെ പ്രതിയാക്കാറുണ്ട്. ചരിത്രപരമായ പല ഘടകങ്ങളും ഉണ്ടാകാമെങ്കിലും കേരളപ്പിറവിക്ക് ശേഷം മാറിവന്ന സര്‍ക്കാരുകള്‍ കാണിച്ച നീതിബോധമില്ലായ്മ തന്നെയാണ് മലബാര്‍ പിന്നോക്കം പോകുന്നതില്‍ പങ്കുവഹിച്ച ഏറ്റവും വലിയ ഘടകമെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവുന്നത്. മലബാര്‍, തിരു-കൊച്ചി മേഖലകളില്‍ ഏകദേശം തുല്യ ജനസംഖ്യയാണെങ്കിലും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉപരിപഠനത്തിനു യോഗ്യത നേടുന്നവരില്‍ പകുതിയിലധികവും പാലക്കാട് ജില്ല മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍മേഖലയില്‍ നിന്നാണെന്ന കാര്യം മുന്നില്‍വച്ചുകൊണ്ടു വേണം കണക്കുകള്‍ പരിശോധിക്കാന്‍. അതുപോലെ, പൊതുപണം ചെലവഴിക്കുന്നതില്‍ സംഭവിച്ച നീതിരാഹിത്യം മനസിലാവാന്‍ സ്വാശ്രയമേഖലയിലെ സ്ഥാപനങ്ങള്‍ പരിഗണിക്കാനും പാടില്ല. നീതിപൂര്‍വമായി പൊതുഫണ്ട് ചെലവഴിച്ചിരുന്നെങ്കില്‍ മലബാര്‍മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നതാണ്. ദുഃഖകരമെന്നു പറയട്ടെ, കേരളത്തില്‍ കുറെ കാലങ്ങളായി അരങ്ങേറിവന്ന കൊടും വിവേചനത്തിന്റെ കഥയാണ് കണക്കുകള്‍ നമ്മോട് പറയുന്നത്.


ഇന്നത്തെ കേരളം ഉണ്ടാവുന്നതിനു മുന്‍പുള്ള ചരിത്രം നമുക്ക് മറക്കാം. നിലവിലുള്ള 238 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 80 ശതമാനത്തോളം (187 എണ്ണം) കേരളപ്പിറവിക്ക് ശേഷം വന്നവയാണ്. ഇതില്‍ 111 എണ്ണവും തിരു-കൊച്ചി മേഖലയിലാണ്, അതായത് വെറും 36.5% കോളജുകള്‍ മാത്രമാണ് മലബാറിന് നല്‍കിയത്. കോഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ നടത്തുന്ന തോന്നിയ പോലുള്ള വിതരണം കാരണം, ലഭ്യമായ ഡിഗ്രി സീറ്റുകളില്‍ 31.6 ശതമാനവും പി.ജി സീറ്റുകളില്‍ 27.9 ശതമാനവും മാത്രമാണ് മലബാറിന് നല്‍കിയത്! ആറു പതിറ്റാണ്ടുകളായി തുടരുന്ന ഈ അനീതിക്കു കാരണം ഉദ്യോഗസ്ഥ ലോബിയാണോ അതല്ല, മലബാറിലെ ജനപ്രതിനിധികളുടെ കഴിവില്ലായ്മയാണോ എന്ന് പരിശോധിക്കപ്പെടണം. ഏറ്റവും ഒടുവില്‍ 2020-21 കാലത്ത് അനുവദിച്ച ഇരുനൂറില്‍ പരം കോഴ്‌സുകളില്‍ പോലും വെറും 36.8% കോഴ്‌സുകള്‍ മാത്രമാണ് മലബാറിനു നല്‍കിയത് എന്നത് വേദനയോടെ മാത്രമേ പരാമര്‍ശിക്കാന്‍ കഴിയൂ.


സാധാരണക്കാര്‍ക്ക് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ പോലെ പ്രിയപ്പെട്ടതാണ് പോളിടെക്‌നിക് കോളജുകള്‍. ചുരുങ്ങിയ ചെലവില്‍ സാങ്കേതിക വിദ്യാഭ്യാസം നേടി തൊഴില്‍ നേടാനുള്ള യുവജനങ്ങളുടെ സ്വപ്നത്തിനു നിറം നല്‍കുന്ന സ്ഥാപനങ്ങള്‍! ഇവിടെയും മലബാര്‍ ദയനീയമായ അവസ്ഥയിലാണ്. അമ്പത്തൊന്നു പോളിടെക്‌നിക്കുകളിലായി 11790 സീറ്റുകള്‍ കേരളത്തില്‍ ലഭ്യമാണെങ്കിലും അതില്‍ 35.4 ശതമാനം സീറ്റുകള്‍ മാത്രമാണ് മലബാര്‍മേഖലയില്‍ ലഭ്യമായിട്ടുള്ളത്.


കേരളത്തില്‍ 100 ഐ.ടി.ഐകളില്‍ വിവിധ ട്രേഡുകളിലായി 33,326 സീറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ 34.1 ശതമാനം സീറ്റുകള്‍ മാത്രമാണ് മലബാര്‍മേഖലയില്‍ ലഭ്യമായിട്ടുള്ളത്. 2020ല്‍ പുതുതായി അഞ്ചു ഐ.ടി.ഐകള്‍ പ്രഖ്യപിച്ചപ്പോള്‍ നാലും തിരു-കൊച്ചി മേഖലയിലാണ് അനുവദിച്ചത്. മാത്രമല്ല, ഈ അഞ്ചെണ്ണത്തില്‍ രണ്ടെണ്ണം നിലവില്‍ ഏറ്റവുമധികം ഐ.ടി.ഐ സീറ്റുകള്‍ ലഭ്യമായ കൊല്ലം ജില്ലയിലാണ്. സമത്വം പാലിക്കാതെ, ചിന്താവിഹീനമായി അധികാരികള്‍ പണം ചെലവഴിക്കുന്നു എന്നതിന് തെളിവാണിത്. ജീവിതം പച്ചപിടിപ്പിക്കാനുള്ള സാധാരണക്കാരന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നത് തന്റെ ചുറ്റുവട്ടത്തുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പോളി ടെക്‌നിക്കുകള്‍, ഐ.ടി.ഐകള്‍ എന്നിവയെ ആശ്രയിച്ചുകൊണ്ടാണ്. കേരളത്തില്‍ ദാരിദ്ര്യ നിരക്ക് ഏറ്റവും കൂടിയ മേഖലയായ മലബാര്‍ അവഗണനക്കുമേല്‍ അവഗണന ഏറ്റുവാങ്ങിയാണ് കാലം കഴിക്കുന്നത്. ഇതിന് ഒരു അവസാനം വേണം. മലബാറിലെ ജനപ്രതിനിധികള്‍ ഉണരേണ്ട സമയമാണിത്. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും ദയനീയമായ മണ്ഡലങ്ങള്‍ മിക്കതും മലബാറിലാണ്.


ജനസംഖ്യാനുപാതികമായി ഏറ്റവും കുറവ് ഡിഗ്രി സീറ്റുള്ളത് മലപ്പുറം(യോഗ്യരായ ആയിരം പേര്‍ക്ക് 78 സീറ്റ്), കാസര്‍കോട്(യോഗ്യരായ ആയിരം പേര്‍ക്ക് 83 സീറ്റ്) ജില്ലകളിലും ഏറ്റവും കൂടുതലുള്ളത് കോട്ടയം (യോഗ്യരായ ആയിരം പേര്‍ക്ക് 373 സീറ്റ്), പത്തനംതിട്ട (യോഗ്യരായ ആയിരം പേര്‍ക്ക് 334 സീറ്റ്) ജില്ലകളിലുമാണ്. പി.ജി സീറ്റ് ഏറ്റവും കുറവുള്ളത് മലപ്പുറം(19), കാസര്‍കോട്(19) ജില്ലകളിലും ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട(133), കോട്ടയം(121) ജില്ലകളിലുമാണ്. ഐ.ടി.ഐ സീറ്റുകള്‍ ഏറ്റവും കുറവുള്ളത് മലപ്പുറം(15), വയനാട്(31) ജില്ലകളിലും ഏറ്റവും കൂടുതലുള്ളത് കൊല്ലം(135), തിരുവനന്തപുരം(120) ജില്ലകളിലുമാണ്. പോളി സീറ്റുകള്‍ ഏറ്റവും കുറവുള്ളത് പാലക്കാട് (10), കോഴിക്കോട് (10) ജില്ലകളിലും ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ട (65), ഇടുക്കി (49) ജില്ലകളിലുമാണ്. ഈ വിഷയത്തില്‍ മലബാറില്‍ നിന്നുള്ള നിയമസഭാംഗങ്ങളുടെ ആത്മാര്‍ഥമായ ഇടപെടല്‍ അത്യാവശ്യമായി ഉണ്ടാവേണ്ടതാണ്. മലപ്പുറം, കാസര്‍കോട് ജില്ലകള്‍ എല്ലാ മേഖലകളിലും പിറകിലാണ് എന്നതുകൊണ്ട് അവിടങ്ങളിലെ എം.എല്‍.എമാരുടെ പ്രത്യേക ഇടപെടല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഉണ്ടാവേണ്ടതാണ്. മലബാറിലെ നിയമസഭാ മണ്ഡലങ്ങളെ പ്രത്യേകം പരിശോധിച്ചാല്‍ മാത്രമേ എം.എല്‍.എമാര്‍ ഉണര്‍ന്ന് ഇടപെടേണ്ടതിന്റെ ആവശ്യകത ബോധ്യമാവൂ. മലമ്പുഴ മണ്ഡലത്തില്‍ ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി സീറ്റ് പോലും ലഭ്യമല്ല. കുന്നമംഗലം, ഉദുമ, ബാലുശ്ശേരി, പയ്യന്നൂര്‍, താനൂര്‍, തരൂര്‍, മഞ്ചേശ്വരം, മങ്കട, പെരിന്തല്‍മണ്ണ, തവനൂര്‍, കോങ്ങാട്, തൃക്കരിപ്പൂര്‍, തലശ്ശേരി, കൊണ്ടോട്ടി, കുറ്റ്യാടി, അഴീക്കോട്, നാദാപുരം എന്നീ മണ്ഡലങ്ങളില്‍ യോഗ്യരായ ആയിരം പേര്‍ക്ക് അമ്പതില്‍ താഴെ ഡിഗ്രി സീറ്റുകള്‍ മാത്രമേയുള്ളൂ. ഇവയില്‍ മിക്ക മണ്ഡലങ്ങളിലും ഒരൊറ്റ പി.ജി സീറ്റു പോലും ലഭ്യമല്ല. യോഗ്യരായ ആയിരം പേര്‍ക്ക് ലഭ്യമായ ഡിഗ്രി, ഐ.ടി.ഐ, പോളി സീറ്റുകള്‍ മൊത്തം പരിഗണിച്ചാല്‍ മലബാറില്‍ ഏറ്റവും മോശമായ അവസ്ഥയിലുള്ള പത്ത് മണ്ഡലങ്ങള്‍ (സീറ്റ് കൂടിവരുന്ന ക്രമത്തില്‍) ബാലുശ്ശേരി, തരൂര്‍, മഞ്ചേശ്വരം, കുന്ദമംഗലം, തവനൂര്‍, കോങ്ങാട്, കൊണ്ടോട്ടി, അഴീക്കോട്, പെരിന്തല്‍മണ്ണ, താനൂര്‍ എന്നിവയാണ്.


വലിയതോതിലുള്ള അനീതിയുടെ ചിത്രമാണ് ഉന്നതവിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ കേരളം കാഴ്ചവയ്ക്കുന്നത്. ഇതിന് ഉടനെ അന്ത്യമുണ്ടാവേണ്ടതുണ്ട്. പൊതുഖജനാവിലെ പണം തോന്നിയപോലെ ചെലവഴിക്കുന്ന രീതി അവസാനിക്കണം. ജനസംഖ്യാനുപാതികമായാണ് പൊതുഫണ്ട് ചെലവഴിക്കേണ്ടത്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെ കാലമായി മലബാര്‍ അനുഭവിച്ച യാതനകള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കേണ്ടിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago