കസേരയ്ക്ക് ഭാരവും അലങ്കാരവും
എ സജീവന്‍
'ഞങ്ങള്‍ക്കു വിശ്വാസമുണ്ട്, ഞങ്ങളുടെ മകളെ കൊന്നവന് അവര്‍ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന്. സ്വന്തം മകളുടെ വേര്‍പാടു പോലെയാണ് അവര്‍ ഈ കേസ് അന്വേഷിക്കുന്നത്'. വിസ്മയ കേസ് അന്വേഷിക്കുന്ന ദക്ഷിണമേഖല ഐ.ജി അര്‍ഷിത അട്ടല്ലൂരിയെപ്പറ്റി വിസ്മയയുടെ അച്ഛന്‍ പറഞ്ഞ വാക്കുകളാണിത്. സ്വന്തം മകളുടെ വേര്‍പാടിന്റെ വേദനയ്ക്കിടയിലും ഒരു പിതാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്ന ആത്മാര്‍ഥമായ പ്രതികരണം. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരന്തരമായി അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചു പറയാന്‍ ശ്രമിച്ച യുവതിയോട് 'എന്നാല്‍ പിന്നെ, അനുഭവിച്ചോ' എന്ന് ആക്രോശിച്ച എം.സി ജോസഫൈനും അധികാരത്തിന്റെ ഹുങ്കില്‍ അശരണരോട് എന്തും വിളിച്ചു പറയുന്നവരും കാതു തുറന്നു കേള്‍ക്കേണ്ടതാണ് ആ പൊലിസ് ഉദ്യോഗസ്ഥയുടെ മാനുഷികതയെ വെളിപ്പെടുത്തുന്ന ഇരയുടെ ഉറ്റവരുടെ വാക്കുകള്‍.
അര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടുകാരോട് തട്ടിക്കയറിയില്ല, തങ്ങളുടെ മകള്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചു മാതാപിതാക്കള്‍ വിവരിക്കുമ്പോള്‍ മുഖം ചുളിക്കുകയോ അസഹിഷ്ണുത കാണിക്കുകയോ ചെയ്തില്ല, പീഡനത്തെക്കുറിച്ചു പൊലിസില്‍ നേരത്തേ പരാതിപ്പെടാത്തതിന്റെ പേരില്‍ 'എല്ലാം അനുഭവിച്ചോ' എന്നു കണ്ണില്‍ ചോരയില്ലാതെ പ്രതികരിച്ചില്ല, താനും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്ന പച്ചയായ മനുഷ്യസ്ത്രീയാണെന്നു ന്യായീകരണം നടത്തിയതുമില്ല. കാരണം, മകളുടെ വേര്‍പാടു സൃഷ്ടിച്ച തീവ്രദുഃഖത്തില്‍ കഴിയുന്ന മാതാപിതാക്കളുടെ മനസിനെ കീറി മുറിക്കുന്ന തരത്തില്‍ തന്റെ അധികാരക്കസേരയുടെ ബലത്തില്‍ പെരുമാറരുതെന്ന സാമാന്യബോധം ആ പൊലിസ് ഉദ്യോഗസ്ഥയ്ക്കുണ്ട്. സങ്കടക്കടലില്‍ കഴിയുന്ന ആ പാവങ്ങളോട് മാനുഷികതയോടെ പെരുമാറണമെന്ന് അവര്‍ക്കറിയാം. അതാണ് കസേരയുടെ മഹത്വമറിഞ്ഞ പെരുമാറ്റം. ഒരു പൊലിസ് ഓഫിസറില്‍ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകാമെങ്കില്‍ തീര്‍ച്ചയായും അതിനേക്കാള്‍ മഹത്വമാര്‍ന്ന പെരുമാറ്റമാണ് പൊതുജനം അധികാരക്കസേരയിലേറ്റിയ പൊതുപ്രവര്‍ത്തകരില്‍ നിന്നു പ്രതീക്ഷിക്കുക. കാരണം, പൊതുപ്രവര്‍ത്തകര്‍ ശമ്പളത്തിനു വേണ്ടി ജോലി ചെയ്യേണ്ടവരല്ല, അവര്‍ക്ക് സമൂഹത്തോട് വളരെയേറെ ഉത്തരവാദിത്വമുണ്ട്.
എങ്ങുനിന്നും പീഡനം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ രക്ഷയ്ക്കായി രൂപീകരിക്കപ്പെട്ട വനിതാ കമ്മിഷന്‍ പോലുള്ള മഹത്തായ മാനുഷികസ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന്, പീഡിപ്പിക്കപ്പെടുന്നവരുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ അറിയാതെ പോലും ഉണ്ടാകാന്‍ പാടില്ല. എം.സി ജോസഫൈനില്‍ നിന്ന് അതേ ഉണ്ടായിട്ടുള്ളൂ, ഒരിക്കലല്ല, പല തവണ. കവി സുഗതകുമാരിയും ജസ്റ്റിസ് ഡി. ശ്രീദേവിയും മറ്റും ഇരുന്നു മഹത്വമാക്കിയ ഇരിപ്പിടമാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയുടേത്. ഭരണകൂടം ആദരവോടെ അവരെ ആ സ്ഥാനത്തേയ്ക്ക് ക്ഷണിച്ചിരുത്തിയത് അവരുടെയുള്ളിലെ അമ്മ മനസ് തിരിച്ചറിഞ്ഞായിരുന്നു. തന്റെ മുന്നില്‍ പരാതിയുമായെത്തുന്നവര്‍ക്കു മുന്നില്‍ കേരളത്തിലെ പ്രഥമ വനിതാ കമ്മിഷന്‍ അധ്യക്ഷ എത്ര അലിവോടെയാണ് പെരുമാറിയിരുന്നതെന്ന് കേരളം കൗതുകത്തോടെ കണ്ടതാണ്. സുഗതകുമാരി ആട്ടിയിറക്കിയെന്നോ അധിക്ഷേപിച്ചെന്നോ പരാതിക്കാരികളില്‍ ആരെങ്കിലും ആരോപിച്ചതായി കേട്ടിട്ടേയില്ല. പില്‍ക്കാലത്തു വന്ന ഒരു അധ്യക്ഷയെക്കുറിച്ചും അത്തരം പരാതി ഉയര്‍ന്നില്ല.എം.സി ജോസഫൈനെക്കുറിച്ച് ആ ആരോപണമുണ്ടായി, ഒരിക്കലല്ല, പല തവണ. വിസ്മയ, അര്‍ച്ചന, സുചിത്ര തുടങ്ങി അടുത്തിടെ വിവാഹിതരായ ഒട്ടേറെ യുവതികള്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സാഹചര്യത്തിലാണ്, ഗാര്‍ഹികപീഡന ഇരകളുടെ സങ്കടം വനിതാ കമ്മിഷന്റെ ചെവിയില്‍ പതിപ്പിക്കാന്‍ ഒരു സ്വകാര്യ ചാനല്‍ പ്രത്യേക തത്സമയപരിപാടി സംഘടിപ്പിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെത്തന്നെ സങ്കടം കേള്‍ക്കാന്‍ ക്ഷണിച്ചിരുത്തി.
ഭര്‍തൃവീട്ടില്‍ നിന്നുള്ള പീഡനം ദീര്‍ഘകാലമായി അനുഭവിക്കേണ്ടി വന്ന കൊച്ചി സ്വദേശിനി തന്റെ സങ്കടം പറയാനാരംഭിച്ച നിമിഷം മുതല്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മുഖഭാവം കാണേണ്ടതായിരുന്നു. നികൃഷ്ടമായതെന്തോ കേള്‍ക്കുന്ന ഭാവത്തിലായിരുന്നു അവരുടെ മുഖം. ആ യുവതി പറയുന്നത് തനിക്കു കേള്‍ക്കാത്തതിനും താന്‍ പറയുന്നത് അവള്‍ക്കു കേള്‍ക്കാത്തതിനും പഴി അവള്‍ക്ക്. ഒടുവില്‍ ക്രൂദ്ധയായി ഒരു ചോദ്യം, 'ഇക്കാര്യം പൊലിസില്‍ പരാതിപ്പെട്ടിരുന്നോ'. ഇല്ലെന്നു പറഞ്ഞപ്പോള്‍ പെട്ടെന്നൊരു പൊട്ടിത്തെറി, 'എന്നാല്‍, പിന്നെ അനുഭവിച്ചോ'. താന്‍ സംസാരിക്കുന്നത് തത്സമയ പരിപാടിയിലാണെന്നോ ആയിരക്കണക്കിന് ജനങ്ങള്‍ അതു കണ്ടുകൊണ്ടിരിക്കുകയാണെന്നോ ഉള്ള ചിന്തയുമില്ലാതെയാണ്, അശരണ സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ നിയുക്തമായ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ ആക്രോശം. ഇക്കാര്യം മാധ്യമങ്ങളില്‍ വിവാദമായപ്പോള്‍ ജോസഫൈന്‍ പറഞ്ഞ വാക്കുകള്‍ തമാശ നിറഞ്ഞതായിരുന്നു. 'ഞങ്ങളും പച്ചയായ മനുഷ്യരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിനു വിധേയരാണ്'. അതൊക്കെ സമ്മതിക്കാം. വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കും അംഗങ്ങള്‍ക്കും വ്യക്തിപരമായ മാനസിക സമ്മര്‍ദം ഉണ്ടാകുമായിരിക്കാം. പക്ഷേ, അത് അവരുടെ വ്യക്തിപരമായ കാര്യം. ആ സമ്മര്‍ദത്തിന്റെ പേരില്‍ തങ്ങള്‍ ഇരിക്കുന്ന കസേരയുടെ മഹത്വം നഷ്ടപ്പെടുത്തുന്ന പ്രവൃത്തി അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ പീഡനമുണ്ടാകുമ്പോള്‍ വനിതാ കമ്മിഷനെയല്ല, പൊലിസിനെയാണ് സമീപിക്കേണ്ടതെന്ന നിയമപരിജ്ഞാനം ഇരകള്‍ക്കുണ്ടാകണമെന്നു ശഠിക്കാനാവില്ലല്ലോ.
തങ്ങള്‍ക്ക് ആശ്രയിക്കാവുന്ന അത്താണിയെന്ന നിലയിലാണ് അത്തരം യുവതികള്‍ വനിതാ കമ്മിഷനെ സമീപിക്കുന്നത്. അവരോട് സ്‌നേഹമസൃണമായി സംസാരിക്കാനെങ്കിലും തയാറായാല്‍ അത്രയും ആശ്വാസം. ഒരുപക്ഷേ, കടുത്ത നിരാശയില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതില്‍ നിന്നെങ്കിലും അവരെ രക്ഷിക്കാന്‍ കഴിയും.'ഞങ്ങള്‍ക്കൊരു അവകാശവുമില്ല, പൊലിസാണ് എല്ലാം ചെയ്യേണ്ടത്' എന്നു വിലപിച്ചു കാലം കഴിക്കാതെ തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു കണ്ടെത്തി അതിനൊത്തു പ്രവര്‍ത്തിക്കുകയാണ് വനിതാ കമ്മിഷന്‍ ചെയ്യേണ്ടത്. എന്തെങ്കിലും ചെയ്യുന്നോ എന്നതിലോ ചെയ്യാന്‍ കഴിയുമോ എന്നതിനേക്കാള്‍ പ്രധാനമാണ്, ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന പീഡിതരുടെ മനസിലേയ്ക്ക് ആശ്വാസവാക്കുകള്‍ പകരുന്നത്. അത്രയെങ്കിലും ചെയ്യാനാണ് വനിതാ കമ്മിഷന്‍ ശ്രമിക്കേണ്ടത്. മുന്‍മന്ത്രിയും സി.പി.എം നേതാവുമായ പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇവിടെ പ്രസക്തം. തങ്ങള്‍ക്കു മുന്നിലെത്തുന്നവരോട് മനസലിവോടെ പെരുമാറാന്‍ വനിതാ കമ്മിഷന്‍ തയാറായാല്‍ മാത്രം മതി. വനിതാ കമ്മിഷന്റെ ലക്ഷ്യമായി ആക്ടില്‍ പറയുന്ന കാര്യങ്ങളിലൊന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് അവ പരിഹരിക്കാനുള്ള നയപരമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനെ ഉപദേശിക്കണമെന്നാണ്. അതു നിറവേറ്റാന്‍ വനിതാ കമ്മിഷനു കഴിഞ്ഞിട്ടുണ്ടോ.
1961 ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ടും സ്ത്രീധനമെന്ന സമൂഹവിരുദ്ധമായ ഏര്‍പ്പാട് അതിരൂക്ഷമായി ഇവിടെ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണല്ലോ വിസ്മയയുടെയും ധന്യയുടെ അര്‍ച്ചനയുടെയും മറ്റും ദുരന്തം നമ്മെ ബോധ്യപ്പെടുത്തുന്നത്. 80 പവനും കാറും സ്ത്രീധനമായി നല്‍കിയിട്ടും അത്യാര്‍ത്തി നിലയ്ക്കാത്തവരാണ് ഒരു യുവതിയുടെ ജീവിതം തകര്‍ത്തെറിഞ്ഞത്. ആ ദുരന്തമേറ്റു വാങ്ങിയ വീട്ടില്‍ ചെന്നു സ്ത്രീധനം നല്‍കുമ്പോള്‍ വധുവിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നു പറയലല്ല അധികാരസ്ഥാനത്തിരിക്കുന്നവര്‍ ചെയ്യേണ്ടത്. ആ സാമൂഹ്യവിപത്തിനെ വേരോടെ പിഴുതെറിയാനുള്ള നടപടികള്‍ക്കു വഴിയൊരുക്കലാണ്.
എം.സി ജോസഫൈന്‍ രാജിവച്ചിട്ടും ഈ വിഷയത്തില്‍ ചര്‍വിതചര്‍വണം ചെയ്യേണ്ടതുണ്ടോ എന്നു ചോദിക്കാവുന്നവര്‍ക്കായി ഒരു മറുപടി നല്‍കട്ടെ. ഇനിയും ഇത്തരം അധികാരക്കസേരയില്‍ എത്തുന്നവര്‍ക്കായുള്ള ഓര്‍മപ്പെടുത്തലാണിത്. കസേരയുടെ മഹത്വം കുറയ്ക്കാതെ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."