കുരങ്ങു വസൂരി: അഞ്ചു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; രോഗിയെ ആശുപത്രിയിലെത്തിച്ച ഡ്രൈവറെ കണ്ടെത്താനായില്ല
തിരുവനന്തപുരം: കുരങ്ങു വസൂരി സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ അഞ്ചു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രോഗം സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ജില്ലകളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കെത്തിച്ച ടാക്‌സി ഡ്രൈവറെക്കുറിച്ച് ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇതുവരേ 16 പേരാണുള്ളത്.
അതിനിടെ കുരങ്ങുവസൂരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംഘം നല്‍കും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വളരെ അടുത്ത് സമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രമേ രോഗം പകരൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ 21 ദിവസമാണ് ഇന്‍കുബേഷന്‍ പിരീയഡ്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."