HOME
DETAILS

മാധ്യമങ്ങളില്ലാത്ത സർക്കാരിനെ ആഗ്രഹിക്കുന്ന ഭരണാധികാരികൾ

  
backup
June 11 2023 | 18:06 PM

todays-article-written-by-adv-t-asif-ali

അ‍ഡ്വ.ടി.ആസിഫ് അലി

മാധ്യമങ്ങളില്ലാത്ത സർക്കാരും സർക്കാരില്ലാത്ത മാധ്യമങ്ങളും ഇതിൽ ഏതിനെ തിരഞ്ഞെടുക്കണം എന്നു ചോദിച്ചാൽ ഒരു നിമിഷം ശങ്കിച്ചു നിൽക്കാതെ പറയും സർക്കാരില്ലാത്ത മാധ്യമങ്ങളെയാണ് ഇഷ്ടപ്പെടുക' എന്ന് പറഞ്ഞതു പ്രശസ്തനായ നയതന്ത്രജ്ഞനും അഭിഭാഷകനും അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റുമായിരുന്ന തോമസ് ജെഫേഴ്സൺ ആണ്. അതായതു സർക്കാരിന്റെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത സ്വതന്ത്രമായ മാധ്യമ വ്യവസ്ഥയുള്ള ഒരുഭരണ ക്രമം എന്നുവേണം മനസിലാക്കാൻ.


സംസ്ഥാനത്തെ ഇടതു ഭരണാധികാരികൾ ഏറ്റവും ഭയപ്പെടുന്നത് വാർത്താ മാധ്യമങ്ങളെയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സർക്കാരിന്റെയും പൊലിസിന്റെയും ഭാഗത്തുനിന്ന് ഈ അടുത്തകാലത്തുണ്ടായ ചില സംഭവ വികാസങ്ങൾ. പൊലിസ് മാധ്യമപ്രവർത്തകരെ സംഘടിതമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തങ്ങൾക്കെതിരേ ഉണ്ടാകുന്ന വിയോജനങ്ങളെ അടിച്ചമർത്താൻ പിണറായി സർക്കാർ കൊണ്ടുവന്ന പൊലിസ് നിയമഭേദഗതി ഓർഡിനൻസ് ശക്തമായ എതിർപ്പിനെ തുടർന്ന് മറ്റൊരു ഓർഡിനൻസ് വഴി പിൻവലിച്ച സംഭവം സർക്കാരും പിന്നണികളും മറന്നത് ഖേദകരമാണ്.


വിദ്യാർഥി നേതാവ് ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് നടന്ന പരീക്ഷയിൽ ഫീസ് പോലും അടക്കാതെ പരീക്ഷക്ക് ഇരിക്കാതെയും റിസൾട്ട് വന്നപ്പോൾ ജയിച്ച വിവരം റിപ്പോർട്ട് ചെയ്ത സ്വകാര്യ ചാനൽ റിപ്പോർട്ടർ, കോളജ് പ്രിൻസിപ്പൽ, കെ.എസ്.യു നേതാക്കൾ, മറ്റു കോളജ് അധികൃതർ എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് നടപടി തികച്ചും ലജ്ജാകരവും നാണിപ്പിക്കുന്നതും മാധ്യമങ്ങളെ നിശബ്ദരാക്കാൻ സർക്കാർ ചെയ്യുന്ന ഹീന കൃത്യവുമാണ്.
ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്തരം നടപടികൾ. ഭരണ കക്ഷിയിലെ ആളുകൾ ഏതു ഹീന കുറ്റകൃത്യം ചെയ്താലും പൊലിസിന്റെ പരിരക്ഷയിൽ പ്രതികളെ രക്ഷിക്കുകയും പരാതിക്കാരെയും വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്ന നടപടി, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ പൊലിസിനെ ഉപയോഗിച്ചു നിശബ്ദരാക്കുകയെന്ന ഏകാധിപത്യ ഭരണാധികളുടെ ചെയ്തികളാണ്. ഇത്തരം നടപടി വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് നാൾക്കുനാൾ വർധിച്ചു വരുന്ന വ്യാജന്മാർക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യമാണ്.

ഏതൊരു ഹീന കൃത്യം ചെയ്ത പ്രതിയും പറയുന്ന വാദമാണ് ഞാൻ സംഭവം അറിയില്ല, നിരപരാധിയാണ്, എന്റെ ശത്രുക്കൾ ഗൂഢാലോചന ചെയ്തു, എനിക്കെതിരേ കള്ളക്കേസ് കെട്ടിച്ചമച്ചതാണെന്ന്. പ്രതി തൻ്റെ നിരപരാധിത്വം തെളിയിക്കേണ്ടത് വിചാരണയിൽ കൂടിയാണ്. അല്ലാതെ പൊലിസിനെ കൊണ്ട് സർക്കാരിലെ സ്വാധീനം ഉപയോഗപ്പെടുത്തി പരാതിക്കാർക്കും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കും എതിരേ കള്ളക്കേസ് രജിസ്റ്റർ ചെയ്തു കൊണ്ടല്ല.
പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും മാർക്ക് കേസിൽ ഗുണഭോക്താവായി നിൽക്കുന്ന വിദ്വാൻ ഗാലറിയിൽ നിന്ന് കളി കണ്ടു രസിക്കുകയും ചെയ്യുന്നു.

ഇനി നാളെ കൊലപാതകം, വ്യാജ രേഖ നിർമിക്കൽ, ബാങ്ക് തട്ടിപ്പ്, കള്ളനോട്ട് നിർമാണം തുടങ്ങിയ കേസുകളിൽ പ്രതികളാകുന്ന വരെല്ലാം ഇതുപോലെ ഒരു വാദം പൊലിസിന് മുമ്പിൽ ഉന്നയിച്ചാൽ അതായതു ഞങ്ങൾ നിരപരാധികളാണ്, ഉന്നത വ്യക്തികളാണ്, ചിലർ ഗൂഢാലോചന നടത്തി കള്ളക്കേസിൽ കുടുക്കി, മാനഹാനിയുണ്ടായി എന്നുപറഞ്ഞ ഉടനെ പൊലിസ് ഒന്നും ചിന്തിക്കുക പോലുമില്ലാതെ ഉടനെ പ്രതികൾ അല്ലെങ്കിൽ സംശയാലു പറയുന്ന മൊഴി അപ്പടി വിശ്വസിച്ചു കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന അല്ലെങ്കിൽ പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകർക്കെതിരേ കേസെടുക്കുന്ന സ്ഥിതിവിശേഷം അതീവ ഗുരുതര സാമൂഹ്യപ്രശ്നങ്ങൾക്ക് കാരണമാകും. സർക്കാർ പൊലിസിനോട് കുനിയാൻ പറഞ്ഞാൽ പൊലിസ് ഭരണാധികാരികൾക്കു വേണ്ടി ഇഴയുകയാണ് ചെയ്യുന്നതെന്ന് തോന്നുന്ന നടപടിയാണ് പൊലിസിന്റേതെന്നു പറയേണ്ടിവരും.


നമ്മുടെ ഉന്നത വിദ്യാഭാസ രംഗം വ്യാജന്മാരെ തിരുകിക്കയറ്റി അതിലെ സത്യസന്ധതയും പവിത്രതയും നശിപ്പിച്ച നടപടിയാണ് മഹാരാജാസ് കോളജിലെ പരീക്ഷക്ക് ഇരിക്കാതെ ഒരു വിദ്വാൻ ജയിച്ചതായി പുറത്തുവന്ന സംഭവം. ഇങ്ങനെ വ്യാജ രേഖയിൽ പരീക്ഷക്കിരിക്കാത്ത വിദ്യാർഥിയെ ജയിപ്പിച്ചതായി രേഖ ഉണ്ടാക്കേണ്ട ആവശ്യം കോളജ് പ്രിൻസിപ്പലിനും മറ്റു അധികൃതർക്കും എന്താണ് കാര്യം. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ സ്വാധീനത്തിനനുസരിച്ചു നിയമിക്കപ്പെട്ട പ്രിൻസിപ്പലിനെ കൊണ്ടു ഇതുപോലൊരു കൃത്യം ചെയ്യിപ്പിക്കാൻ എങ്ങനെ പ്രതിപക്ഷത്തെ വിദ്യാർഥി സംഘടനാ നേതാവിനും സംസ്ഥാനത്തെ ദൃശ്യ മാധ്യമ പ്രവർത്തകർക്കും കഴിയും? അവർക്കു അതിൻ്റെ ആവശ്യം എന്താണ്. തികച്ചും അപരിചിതരായവർ ഒരിക്കലും കൂടി യോജിക്കുവാനോ ഒരുമിച്ചു പ്രവർത്തിക്കുവാനോ കഴിയാത്തവർ എങ്ങനെ കുറ്റകരമായ ഗൂഢാലോചന ചെയ്തു.

അതും ഒരു കുറ്റകൃത്യം ചെയ്തു ജയിലിൽ കഴിയുന്ന വ്യക്തിയുടെ ഖ്യാതിക്ക്‌ ഹാനി വരുത്താൻ, എന്തൊരു കണ്ടുപിടുത്തം ? ഈ അപരിചിതർ ഒരു സർക്കാർ കലാലയത്തിനകത്തെ പരമ രഹസ്യമായി സൂക്ഷിക്കുന്ന രേഖകളിൽ കൃത്രിമം വരുത്തി ടെക്നോളജിയിൽ കൂടി അപകീർത്തിവരുത്തി. ആര് വിശ്വസിക്കും ഇത്തരം നുണക്കഥകൾ? ഇതെല്ലാം ഏതു പ്രതിയെ രക്ഷിക്കാൻ സൃഷ്ടിക്കുന്ന കഥകളാണെന്നു ആർക്കാണറിയാത്തത്. പൊലിസിന്റെ പ്രഥമ വിവര റിപ്പോർട്ടിലെ കഥ സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും വിശ്വസിക്കാൻ കഴിയില്ലെന്ന് അവർക്കു തന്നെ അറിയാം. മാത്രമല്ല നിയമപരമായി ഒരിക്കലും നിലനിൽക്കുകയുമില്ലെന്നു ആർക്കും വ്യക്തമാകുന്ന കാര്യവുമാണ്.

ഇത്തരം ചോദ്യങ്ങൾക്കു മറുപടി പറയാൻ പൊലിസിനും സാധിക്കുകയില്ല. പൊലിസിന്റെ ഇത്തരം ജനവിരുദ്ധ നടപടി സാധാരണക്കാരന്റെ സാമാന്യ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. നാളെ സംസ്ഥാനത്തു ഒരു കുറ്റകൃത്യം നടന്നാൽ പൊലിസ് പ്രതിയുടെ മൊഴിയാണ് വിശ്വസത്തിലെടുക്കുകയെന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അടിസ്ഥാന തത്വം തന്നെ അവർ വിസ്മരിച്ചുവന്നല്ലേ സൂചിപ്പിക്കുന്നത്.
ഇനി മഹാരാജാസ് കോളജിലെ പരീക്ഷാ തട്ടിപ്പു പുറത്തുവന്നില്ലെങ്കിൽ ജയിച്ചവൻ പി.എച്ച്.ഡിയും വാങ്ങി വലിയ ശമ്പളം കിട്ടുന്ന ഉന്നതമായ ജോലി ശരിയാക്കി വിലസുമായിരുന്നു. ഈ തട്ടിപ്പു പുറത്തുകൊണ്ടു വന്ന്, വിവരം മാധ്യമങ്ങളിൽ കൂടി ലോകത്തോട് അറിയിച്ചതാണോ കുറ്റം. എങ്കിൽ സംസ്ഥാനത്തെ എല്ലാ മലയാളം- ഇംഗ്ലീഷ് അച്ചടി ദൃശ്യ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എങ്കിൽ അവർക്കെതിരെ കേസ് എടുക്കേണ്ടതല്ലേ.

എന്തിനു ഒരു ചാനൽ റിപ്പോർട്ടറെ മാത്രം തിരഞ്ഞു പിടിച്ചു കേസെടുത്തു. ഇനി ചുമത്തിയ കുറ്റം അത് വളരെ വിചിത്രമാണ്. ഇന്ത്യൻ പീനൽ കോഡിലെ 465 (വ്യാജരേഖ ഉണ്ടാക്കൽ), 469 (ഖ്യാതിക്ക്‌ ഹാനി വരുത്താൻ വ്യാജരേഖ സൃഷ്ടിക്കുക), 500 (അപകീർത്തിപ്പെടുത്തൽ), 120B (കുറ്റകരമായ ഗൂഢാലോചന), കേരള പൊലിസ് നിയമത്തിലെ 120 (O)( ആശയവിനിമയത്തിൽ കൂടി ആർക്കെങ്കിലും ശല്യം ചെയ്യുന്നതോ അനിഷ്ടമായതോ ഉപദ്രവം ചെയ്യുന്നതോ ആയ സന്ദേശം അയക്കുക) എന്നിങ്ങനെ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.


പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ചുമത്തിയിരിക്കുന്ന ഒരു കുറ്റവും ആരോപിക്കുന്നതുപോലെ നിയമപരമായി നിലനിൽക്കില്ല. ഒരു വിദ്യാർഥി നേതാവിന്റെ പരീക്ഷാ ഫലം തെറ്റായി തയാറാക്കി പ്രസിദ്ധീകരിക്കേണ്ട ആവശ്യം പ്രതിപ്പട്ടികയിൽ പേര് കാണിച്ച ആർക്കും ഉണ്ടാകേണ്ടതില്ല. അതിനവർ മുതിരേണ്ട കാര്യവുമില്ലയെന്നത് എല്ലാവർക്കും അറിയാം. ഒരു പ്രതിയെ സഹായിക്കാൻ വേണ്ടി അല്ലെങ്കിൽ ആ പ്രതിക്കു വേണ്ടി പ്രതിരോധം സൃഷ്ടിക്കുകയല്ലേ പൊലിസ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതാണോ പൊലിസിന്റെ ചുമതല. ഇനി മറ്റൊരു പ്രതി മഹാരാജാസ് കോളജിന്റെ വ്യാജ പരിചയ സാക്ഷ്യപത്രം ഉണ്ടാക്കി പല സ്ഥാപനങ്ങളിലും ജോലി സംബന്ധിച്ചു ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. പൊലിസിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ല. എത്ര വിചിത്രമാണിത്!


വ്യാജ ബിരുദം എന്നത് അതീവ ഗുരുതരമായ പ്രശ്നമാണ്. വളരെ യോഗ്യരായ മിടുക്കരായ ലക്ഷക്കണക്കിന് പേർ ബിരുദവും ബിരുദാന്തര ബിരുദവും ഡോക്ടറേറ്ററും നേടി ജോലിക്കു വേണ്ടി പരക്കം പായുമ്പോൾ വ്യാജന്മാർ പിൻവാതിൽ കൂടി ബിരുദം തട്ടിയെടുക്കുന്ന ഗുരുതരമായ കുറ്റകൃത്യത്തെ കൺമുമ്പിൽ വച്ച് കണ്ടിട്ടും നിയമപാലകർ ഇരുട്ടിൽ തപ്പുന്നത് നാണക്കേട് തന്നെയാണ്. എൻട്രൻസ് പരീക്ഷയിൽ ആളുമാറി പരീക്ഷയെഴുതി വ്യാജ ബിരുദം നേടി ആശുപത്രികളിൽ അനർഹർ ശസ്ത്രക്രിയ നടത്തിയ സംഭവമാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി. മഹാരാജാസ് കോളജ് സംഭവം നിസ്സാരവൽകരിച്ചു യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുക വഴി വ്യാജ ബിരുദം സമ്പാദിക്കാൻ ശ്രമിച്ചവരെ പരിരക്ഷിക്കുന്ന അപകടകരമായ വെല്ലുവിളിയാണ് ഭരണകക്ഷിയും സർക്കാരും ഉയർത്തുന്നത്. ഭരണകക്ഷിയായ സി.പി.എം സെക്രട്ടറി ഗോവിന്ദൻ വ്യാജന്മാരെ വാനോളം വെള്ളപൂശുന്നു. നിങ്ങൾക്ക് എന്തു ഹീന കുറ്റകൃത്യവും ചെയ്യാം പക്ഷെ നിങ്ങൾ ഭരണ കക്ഷിയിൽ ഉണ്ടായിരിക്കണം എന്നുമതി. എവിടെയാണ് നമ്മുടെ നിയമവാഴ്ച.


മാധ്യമങ്ങൾ ചെയ്യുന്ന പവിത്രമായൊരു ദൗത്യത്തെ ഇതുപോലുള്ള കള്ളക്കേസുകൾ കൊണ്ടൊന്നും നിർജീവമാക്കാൻ കഴിയില്ല. ഇന്ത്യൻ പ്രസ് എന്നത് ലോകത്തിലെ ഏറ്റവും ശക്തവും കരുത്തുള്ളതും ആർജവമുള്ളതുമായ ജനാധിപത്യത്തിന്റെ ശക്തമായ ഇരുമ്പു തൂണാണ്. ഏകാധിപതികളായ ഭരണാധികാരികൾ ഭയപ്പെടുന്ന രണ്ടു ശക്തികളിൽ ഒന്നാണ് മാധ്യമശക്തി. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. കർണാടകയിൽ മോദിയും കേന്ദ്ര -സംസ്ഥാന സർക്കാരുകളും കോടികൾ ഇറക്കിയിട്ടും സർവ പ്രലോഭനങ്ങൾ ഉയർത്തിയിട്ടും ജയിച്ചത് ജനങ്ങളാണ്.

(മുൻ കേരള ഡയരക്ടർ ജനറൽ ഓഫ്
പ്രോസിക്യൂഷനാണ് ലേഖകൻ)

Content Highlights: Todays article written by adv.t.asif ali


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago