ഭോപാലില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം; തീ കൊളുത്തിയതെന്ന് പ്രതിപക്ഷം
ഭോപാലില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം; തീ കൊളുത്തിയതെന്ന് പ്രതിപക്ഷം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. സത്പുര ഭവനാണ് തീപിടിച്ചത്. വ്യോമ സേനയുടേയും സൈനികരുടേയും പ്രദേശിക ഭരണകൂടത്തിന്റേയും 15 മണിക്കൂര്‍ നീണ്ട നിരന്തര പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ പറഞ്ഞു. എന്നാലും പലയിടങ്ങളിലും ശക്തമായ പുകയുയരുന്നുണ്ട്. വീണ്ടും തീപിടിക്കാനുള്ള സാധ്യതകളും അധികൃതര്‍ തള്ളിക്കളയുന്നില്ല.
അഗ്‌നി ശമനസേനകള്‍ക്ക് തീയണക്കാന്‍ സാധിക്കാതായതോടെ മുഖ്യമന്ത്രി ശിവ് രാജ്‌സിങ് ചൗഹാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. തീയണക്കാന്‍ വ്യോമസേനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭയന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ വിളിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനം തീയണക്കാനായി ഭോപ്പാലിലേക്ക് എത്തി.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സത്പുര ഭവന് തീപിടിച്ചത്. യഥാസമയം കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനായതിനാല്‍ ആര്‍ക്കും പരിക്കില്ല. ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റീജിയണല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം നിലയില്‍ നിന്ന് മുകളിലെ നാലു നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
തീ എയര്‍ കണ്ടീഷണറുകളിലേക്കും ഗ്യാസ് സിലിണ്ടറുകളിലേക്കും പടരുകയും കെട്ടിടത്തില്‍ നിന്ന് പല തവണ സ്‌ഫോടനങ്ങളുണ്ടാവുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റേത് ഉള്‍പ്പെടെ നിരവധി ഓഫിസുകളിലെ ഫയലുകള്‍ കത്തി നശിച്ചു കഴിഞ്ഞു. ആദിവാസി ക്ഷേമ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയാണ് തീപിടിത്തമുണ്ടായ നിലകളില്‍ പ്രവര്‍ത്തിക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് പ്രിന്‍സിംല സെക്രട്ടറി, അശ്‌നിശമന വസുപ്പ് എ.ഡി.ജി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയും രൂപീകരിച്ചു. അതേസമയം, പ്രതിപക്ഷം, തീപിടിത്തത്തില്‍ സംശയമുന്നയിച്ചു. തീപിടിച്ചതാണോ തീ കൊളുത്തിയതാണോ എന്ന സംശയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരോഗ്യ വകുപ്പിലുള്‍പ്പെടെയുള്ള അഴിമതികള്‍ മറക്കാന്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീപിടിത്തമാണെന്നാണ് പ്രതിപക്ഷ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."