ചെക്ക് ഇൻ ചെയ്യാൻ വിമാനത്താവളത്തിൽ പോകേണ്ട; ഷാർജയിലും എയർ അറേബ്യയുടെ സിറ്റി ചെക്ക് ഇൻ സംവിധാനം
ഷാർജയിലും എയർ അറേബ്യയുടെ സിറ്റി ചെക്ക് ഇൻ സംവിധാനം
ഷാർജ: വിമാനത്താവളത്തിലെ ചെക്ക് ഇൻ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള സിറ്റി ചെക്ക് ഇൻ സംവിധാനം വിപുലപ്പെടുത്തി എയർ അറേബ്യ. ഷാർജയിലാണ് ഏറ്റവും പുതിയതായി ചെക്ക് ഇൻ സംവിധാനം എയർ അറേബ്യ ആരംഭിച്ചത്. ദുബായിലും അബുദാബിയിലും സിറ്റി ചെക്ക് ഇൻ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാർജയിലും പദ്ധതി വരുന്നത്.
ഷാർജയിലെ അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്‌ലയിലാണ് പുതിയ സൗകര്യം എയർ അറേബ്യ ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ രാത്രി 10 വരെ ഇവിടുത്തെ സേവനം ഉപയോഗിക്കാം. യാത്രക്കാർക്ക് ഇവിടെനിന്ന് ബോർഡിങ് പാസുകൾ വാങ്ങാം. ഇതോടൊപ്പം ലഗേജുകൾ ഇവിടെ നൽകി യാത്രയും സമയവും ലാഭിക്കാം.
ചെക്ക് ഇൻ കേന്ദ്രങ്ങളിൽ എത്തി ബോർഡിങ് പാസ് എടുത്താൽ പിന്നെ യാത്രയുടെ ഒരു മണിക്കൂർ മുൻപ് മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. ഇതുവഴി സമയം ലാഭിക്കുന്നതിനൊപ്പം വിമാനത്താവളത്തിലെ നീണ്ടു വരിയും ഒഴിവാക്കാൻ കഴിയും. സിറ്റി ചെക്ക് ഇൻ ചെയ്തവർ നേരെ വിമാനത്തിന്റെ സുരക്ഷാ പരിശോധനയിലേക്കാണ് പോകേണ്ടത്.
യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം. ഷാർജയിൽ നിന്നു പുറപ്പെടുന്നവർക്ക് ഷാർജ, റാസൽഖൈമ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലെ സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങളിൽ എവിടെ നിന്നു വേണമെങ്കിലും ബോർഡിങ് പാസ് വാങ്ങാം.
വിമാനത്താവളത്തിലെ ചെക്ക് ഇന്നിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സിറ്റി ചെക്ക് ഇന്നിൽ ലഭിക്കും. അധിക ബാഗേജ് ആവശ്യമായവർക്ക് പണം നൽകി വാങ്ങാവുന്നതാണ്. യാത്രാസമയം ലാഭിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. വലിയ ലഗേജുകളുമായി ഏറെ ദൂരം സഞ്ചരിക്കണമെന്ന ബാധ്യതയും ഒഴിവായിക്കിട്ടും. ബാഗേജുകൾ സിറ്റി ചെക്ക് ഇൻ കൗണ്ടറിൽ നൽകിയാൽ പൊതുഗതാഗത ആശ്രയിച്ച് പോലും കൈവീശി വിമാനത്താവളത്തിലേക്ക് എത്താൻ സാധിക്കും. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്നതാണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."