ഓർമകളെപ്പോലും ഭയക്കുന്ന ഭീരുക്കൾ
നവാസ് പൂനൂർ
കൊളോണിയൽ അടിമത്തത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനേക്കാൾ ദുഷ്കരമായിരുന്നു അടിമുടി തകർന്നു തരിപ്പണമായ രാജ്യത്തെ പുനർനിർമിക്കൽ. ഭാവനാപൂർണമായ രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഏകനായിരുന്നു. ഈ മഹാ ദൗത്യത്തിൽ കൂട്ടാവേണ്ടിയിരുന്ന ദേശീയപ്രസ്ഥാനത്തിലെ രണ്ട് വൻമരങ്ങളായ മഹാത്മജിയും സർദാർ പട്ടേലും വിട്ടുപിരിഞ്ഞത് അദ്ദേഹത്തിൻ്റെ പാത ഏറെ ദുർഘടമാക്കി. നെഹ്റുവിന്റേയും സഹയാത്രികരുടേയും പ്രയാണത്തിലെ ഓരോ ഏടും കോരിത്തരിപ്പിക്കുന്നതാണ്. വരുംതലമുറകൾക്കും കണ്ണും മനസും നിറയ്ക്കാവുന്ന മഹാത്ഭുതത്തിന്റെ പേരാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു.
പേരുമാറ്റ ശസ്ത്രക്രിയയിലൂടെ ഇന്ത്യൻ ചരിത്രം മാറ്റിയെഴുതാമെന്ന് വ്യാമോഹിക്കുന്നവരാണല്ലോ കഴിഞ്ഞ ഒമ്പതുവർഷമായി രാജ്യം ഭരിക്കുന്നത്. തീൻമൂർത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരും മാറ്റി. ഇനി മുതൽ പ്രധാനമന്ത്രിമാരുടെ മ്യൂസിയം എന്നാണ് അറിയപ്പെടുക. ഇവിടെ മറ്റ് പ്രധാനമന്ത്രിമാരുടേയും സംഭാവനകൾ പ്രദർശിപ്പിക്കുന്നു എന്ന വിശദീകരണമാണ് മോദി ചെയർമാനായ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി നൽകുന്നത്. ചരിത്രത്തിന്റെ ഭാഗമല്ലാത്തവർ ചരിത്രം തിരുത്താൻ ശ്രമിക്കുകയാണ്. പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ആധുനിക ഇന്ത്യയുടെ ശിൽപ്പി പണ്ഡിറ്റ്ജി ജീവിക്കുന്നത് മതേതര ഇന്ത്യയുടെ മനസിലാണ്.
അത് മായ്ക്കാൻ സംഘ്പരിവാർ ശക്തികൾക്ക് കഴിയില്ല. ഒന്നോർക്കുക, സൂര്യനെ മറയ്ക്കാൻ കാർമേഘത്തിന് കഴിഞ്ഞേക്കും, പക്ഷേ ഇല്ലാതാക്കാനാവില്ല.
ഞാൻ മാത്രമാണ് ശരിയെന്ന് നെഹ്റു ഒരിക്കലും കരുതിയില്ല. മാത്രമല്ല, എന്നും മറ്റുള്ളവരിലെ ശരി കണ്ടെത്താൻ ഉത്സുകനായിരുന്നു അദ്ദേഹം. ഈ ഗുണമാവണം ലോകം ദർശിച്ച വലിയ ജനാധിപത്യവാദിയായി പണ്ഡിറ്റ്ജിയെ മറ്റിയത്. ഡോ. ബി.സി റോയ് പറഞ്ഞത് എത്ര ശരിയാണ്! ജവഹർലാലിനെ എതിർത്ത് സംസാരിക്കുന്നവർ മിക്കവരും അദ്ദേഹത്തെ കണ്ടുകഴിഞ്ഞാൽ നിലപാട് മാറ്റും. സംസാരിച്ചു കഴിഞ്ഞാൽ അവർ അദ്ദേഹവുമായി യോജിക്കും. തന്റെ നിലപാടുകൾ മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുന്ന പോലെ തന്നെ അവരുടെ നിലപാടുകൾ സ്വയം മനസ്സിലാക്കാനും ശ്രമിക്കും. ഈ സൗമനസ്യമാണ് അദ്ദേഹത്തിന്റെ വലിയ മഹത്വം.
1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ നടന്ന ഔദ്യോഗിക അധികാര കൈമാറ്റച്ചടങ്ങ് സുചേതാ കൃപലാനി 'വന്ദേമാതരം' ആലപിച്ചതോടെയാണ് ആരംഭിച്ചത്. ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായി. അദ്ദേഹം ഇംഗ്ലീഷിൽ പ്രസംഗിച്ചില്ല എന്നതും ശ്രദ്ധേയമായി. ഹിന്ദിയും ഉർദുവും കൂടിച്ചേർന്ന ഹിന്ദുസ്ഥാനിയിലായിരുന്നു പ്രസംഗം. ഇന്ത്യയുടെ മഹത്തായ അഹിംസാ പാരമ്പര്യത്തെക്കുറിച്ചും ബഹുസ്വര സംസ്കാരത്തെക്കുറിച്ചും രാജേന്ദ്രപ്രസാദ് വാചാലനായി. ഭൂരിപക്ഷ -ന്യൂനപക്ഷ സംസ്കാരങ്ങളും അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിക്കാൻ അദ്ദേഹം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ ക്ഷണിച്ചു. വളരെ മനോഹരമായി ഹിന്ദുസ്ഥാനിയിൽ സംസാരിച്ച നെഹ്റു 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന് തുടങ്ങുന്ന സ്വാതന്ത്ര്യ പ്രമേയം ഇംഗ്ലീഷിലാണ് വായിച്ചത്. പ്രസംഗത്തിന്റെ സംക്ഷിപ്ത പരിഭാഷയായിരുന്നു പ്രമേയം. നെഹ്റുവിന്റെ ഉജ്ജ്വല ഇംഗ്ലീഷ് പ്രമേയാവതരണം ലോക പ്രശസ്തമായി, ഇത് വൈറൽ ആയതോടെ നേരത്തെ നടത്തിയ ലളിത സുന്ദരമായ ഹിന്ദുസ്ഥാനി പ്രസംഗം വിസ്മരിക്കപ്പെട്ടു.
പ്രമേയത്തിന്റെ ഉള്ളടക്കവും പൂർണമായും ഭാരതീയമായിരുന്നെങ്കിലും സ്വാതന്ത്ര്യ മുഹൂർത്തത്തിൽ പോലും കൊളോണിയൽ ഭാഷയിൽ പ്രസംഗിച്ച പൈതൃക നിഷേധിയായി ചിലർ പിന്നീട് വിമർശിച്ചതും മറക്കാനാവില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ പണ്ഡിറ്റ്ജി പൂജ്യത്തിൽ നിന്നാണ് ഇന്ത്യ മാറ്റിയെടുത്തത്. അതെ, ശൂന്യതയിൽനിന്ന് രാഷ്ട്രം കെട്ടിപ്പടുത്ത ചരിത്രം തുറന്ന പുസ്തകംപോലെ ലോകത്തിന് മുമ്പിലുണ്ട്. ബ്രിട്ടിഷ് സാമ്രാജ്യം ചവച്ചരച്ച് തുപ്പിയ, ചവിട്ടിമെതിച്ച് സംഹാര താണ്ഡവമാടിയ രാജ്യത്തെ അഭിമാനപൂർവം പടുത്തുയർത്തുകയായിരുന്നു ചാച്ചാജി.
ബ്രിട്ടിഷുകാർ ഉപേക്ഷിച്ച മാലിന്യ ശേഖരമല്ലാതെ മറ്റൊന്നും ഇവിടെ അവശേഷിച്ചിരുന്നില്ല. മൊട്ടുസൂചിപോലും ഉൽപ്പാദിപ്പിക്കാനുള്ള വിഭവങ്ങൾ ഉണ്ടായിരുന്നില്ല. ഇരുപത് ഗ്രാമങ്ങളിൽ മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്. 20 രാജാക്കന്മാർക്ക് മാത്രമേ ടെലിഫോൺ സൗകര്യമുണ്ടായിരുന്നുള്ളൂ. പത്ത് ചെറിയ അണക്കെട്ടുകളേ ഉണ്ടായിരുന്നുള്ളൂ. കുടിവെള്ള വിതരണമെന്ന ഏർപ്പാടേ ഉണ്ടായിരുന്നില്ല. ആശുപത്രികളില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, കൃഷി ചെയ്യാൻ വെള്ളമില്ല, വളമില്ല. രാജ്യത്തുടനീളം പട്ടിണിയായിരുന്നു. അത്യാവശ്യത്തിന് പോലും ഭക്ഷണമില്ല. ശിശുമരണങ്ങൾ ധാരാളമുണ്ടായി. രാജ്യത്തിന്റെ നാല് അതിർത്തികളും തുറന്നുകിടന്നു, അതിർത്തികളിൽ സൈനികർ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ. 4 വിമാനങ്ങൾ, 20 ടാങ്കുകൾ, പൂർണമായും കാലിയായ ഖജനാവ്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് നെഹ്റു അധികാരമേൽക്കുന്നത്. ശൂന്യതയിൽ നിന്ന് ഒന്നര വ്യാഴവട്ടം കൊണ്ട് ഒരു രാഷ്ട്രം പടുത്തുയർത്തുകയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.
മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം നവഭാരതം കെട്ടിപ്പടുത്തത്. പാർലമെന്ററി ജനാധിപത്യം ഇന്ത്യയിൽ ഉറപ്പിക്കുക, ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമാക്കുക, സാമ്പത്തിക സമത്വവും ജീവിത സൗകര്യങ്ങളും മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാക്കുന്ന സാമുദായിക വ്യവസ്ഥ(സോഷ്യലിസം) ഇന്ത്യയിൽ സ്ഥാപിക്കുക. ഈ ലക്ഷ്യങ്ങളിൽ ആദ്യത്തെ രണ്ട് കാര്യങ്ങളും ജവഹർലാൽ നെഹ്റു അദ്ദേഹത്തിന്റെ കാലത്തുതന്നെ കൈവരിച്ചു. സോഷ്യലിസത്തിനുള്ള അസ്തിവാരമിടുകയും ചെയ്തു. പഞ്ചവത്സര പദ്ധതിയിലൂടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് അത് നടപ്പാക്കിയത്.
ജവഹർലാലിന്റ വാക്കുകൾ ഇങ്ങനെ: 'പണക്കാരുടെ ധൂർത്തും ചെലവും പാവങ്ങളുടെ കഠിന ദാരിദ്ര്യവും ഒരുപോലെ നിന്ദ്യവും ലജ്ജാവഹവുമാണ്. ഇവ രണ്ടും അവസാനിപ്പിച്ചേ തീരൂ. കഴിഞ്ഞ അരനൂറ്റാണ്ടായി ഞാനൊരു സോഷ്യലിസ്റ്റാണ്. അത് തെറ്റാണെന്ന് ആരെങ്കിലും ബോധ്യപ്പടുത്തുന്നതുവരെ ഞാനതിൽ ഉറച്ച് നിൽക്കുകയും ചെയ്യും'. പ്രധാനമന്ത്രിയായി ചുരുങ്ങിയ കാലത്തിനകം തന്നെ ഇന്ത്യയുടെ പദവിയും പെരുമയും സാമ്പത്തിക ഭദ്രതയും ഉയർത്തുവാനും ഉറപ്പിക്കുവാനും നെഹ്റുവിന് കഴിഞ്ഞു. ജനക്കൂട്ടം എന്നും പണ്ഡിറ്റ്ജിക്ക് ആഹ്ലാദവും ആവേശവും നൽകി. ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള മതിപ്പും ആവേശവും സ്നേഹവും പറഞ്ഞറിയിക്കാനാവില്ല.
നെഹ്റുവിൻ്റെ ഒാർമകളെപ്പോലും ഭയത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. അതിനാലാണ് അദ്ദേഹത്തിൻ്റെ സ്മരണകളുള്ള ഇടങ്ങളെല്ലാം മായ്ച്ചുകളയുന്നത്. സ്വാതന്ത്ര്യസമര പോരാളികളെ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റുന്ന പ്രക്രിയ ഒരുഭാഗത്തു തുടരുമ്പോഴാണ് ഇന്ത്യയെ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും വഴിനടത്തിയവരുടെ ഒാർമകൾ ഇല്ലാതാക്കുന്നത്. ഹിന്ദുത്വരാഷ്ട്രവും നെഹ്റു ഉൾപ്പെടെയുള്ള മതേതരത്വ സംരക്ഷികരും ഒരുമിക്കരുതെന്ന് സംഘ്പരിവാറിന് തീർച്ചയുണ്ട്. ഒാർമകൾപോലും ഹിന്ദുത്വരാഷ്ട്രവാദികളെ വേട്ടയാടും.
Content Highlights:Today's Article About Nehru
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."