കുതിച്ചുയർന്ന് പച്ചക്കറി വില; മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ, തക്കാളി വില ഉടൻ കുറയുമെന്ന് കേന്ദ്രം
കുതിച്ചുയർന്ന് പച്ചക്കറി വില; മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ, തക്കാളി വില ഉടൻ കുറയുമെന്ന് കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലകുറക്കാൻ ഇടപെട്ട് ഹോർട്ടികോർപ്പ്. മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ 23 പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും. വിലക്കുറവിൽ ജൈവ പച്ചക്കറി വീടുകളിൽ എത്തിക്കാനാണ് തീരുമാനം. എന്നാൽ 23 പച്ചക്കറി വണ്ടികൾ കൊണ്ട് സംസ്ഥാനം മുഴുവൻ എത്തില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. പൊതു വിപണിയേക്കാൾ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടുമെന്നാണ് വിവരം. ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളില്ലാത്ത സ്ഥലങ്ങൾക്ക് വാഹനങ്ങൾ എത്താൻ മുൻഗണന നൽകും.
അതേസമയം, തക്കാളി വില 15 ദിവസത്തിനകം കുറഞ്ഞുതുടങ്ങുമെന്ന് കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാർ സിങ്. ഒരു മാസത്തോടെ പഴയ നിലയിലെത്തും. എല്ലാ വർഷവും ജൂണിൽ തക്കാളി വില ഉയരാറുണ്ട്. ജൂൺ-ആഗസ്റ്റ്, ഒക്ടോബർ- നവംബർ മാസങ്ങളിൽ ഉൽപാദനം കുറയുന്നതിനാലും വില കുതിക്കാറുണ്ടെന്നും കേന്ദ്ര സെക്രട്ടറി പറഞ്ഞു.
ഇതിനിടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ച് ഉയരുകയാണ്. തക്കാളി, പച്ചമുളക് തുടങ്ങി എല്ലാ അവശ്യ വസ്തുക്കളുടെയും വില 100 കടന്ന് കുതിക്കുകയാണ്. സാധാരണക്കാരുടെ നടുവൊടിക്കുന്ന നിലയിൽ വില ഉയർന്ന് ദിവസങ്ങളായിട്ടും ആവശ്യമായ ഇടപെടൽ സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന വിമർശനം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."