പടരുന്ന പനിയെ നിസ്സാരമാക്കേണ്ട
ഒന്നു പനിച്ചാൽ ജീവൻതന്നെ പൊലിയുമോയെന്ന ഭയപ്പാടോടെ കഴിയേണ്ടിവരുന്ന മലയാളിയുടെ അവസ്ഥ ഭീതിദമാണ്. ഇക്കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 71. ഇൗ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ കുട്ടികളും യുവാക്കളും ഉണ്ട്. വൈറൽ പനിയുടെ നീരാളിപ്പിടിത്തത്തിലാണ് സംസ്ഥാനം. ആരോഗ്യവകുപ്പ് പനിയുടെ മുന്നിൽ വിറച്ചുനിൽക്കുകയാണോ? പനിബാധിതർ വർധിക്കുന്നു. ആശുപത്രികൾ നിറയുന്നു, മരണക്കണക്കുകൾ കൂടുന്നു. കഴിഞ്ഞ മാസം 2.93 ലക്ഷം പേരാണ് പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിലുമെത്രയോ ഏറെയാകാം സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിട്ടുണ്ടാവുക. മഴക്കാലപൂർവ ശുചീകരണത്തിലുണ്ടായ വീഴ്ചയാണ് പനി പടരാൻ കാരണമെന്ന് കുറ്റപ്പെടുത്തിയും പഴിചാരിയും ഇരുന്നാൽ പനിച്ചൂട് കുറയില്ല. സർക്കാരും ആരോഗ്യവകുപ്പും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
ജൂണിൽ മഴ വൻതോതിൽ പെയ്തില്ലെങ്കിലും പനിമഴക്ക് കുറവുണ്ടായില്ല. ശരാശരി കണക്കെടുത്താൽ ഓരോ ദിവസവും 12000 ലേറെ പേർ പനിയെ തുടർന്ന് ചികിത്സയ്‌ക്കെത്തുന്നുണ്ട്. ഇതിൽ സാധാരണ വൈറൽ പനി മുതൽ ഡെങ്കിയും എലിപ്പനിയും എച്ച്.വൺ എൻ.വണും പിടികൂടിയവരും ഉണ്ട്. 1876 പേർക്കാണ് കഴിഞ്ഞ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 166 പേർക്ക് എലിപ്പനിയും 203 പേർക്ക് എച്ച്.വൺ എൻ.വണും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണത്തോടെ എത്തിയവരിൽ 27 പേരും എലിപ്പനി ലക്ഷണങ്ങളോടെ എത്തിയവരിൽ 18 പേരും മൂന്ന് എച്ച്.വൺ എൻ.വൺ ബാധിതരും കഴിഞ്ഞ മാസം മരിച്ചു. സമീപ വർഷങ്ങളിലേക്കാൾ ഏറെയുള്ള പനി മരണക്കണക്കാണിത്.
ആറു മാസത്തിനിടെ പനിബാധിച്ച് മരിച്ചത് 97 പേരാണ്. കൊവിഡ് മഹാമാരിയിൽ നിരവധി ജീവൻ പൊലിഞ്ഞ നാടാണ് നമ്മുടേത്. എന്നിട്ടും കൈവിട്ടുപോകുമെന്നു കരുതിയ നിരവധി ജീവനുകൾ തിരിച്ചുപിടിക്കാൻ ആരോഗ്യമേഖലയ്ക്ക് സാധിച്ചു. ആ നേട്ടമെല്ലാം വൈറൽ പനിക്കുമുമ്പിൽ നിഷ്പ്രഭമായിക്കൂടാ.
ജൂൺ, ജൂലൈ മാസത്തിൽ പനിബാധിതരുടെ എണ്ണം കൂടുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലെ മാറ്റവുമെല്ലാം കൊതുകു വളരാനുള്ള സാധ്യത കൂട്ടുകയും അതുവഴി പനി പടരാൻ ഇടയാക്കുകയും ചെയ്യും. എന്നാൽ ഈ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണോ ഇപ്പോൾ നേരിടുന്ന ഗുരുതര സാഹചര്യമെന്ന് സംശയിക്കേണ്ടതുണ്ട്. ആരോഗ്യ- റവന്യു- തദ്ദേശ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ പനിയെ പ്രതിരോധിക്കാനോ പിടിച്ചുകെട്ടാനോ സാധിക്കൂ.
എന്നാൽ ഇത് കാര്യമായി സംസ്ഥാനത്തു നടന്നിരുന്നോ? പനിപ്രതിരോധം താഴെത്തട്ടിൽ ഊർജിതമാക്കാൻ ആരോഗ്യ- റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കൈകൊണ്ട തീരുമാനം വൈകിയെങ്കിലും പ്രതീക്ഷ നൽകുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സമയബന്ധിതമായി തന്നെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. യോഗങ്ങൾ വിളിച്ചുചേർക്കാൻ കലക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡ്രൈഡേ ആചരിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകരുത്. പനിക്കുള്ള ചികിത്സാ പ്രേട്ടോക്കോൾ ഉറപ്പാക്കാൻ നിർദേശം നൽകണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.
പനിയുടെ പേരിൽ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന തീവെട്ടിക്കൊള്ളയും സർക്കാർ ഇടപെട്ട് നിയന്ത്രിക്കണം. ഇല്ലെങ്കിൽ അത് സാധാരണക്കാരെ ഏറെ ബാധിക്കും; സംഘർഷങ്ങൾക്ക് ഇടവരുത്തും. പനിപിടിച്ച് രണ്ടോ മുന്നോ ദിവസം കിടത്തി ചികിത്സ വേണ്ടിവന്നാൽ സാധാരണ സ്വകാര്യ ആശുപത്രിയിൽ പോലും അയ്യായിരമോ ആറായിരമോ ആണ് ബിൽ വരിക. ഒരു വീട്ടിൽ തന്നെയുള്ള രണ്ടോ മൂന്നോ പേർക്ക് കിടത്തിച്ചികിത്സ വേണമെങ്കിൽ വരുന്ന സാമ്പത്തിക ബാധ്യത നിർധന കുടുംബത്തിന് താങ്ങാനാവുന്നതല്ല. അതേസമയം, പല സർക്കാർ ആശുപത്രികളിലും സൗകര്യമുണ്ടായിട്ടും പനിക്കാരെ പ്രവേശിപ്പിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഇതൊക്കെ ആരോഗ്യവകുപ്പ് പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണം.
ഡെങ്കിപ്പനി കൂടിയാൽ സംസ്ഥാനത്തെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലറ്റുകളുടെ ലഭ്യതയും കുറയാൻ ഇടയുണ്ട്. പതിവായി രക്തം ദാനം ചെയ്തുകൊണ്ടിരുന്നവരും പനി ബാധിച്ചതിനെ തുടർന്ന് മാറിനൽക്കുകയാണ്. ഇപ്പോഴാകട്ടെ നേരത്തെ ആവശ്യമുള്ളതിനാൽ ഇരട്ടി പ്ലേറ്റ്‌ലറ്റുകൾ മെഡിക്കൽ കോളജുകൾ പോലുള്ള ആശുപത്രികളിൽ ആവശ്യമായി വന്നിരിക്കുകയാണ്. ഡെങ്കിപ്പനി വ്യാപനം മുന്നിൽകണ്ട് വെന്റിലേറ്ററുകളുടേയും ഐ.സി.യുകളുടേയും ലഭ്യതയും ഉറപ്പുവരുത്തണം.
പനിവന്നാൽ സ്വയം ചികിത്സ ഒഴിവാക്കി തൊട്ടടുത്ത ക്ലിനിക്കുകളിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടണമെന്ന പൊതുബോധം ഇപ്പോഴും സമൂഹത്തിനുണ്ടായിട്ടില്ല. ഇത്തരം സ്വയം ചികിത്സയ്ക്കുമുണ്ട് പനി മരണ പട്ടിക ഉയർത്തുന്നതിൽ നല്ല പങ്ക്. ഏതു പനിയെന്നറിയാതെയുള്ള ചികിത്സയിലൂടെ രോഗം മൂർച്ഛിച്ചിട്ടാണ് പലരും ആശുപത്രികളിൽ എത്തുന്നത്. സ്‌കൂളുകളും കോളജുകളും നഗര-ഗ്രാമ പ്രദേശങ്ങളിലെ ലൈബ്രറികളും മറ്റും കേന്ദ്രീകരിച്ച് പനി ബോധവൽക്കരണം നടത്തണം.
പനിബാധിത പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ വിവര ശേഖരണവും ഊർജിതമാക്കണം. മാലിന്യ നിർമാജനത്തിന് വിട്ടുവീഴ്ച പാടില്ല. ഡ്രൈഡേ ആചരിക്കുന്നതിൽ മാത്രം ഒതുക്കിനിർത്താതെ ഓരോരുത്തരും വ്യക്തി ശുചിത്വത്തിന് പുറമെ നാടിന്റെ ശുചിത്വത്തിനും മുന്നിട്ടിറങ്ങണം. എങ്കിലേ ഇപ്പോൾ പടരുന്ന പനിയെ പിടിച്ചുകെട്ടാനാകൂ.
ഇത്തരം ഗുരുതരമായ സാഹചര്യങ്ങൾ നേരിടുമ്പോഴും പനിക്കണക്കുപോലും കൃത്യമായി പ്രസിദ്ധീകരിക്കാതെ ഒളിച്ചുകളിക്കുകയാണ് നമ്മുടെ ആരോഗ്യവകുപ്പ്. കഴിഞ്ഞ അവധി ദിവസങ്ങളിലെ പനിക്കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. പനിബാധിതരുടെ എണ്ണം പുറത്തുവിടരുതെന്ന രഹസ്യ നിർദേശം വകുപ്പ് മേധാവികൾ ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകിയെന്ന വിവരവും ആശങ്കയുണ്ടാക്കുന്നതാണ്. കണക്കുകൾ മൂടിവച്ചതുകൊണ്ട് സർക്കാർ ക്രിയാത്മകമായി ഇടപെടുന്നുവെന്ന ധാരണയുണ്ടാകുമെന്നത് മൗഢ്യമാണ്. സ്‌കൂളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്ന മുതിർന്നവരും തിരിച്ചുവരുന്നത് പനിയുംകൊണ്ടാണ്.
പലർക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. പനിയുടെ രൂക്ഷത തിരിച്ചറിയാൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കണക്ക് നോക്കേണ്ടതില്ല. സ്വന്തം വീട്ടകങ്ങളിലെ ചൂടിലറിയാം ആ രൂക്ഷത. കരുതലിനൊപ്പം ആരോഗ്യവകുപ്പിൻ്റെ ജാഗ്രതകൂടി അടിയന്തരമായി ഉണ്ടാവേണ്ടിയിരിക്കുന്നു.
Content Highlights:Editorial about fever
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."