ആൾക്കൂട്ടത്തിന്റെ ആവേശം
അൻസാർ മുഹമ്മദ്
വലിയൊരു ആൾക്കൂട്ടമായ കോൺഗ്രസിന്, ആ കൂട്ടത്തിൽ അലിഞ്ഞുചേരാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഏറ്റവും അനുയോജ്യനായ നേതാവാണ് ആൾക്കൂട്ടമില്ലാത്ത ലോകത്തേക്ക് യാത്രയായത്. ആർത്തലച്ചുകരയുന്ന ജനപ്രവാഹത്തിനിടയിൽ, എത്രയോ പേരുടെ കണ്ണീരൊപ്പിയ സ്വന്തം കുഞ്ഞൂഞ്ഞ് നിശ്ചേതനായി കിടക്കുന്നു.
ഉമ്മൻചാണ്ടി എന്ന മഹാവൃക്ഷത്തിന്റെ സ്‌നേഹത്തണൽ കിട്ടാത്തവർ വിരളമായിരിക്കും. അണികൾക്കു മാത്രമല്ല എതിർപാർട്ടിയിലും ഒരു പാർട്ടിയിലും പെടാത്ത ലക്ഷക്കണക്കിന് ജനങ്ങൾക്കും ആ തണൽ ഒരു അനുഗ്രഹമായിരുന്നു.
സന്തോഷവും സങ്കടവും കോപവും താപവും കയറ്റവും ഇറക്കവും ഇടർച്ചയും തുടർച്ചയും എല്ലാം നിറയുന്ന ശരാശരി മലയാളിയുടെ ജീവിതവുമായി ഇത്രമേൽ ആത്മബന്ധം പുലർത്തിയ മറ്റൊരു നേതാവില്ല. ആ ഇഴയടുപ്പത്തിന് ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലിംഗത്തിന്റെയോ വേർതിരിവില്ലായിരുന്നു.
'സൂക്ഷിക്കണം ഉമ്മൻചാണ്ടിയെ'
രാഷ്ട്രീയ എതിരാളികൾക്ക് പോലും പ്രിയങ്കരനാണ് ഉമ്മൻചാണ്ടി. പണ്ട് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഇ.കെ നായനാരോടൊപ്പം പോയ പഴയ ഒരു സി.പി.എം നേതാവ് ഉമ്മൻചാണ്ടിയെപ്പറ്റി പറഞ്ഞത് ഇങ്ങനെ, 'ഓനാണ് അപകടകാരി ശ്രദ്ധിക്കണം'. അതേ ഉമ്മൻചാണ്ടിഅപകടകാരിയാണ്. തന്ത്രങ്ങൾ മെനഞ്ഞ് എതിരാളികളെ തോൽപ്പിക്കുന്ന അസമാന്യ മെയ്‌വഴക്കത്തിന് ഉടമ.
2011ൽ മുഖ്യമന്ത്രിയായ ശേഷം തുടർച്ചയായി തെരഞ്ഞെടുപ്പു പരാജയങ്ങൾ ഇടതുമുന്നണിക്ക് സമ്മാനിച്ചുകൊണ്ട് അവരെ കിടിലംകൊള്ളിച്ചുകളഞ്ഞു ഉമ്മൻചാണ്ടി.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ജയിച്ചപ്പോൾ, നാലാം വർഷം നിയമസഭ പിരിച്ചുവിട്ട് വീണ്ടും ജനവിധി തേടണമെന്ന് ഉമ്മൻചാണ്ടിയെ നിരന്തരം ഉപദേശിച്ചവരുണ്ട്. അതു സ്വീകരിച്ചിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറിയേനെ.
പകരം, കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന സർക്കാരിനെ അസാധാരണ മെയ്‌വഴക്കത്തോടെ നയിച്ച് കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രി എന്ന ഖ്യാതിയാണ് ഉമ്മൻ ചാണ്ടി നേടിയെടുത്തത്.
വിവാദങ്ങളിൽ ഉലയാതെ
മിക്ക നേരങ്ങളിലും കുതിച്ചും ചിലപ്പോഴെല്ലാം കിതച്ചും ആയിരുന്നു ഉമ്മൻചാണ്ടിയുടെ പ്രയാണം. ദേഷ്യപ്പെട്ട് ഉമ്മൻചാണ്ടിയെ കണ്ടിട്ടുള്ളവർ കുറവാണ്. വിവാദക്കൊടുങ്കാറ്റിനിടയിൽ പോലും ഉമ്മൻചാണ്ടി എന്ന പച്ചമനുഷ്യൻ ചിരിച്ചുകൊണ്ടാണ് എല്ലാവരോടും പ്രതികരിച്ചത്. 1970ൽ ആദ്യമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭാ കവാടം കടന്നെത്തിയതു മുതൽ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിക്കും വരെ പുതുപ്പള്ളി തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ ലോകം.
എം.എൽ.എയും മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായപ്പോഴും തലക്കനം തൊട്ടുതീണ്ടിയില്ല. എന്ത് തിരക്കായാലും ഞായറാഴ്ചയാണെങ്കിൽ പുതുപ്പള്ളിയിലെത്തിയിരിക്കും. തലസ്ഥാനത്ത് ജഗതിയിൽ വീട് പണിതപ്പോൾ പുതുപ്പള്ളിയെയും ഇങ്ങ് തലസ്ഥാനത്ത് കൊണ്ടുവന്നു. വീട്ടിന് പേരിട്ട് പുതുപ്പള്ളിക്കാരനായി.
പുതുപ്പള്ളിയിലെ ഓരോ ആളെയും പേരെടുത്ത് വിളിച്ച് സംസാരിക്കാനുള്ള ആത്മബന്ധം ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പുതുപ്പള്ളിക്കാർ തിരിച്ചും വാരിക്കോരി സ്‌നേഹം നൽകിയത്; ഈ ഉറക്കത്തിലും ആ സ്‌നേഹം കണ്ണീർക്കടലായി മാറിയത്.
നിലപാടുകളെ ചേർത്തുപിടിച്ച്
1978ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്ക് ഒപ്പം നിൽക്കാൻ ആഗ്രഹിച്ചിരുന്നു ഉമ്മൻചാണ്ടി. എന്നാൽ യുവജനഐക്യം തകരുമെന്ന് കണ്ട് ഇന്ദിരാവിരുദ്ധ ചേരിയിൽ എത്തുകയായിരുന്നു. 1980ൽ ഇടതുമുന്നണിയുടെ ഭാഗമാകുന്നതിനോട് എതിർപ്പുണ്ടായിരുന്നിട്ടും എ.കെ.ആന്റണി ഉൾപ്പെടെയുള്ളവർ എടുത്ത തീരുമാനം ഉമ്മൻചാണ്ടി ശിരസാ വഹിക്കുകയായിരുന്നു.
കൂടെ നിൽക്കുന്നവരും അവരുടെ നിലപാടും അന്നും ഇന്നും ഉമ്മൻചാണ്ടിക്ക് വികാരമാണ്. അതു ഗ്രൂപ്പുകളിയെന്നും ബലഹീനതയെന്നും ആക്ഷേപിക്കുന്നവരുണ്ട്. പക്ഷേ, എ ഗ്രൂപ്പ് എന്ന കോൺഗ്രസിന്റെ നെടുങ്കോട്ട കാത്തത് ഉമ്മൻചാണ്ടിയുടെ ഗുണവും ദോഷവും എല്ലാം ചേർന്നുള്ള ഈ ശൈലി തന്നെ.
2005ൽ കെ.കരുണാകരൻ പാർട്ടി വിട്ടപ്പോഴുണ്ടായ ചരിത്രപ്രതിസന്ധിയെ ഉമ്മൻചാണ്ടി അതിജീവിച്ചത് ഐ വിഭാഗക്കാരെ പുറന്തള്ളിയല്ല. പകരം 'ഉമ്മൻ കോൺഗ്രസ്' എന്ന് ആക്ഷേപിച്ചവരെ അടക്കം പാർട്ടിയിലേക്കു തിരിച്ചു കൊണ്ടുവന്നാണ്.
Content Highlights:today's Article About Oommen Chandy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."