ഔദ്യോഗിക ബഹുമതികള്‍ വേണ്ട; ഉമ്മന്‍ ചാണ്ടിയുടെ സംസ്‌ക്കാരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെയെന്ന് കുടുംബം
ഔദ്യോഗിക ബഹുമതികള്‍ വേണ്ട; ഉമ്മന്‍ ചാണ്ടിയുടെ സംസ്‌ക്കാരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെയെന്ന് കുടുംബം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നതില്‍ അന്തിമതീരുമാനമായില്ല. ഔദ്യോഗിക ബഹുമതികള്‍ ആവശ്യമില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവില്‍ നൂറുകണക്കിന് മലയാളികള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതിനാല്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോള്‍ വികാര നിര്‍ഭരമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപ .യാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30നാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12നു പുതുപ്പള്ളിയിലെ വസതിയില്‍ ശുശ്രൂഷ. ഒന്നിനു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതല്‍ 3.30 വരെ പള്ളിയുടെ വടക്കേ പന്തലില്‍ പൊതുദര്‍ശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ നടത്തും. 5ന് അനുശോചന സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."