ഗെയിം കളിക്കാന്‍ മാത്രമല്ല ഫോണുകള്‍; പതിനെട്ട് വയസിനുള്ളില്‍ നിങ്ങളുടെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ആറ് ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവയാണ്
ഗെയിം കളിക്കാന്‍ മാത്രമല്ല ഫോണുകള്‍; പതിനെട്ട് വയസിനുള്ളില്‍ നിങ്ങളുടെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ആറ് ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ ഇവയാണ്
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കിടയില്‍വരെ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും സര്‍വ സാധാരണമായിരിക്കുന്ന കാലഘട്ടമാണിന്ന്. ഇക്കാലത്ത് രക്ഷിതാക്കളെക്കാള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ഇടപഴകുന്നവരാണ് കുട്ടികള്‍. കൊറോണക്കാലത്ത് വളരെ വ്യാപകമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇന്നും പല രൂപത്തില്‍ നമ്മുടെ സമൂഹത്തില്‍ തുടരുന്നുണ്ട്. എന്നാല്‍ പലപ്പോഴും കുട്ടികള്‍ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗെയിമുകളിലും മറ്റ് വിനോദങ്ങള്‍ക്കും മാത്രമായി ഒതുങ്ങുകയാണ് പതിവ്. ഈയൊരവസ്ഥ മാറേണ്ടതുണ്ട്.
കേവലം വിനോദത്തിനപ്പുറത്തേക്ക് മൊബൈല്‍ ഫോണുകളുടെ സാധ്യത കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ചുരുങ്ങിയത് റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാനും, ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കാനും നമ്മുടെ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
റെയില്‍വെ ടിക്കറ്റ് ബുക്കിങ്
റെയില്‍വെയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഐ.ആര്‍.ടി.സി(irtc). ടിക്കറ്റ് ബുക്ക് ചെയ്യാനും, ട്രെയിന്‍ സമയം അറിയാനും ഇനി റെയില്‍വെ സ്റ്റേഷന്‍ വരെ പോകേണ്ടതില്ല. മൊബൈല്‍ ഫോണുപയോഗിച്ച് വീട്ടിലിരുന്ന് നമ്മുടെ യാത്രകള്‍ നമുക്ക് ഷെഡ്യൂള്‍ ചെയ്യാം. ഐ.ആര്‍.ടി.സി ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ, അല്ലെങ്കില്‍ https://www.irtc.co.in/nget/train-search എന്ന വെബ്‌സൈറ്റില്‍ കയറിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍ പേര്, ട്രെയിനിന്റെ പേരും, പുറപ്പെടുന്ന സമയം, സീറ്റ്, ടിക്കറ്റ്, എന്നിവയും ഇതിലൂടെ ബുക്ക് ചെയ്യാനാവും. നിങ്ങളുടെ പേര്, വയസ്, എന്നീ പേഴ്‌സണല്‍ വിവരങ്ങളും അടയാളപ്പെടുത്തിയതിന് ശേഷം ഓണ്‍ലൈനായി പണമടച്ചാല്‍ നിങ്ങളുടെ ടിക്കറ്റ് റെഡി.
ഓണ്‍ലൈന്‍ ഷോപ്പിങ്
കടയില്‍ നേരിട്ട് പോയി സാധനം വാങ്ങി കൊണ്ടുവരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ഇന്ന് നമുക്കിടയില്‍ വ്യാപകമാണ്. അതുകൊണ്ട് തന്നെ കുട്ടികളെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നത് പഠിപ്പിച്ച് കൊടുക്കുന്നത് നന്നായിരിക്കും. കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരുപാട് ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. ഫഌപ്കാര്‍ട്ട്, ആമസോണ്‍, മീശോ തുടങ്ങിയ ആപ്പുകളുടെ സേവനങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തോളൂ. വിശേഷ ദിവസങ്ങളില്‍ ഇത്തരം ആപ്പുകളില്‍ പ്രത്യേക ഓഫറുകളും ഉണ്ടായിരിക്കും.
ഒ.പി ടിക്കറ്റ് ബുക്കിങ്
ഇന്ന് പല മുന്‍നിര ആശുപത്രികളും ഒ.പി രജിസ്‌ട്രേഷനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടറെ ഫോണ്‍ വിളിച്ച് അപ്പോയിന്‍മെന്റ് എടുക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അതാത് ആശുപത്രികളുടെ വെബ്‌സൈറ്റുവഴി ഡോക്ടറുടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതാണ്. ഇതിനായി ആദ്യം നിങ്ങള്‍ പോവാന്‍ ഉദ്ദേശിക്കുന്ന ആശുപത്രിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ഒ.പി രജിസ്‌ട്രേഷന്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ പേരും, ആഡ്രസും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയതിന് ശേഷം ഫീസ് അടച്ചാല്‍ ഡോക്ടറുടെ അപ്പോയിന്‍മെന്റ് തയ്യാറാകും.
ഭാഷാപഠനം
ഓണ്‍ലൈന്‍ വഴി നിങ്ങളുടെ കുട്ടികള്‍ക്ക് പുതിയൊരു ഭാഷ പഠിപ്പിച്ചാലോ? കുട്ടികളുടെ ഭാഷാ വൈദഗ്ദ്യം മെച്ചപ്പെടുത്താനും പഠനത്തിനും ഏറെ ഉപകാരപ്രദമായിരിക്കുമത്. സൗജന്യമായി പുതിയ ഭാഷകള്‍ പഠിക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. dualingo, babbel, drops എന്നിവ ഭാഷാപഠനത്തിന് ഉപയോഗിക്കാവുന്ന ആപ്പുകളാണ്. ഇംഗ്ലീഷില്‍ നിന്നും മറ്റു ഭാഷകളിലേക്ക് വളരെ വേഗത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന ആപ്പുകളും നിരവധിയാണ്. നിങ്ങളുടെ കുട്ടികളെ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പരിചയപ്പെടുത്തി നോക്കൂ. അവരുടെ ചിന്താ ശേഷിയും, പഠിക്കാനുള്ള കഴിവിനേയും ഇത് മെച്ചപ്പെടുത്തും. പുതിയ ഭാഷ പഠിക്കുക എന്നത് പുതിയൊരു സംസ്‌കാരത്തെ പരിചയപ്പെടലാണ്. ഗൂഗിളിന്റെ സ്വന്തം ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ആപ്പ് വഴി ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലേക്കും പരിഭാഷപ്പെടുത്താനും സാധിക്കും.
ഓഡിയോബുക്‌സ്
ഒരു പുസ്തകം വായിച്ച് പഠിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കേട്ട് മനസിലാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ആപ്പുകളാണ് ഓഡിയോ ബുക്കുകള്‍. ഇന്ന് ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളുടെയും ഓഡിയോ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. കുട്ടികള്‍ ഇനി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓഡിയോ ബുക്കിലൂടെ കഥകള്‍ കേള്‍ക്കട്ടെ, അവര്‍ പുതിയ ലോകത്തെ കുറിച്ച് മനസിലാക്കട്ടെ. audible, spotify, audiobooks എന്നിവയാണ് പ്രധാനപ്പെട്ട ഓഡിയോ ബുക്കുകള്‍.
ഓണ്‍ലൈന്‍ ഗെയിമുകള്‍
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികള്‍ക്ക് പഠനത്തിനായി കൂടി ഉപയോഗപ്പെടുത്തിയാലോ. ബ്രെയിന്‍ ടീസറുകള്‍, സുഡോകു, വേര്‍ഡ് പസിലുകള്‍, ജനറല്‍ നോളജ്, വിവിധ ഭാഷയിലുള്ള ക്വിസ് ആപ്പുകള്‍ എന്നിവ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇനി മുതല്‍ ഗെയിമുകളോടൊപ്പം കുട്ടികള്‍ക്ക് അറിവും ലഭിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."