പല്ലിന് ഏത് തരം ബ്രഷ് ആണ് നല്ലത്? അള്‍ട്രസോഫ്റ്റ്? സോഫ്റ്റ്? മീഡിയം…? അതോ ഹാര്‍ഡ് ?
ഒരു വ്യക്തിയുടെ ആകര്‍ഷണീയത ആ വ്യക്തിയുടെ ചിരിയിലാണെന്ന് പറയാറുണ്ട്. നല്ല സുന്ദരമായ പുഞ്ചിരി ഏതൊരു വ്യക്തിയിലും ആകര്‍ഷണീയതയും ആദരവും തോന്നിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍, നല്ല ചിരിക്കും വാ തുറന്നുള്ള സംസാരത്തിനും നല്ല പല്ലും അനിവാര്യമാണ്. നല്ല പല്ലുകള്‍ കാട്ടി സംസാരിക്കാന്‍ കഴിയുന്നത് വ്യക്തികളുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും. ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള പല്ലുകളും ഉണ്ടാകാന്‍ ദന്ത പരിചരണം അത്യാവശ്യമാണ്. അതിന് ഏത് തരത്തിലുള്ള ബ്രഷ് വേണം എന്നത് മുതല്‍ ഏത് രീതിയില്‍ പല്ലു തേക്കണം, എത്ര സമയം പല്ലുതേക്കണം, എത്ര നേരം പല്ലുതേക്കണം എന്നെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പല്ല് തേക്കേണ്ട രീതി
ചിലരുണ്ട് പുറത്ത് കാഴ്ചകളും കണ്ട് അതില്‍ മുഴുകി പല്ല് തേക്കുകയാണെന്ന കാര്യം പോലും മറന്ന് ദീര്‍ഘനേരം ബ്രഷ് വായിലിട്ട് ചലിപ്പിക്കുന്നവര്‍. അങ്ങിനെ ദീര്‍ഘനേരം പല്ലുതേക്കേണ്ടതില്ല. ഒരു ബ്രഷിന്റെ നാരുകള്‍ മൂന്നു പല്ലുകളെ മൂടുന്ന വിധത്തിലായിരിക്കും. അതിനാല്‍ ഓരോ മൂന്നു പല്ലിലും 20 വീതം തവണ സ്പര്‍ശിക്കുന്ന വിധത്തിലാണ് തേക്കേണ്ടത്. അത് കഴിഞ്ഞ് പല്ലിന്റെ ഉള്‍വശവും വൃത്തിയാക്കണം.
ഒരാള്‍ രാവിലെയും ഉച്ചയ്ക്കും ഉറങ്ങുന്നതിന് മുമ്പും ആണ് ബ്രഷ് ചെയ്യേണ്ടത്. രാവിലെ ബ്രഷ് ചെയ്യാന്‍ മറന്നാലും രാത്രി ഉറങ്ങും മുമ്പ് ചെയ്യാന്‍ മറക്കരുതെന്ന് പഴമക്കാര്‍ പറയും. അതില്‍ കാര്യമുണ്ട്. ഉറങ്ങും മുമ്പ് വായയും പല്ലും വൃത്തിയാക്കിയാണ് കിടക്കേണ്ടത്. അതുപോലെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് അല്ല ബ്രഷ് ചെയ്യേണ്ടത്. മുകളിലോട്ടും താഴോട്ടും എന്ന രീതിയിലാണ് പല്ല് തേക്കേണ്ടത്. ഇനി വൃത്താകൃതിയില്‍ ബ്രഷ് ഉപയോഗിച്ചാലും കുഴപ്പമില്ല.
ഏതു വിധത്തിലുള്ള ബ്രഷ്
പൊതുവെ വിപണിയില്‍ അള്‍ട്ര സോഫ്റ്റ്, സോഫ്റ്റ്, മീഡിയം, ഹാര്‍ഡ്, എക്‌സ്ട്ര ഹാര്‍ഡ് എന്നിങ്ങനെയുള്ള വിവിധ വിധത്തിലുള്ള ബ്രഷുകള്‍ ആണ് കാണാറുള്ളത്. പൊതുവേ ഹാര്‍ഡ് ബ്രഷ് ഉപയോഗിച്ച് ശക്തിയോടെ പല്ല് തേക്കുന്നതാണ് പലരുടെയും രീതി. എന്നാല്‍ ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. സോഫ്റ്റ് ബ്രഷ് ആണ് നല്ലത്. കുട്ടികളും പ്രായമുള്ളവരും പല്ലിന് അസുഖങ്ങളുള്ളവരും എക്‌സ്ട്ര സോഫ്റ്റ് ടൈപ്പ് ബ്രഷ് ആണ് ഉപയോഗിക്കേണ്ടത്. കുട്ടികളും പ്രായമുള്ളവരും മീഡിയം ഉപയോഗിക്കരുത്. മോണക്ക് പഴുപ്പ് അടക്കമുള്ള പ്രശ്‌നം ഉള്ളവര്‍ക്കും അള്‍ട്ര സോഫ്റ്റ് ആണ് നല്ലത്.
ഹാര്‍ഡ് ബ്രഷ് ഉപയോഗിച്ചാല്‍ മാത്രമെ പല്ല് വൃത്തിയാകൂ എന്ന് ധരിച്ചവരുണ്ട്. എന്നാല്‍ അതില്‍ സത്യമില്ല. നമ്മള്‍ കാലിലെ തൊലിയിലെ ചെളി കളയാനായി ശക്തമായി ഉരച്ചുകഴുകുന്നത് പോലെ പല്ലിന്‍മേല്‍ ബലംകൂട്ടി ബ്രഷ് കൊണ്ട് ഉരസേണ്ടതില്ല. അങ്ങിനെ ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പല്ലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മുകളിലെ ഭാഗമാണ് ഇനാമല്‍. പല്ലിന്റെ മുകള്‍ ഭാഗം അതായത് മോണയുമായി കൂടിച്ചേരുന്ന ഭാഗത്ത് മൃദുലമായ ഇനാമല്‍ ആണുള്ളത്. അതിനാല്‍ ഹാര്‍ഡ് ബ്രഷ് ഉപയോഗിച്ച് ശക്തിയായി ഉരസുന്നതോടെ ഇവിടെയുള്ള ഇനാമലിന് പരുക്ക് പറ്റും. ഇത് പല്ലിന് പുളിപ്പിനും രക്തംവരാനും മോണയില്‍ പഴുപ്പ് ഉണ്ടാകാനും അതുവഴി മറ്റ് രോഗങ്ങള്‍ ഉണ്ടാവാനും കാരണമാകും. പല്ലില്‍ കറുപ്പ് നിറമോ മറ്റോ ഉണ്ടെങ്കില്‍ ബഷ് ഉപയോഗിച്ച് ശക്തമായി ഉരസുന്നതിന് പകരം ദന്തഡോക്ടകറെ കാണുകയാണ് വേണ്ടത്. അറ്റത്ത് ത്രികോണാകൃതിയുള്ള ബ്രഷ് ഉപയോഗിച്ചാല്‍ പല്ലിന്റെ ഉള്‍ഭാഗം കൂടി നന്നായി വൃത്തിയാക്കാന്‍ കഴിയും. മൂന്നുമാസം ആവുമ്പോഴേക്കും ബ്രഷിന്റെ നാരുകള്‍ വിടര്‍ന്ന് തുടങ്ങിയിരിക്കും. അപ്പോഴേക്കും ബ്രഷ് മാറ്റണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."