സമ്പത്ത് പ്രകാശ് കശ്മിരിൻ്റെ താളവും തത്വവും
കെ.എ.സലിം
സമ്പത്ത് പ്രകാശ് ഖണ്ഡുവിനോട് അവസാനമായി സംസാരിച്ചത് കശ്മിരിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ കാലത്താണ്. ജമ്മുവിലെ വീട്ടിൽ വേദനയോടെയും രോഷത്തോടെയുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അന്ന് ഏറെയൊന്നും സംസാരിക്കാനാവുമായിരുന്നില്ല, ക്ഷീണിതനായിരുന്നു. കശ്മിരിലെ ഏറ്റവും പ്രശസ്ത പണ്ഡിറ്റ്, ട്രേഡ് യൂനിയൻ നേതാവ് 86കാരനായ സമ്പത്ത് പ്രകാശ് ജൂലൈ ഒന്നിന് മരിച്ചത് രാജ്യത്ത് ഏറെയാളുകൾ അറിഞ്ഞിരുന്നില്ല. 1937ൽ ജനിച്ച് കശ്മിരിന്റെ ചരിത്രത്തിലെ ഓരോ നിർണായക സംഭവത്തിനുമൊപ്പം നടന്നൊരാൾ. 1988കളിൽ കശ്മിരിനുവേണ്ടിയുള്ള സായുധസമരം ഒരുവശത്ത് നടന്നപ്പോൾ അതേ പോരാട്ടം മറ്റൊരുതരത്തിൽ ജീവിതത്തിനൊപ്പം കൊണ്ടുനടക്കുകയായിരുന്നു അദ്ദേഹം. കശ്മിരിയത്തായിരുന്നു സമ്പത്ത് പ്രകാശിന്റെ താളവും തത്വവും. ചരിത്രത്തിലെ ഇരുണ്ട ചുഴികൾക്കും ചോരപുരണ്ട വഴികൾക്കും അതിലൊരു മാറ്റവുമുണ്ടാക്കാനായില്ല.
1990കളിലെ പണ്ഡിറ്റുകളുടെ പലായനമായിരുന്നു അതിലെ ഏറ്റവും നിർണായക ഘട്ടം. സമ്പത്ത് പ്രകാശിന് മറ്റു പണ്ഡിറ്റുകൾക്കൊപ്പം ജമ്മുവിലേക്ക് പലായനം ചെയ്യേണ്ടവന്നു. അപ്പോഴും കശ്മിരിനു വേണ്ടി സംസാരിച്ചു. 370ാം വകുപ്പിനുവേണ്ടി നിലകൊണ്ടു. മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തു. പണ്ഡിറ്റുകൾക്കും മുസ്‌ലിംകൾക്കും പ്രത്യേക പാർപ്പിട കേന്ദ്രങ്ങളുണ്ടാക്കുന്നതിനെ വിമർശിച്ചു. അത് കശ്മിരികളെ വിഭജിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മിരികളുടെ സ്വയം നിർണയാവകാശത്തിനുവേണ്ടി വാദിച്ചു. ഒരു കശ്മിരി പണ്ഡിറ്റും താഴ്‌വരയിൽനിന്ന് സ്വമേധയാ പലായനം ചെയ്യുകയായിരുന്നില്ലെന്ന് സമ്പത്ത് പറഞ്ഞു. അതിനുപിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിരുന്നു. സമ്പത്ത് പ്രകാശ് സംസാരിക്കുമ്പോൾ അതീവ താൽപര്യത്തോടെ കേട്ടുനിൽക്കുന്നവരിൽ മുതിർന്ന നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും മെഹ്ബുബ മുഫ്തിയും മുഹമ്മദ് യൂസുഫ് തരിഗാമിയുമെല്ലാമുണ്ടായിരുന്നു.
അനുഭവങ്ങളുടെ സമ്പത്തായിരുന്നു പ്രകാശ് ഖണ്ഡു. ശ്രീനഗർ ജില്ലയിലെ റെയ്‌നാവാരിയിൽ സമ്പന്ന പണ്ഡിറ്റ് കുടുംബത്തിലായിരുന്നു ജനനം. പിതാവ് നീൽ കാന്ത് ഖണ്ഡു സമ്പത്ത് പഠിച്ച ടിൻഡേൽ ബിസ്‌കോ സ്‌കൂളിന്റെ പ്രിൻസിപ്പലും കശ്മിർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയുടെ ഉപദേഷ്ടാവുമായിരുന്നു. കശ്മിരിയത്തിന്റെ ആദ്യ പാഠങ്ങൾ സമ്പത്ത് പഠിച്ചത് പിതാവിൽ നിന്നാണ്. സഹപാഠികളിലൊരാൾ ഫാറൂഖ് അബ്ദുല്ലയായിരുന്നു. അക്കാലത്ത് അദ്ദേഹത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ശൈഖ് അബ്ദുല്ലയാണ്. എന്നാൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ വഴിയായിരുന്നില്ല സമ്പത്തിൻ്റേത്. കമ്യൂണിസമായിരുന്നു സ്വാധീനിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സമ്പത്ത് സജീവമായി നിലകൊണ്ട കാലത്താണ് ശൈഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്യുന്നത്. ശ്രീ പ്രതാപ് കോളജിൽ വിദ്യാർഥിയായിരുന്ന സമ്പത്ത് ഇതിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചു.
വിദ്യാർഥി രാഷ്ട്രീയം കശ്മിരിൽ കരുപിടിപ്പിച്ച നേതാവുകൂടിയായിരുന്നു സമ്പത്ത്. കശ്മിരിൽ ആദ്യമായി വിദ്യാർഥി സംഘടന രൂപീകരിച്ചു. മുഹമ്മദ് യൂസുഫ് തരിഗാമിയെപ്പോലുള്ള വിദ്യാർഥി നേതാക്കൾ പിൽക്കാലത്ത് വളർന്നുവരുന്നത് അതിന്റെ ചുവടുപിടിച്ചാണ്. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന കാലത്താണ് പാകിസ്താനിൽ നിന്നുള്ള ഗോത്രവിഭാഗങ്ങൾ കശ്മിർ അക്രമിക്കുന്നത്. അക്രമികളെ ചെറുത്തു തോൽപ്പിക്കണമെന്ന് സമ്പത്ത് ശൈഖ് അബ്ദുല്ലയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പോഴും സർക്കാരുമായി ഏറ്റുമുട്ടേണ്ടിവന്നു സമ്പത്തിന്. അതിന്റെ പേരിൽ 1958ൽ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ നിയമം പഠിക്കാനെന്ന പേരിൽ പിതാവ് സമ്പത്തിനെ ജമ്മുവിലേക്കയച്ചു. സജീവ രാഷ്ട്രീയത്തിൽനിന്ന് സമ്പത്തിനെ മാറ്റിനിർത്തുകയായിരുന്നു ലക്ഷ്യം. അവിടെയും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം സി.പി.ഐയിൽ ചേരുന്നത് ഇക്കാലത്താണ്. പഠനം പാതിവഴിയിൽ മതിയാക്കി സർക്കാർ സർവിസിൽ ചേർന്നു, വൈകാതെ കശ്മിരിലേക്ക് തിരിച്ചെത്തി.
സർക്കാർ ഉദ്യോഗസ്ഥർക്ക് മാന്യ വേതനത്തിനുവേണ്ടി സമരം ചെയ്തുകൊണ്ടായിരുന്നു സമ്പത്ത് പിന്നീട് സർക്കാരിന് തലവേദനയായത്. 1967ൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കശ്മിരിലെ സർക്കാർ ഉദ്യോഗസ്ഥർ സമരം തുടങ്ങി. സംസ്ഥാന ചരിത്രത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ആദ്യ സമരമായിരുന്നു അത്. ഭരണം സ്തംഭിച്ചതോടെ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങി. അക്കാലത്തെ പണ്ഡിറ്റുകളുടെ പ്രമുഖ സംഘടനയായ പുനുൻ കശ്മിരിന്റെ ഭാഗമായിരുന്നു സമ്പത്ത്. കശ്മിരി പണ്ഡിറ്റുകൾക്ക് സ്വയംഭരണ പ്രദേശമെന്ന ലക്ഷ്യമായിരുന്നു സംഘടനയ്ക്കുണ്ടായിരുന്നത്. ഇതിനുവേണ്ടിയുള്ള സമരത്തിന്റെ പേരിൽ സമ്പത്ത് പ്രകാശ് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു തവണ ജയിലിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ കത്ത് ഹരജിയായി സ്വീകരിച്ച് സുപ്രിംകോടതി നേരിട്ട് ഇടപെട്ടാണ് സമ്പത്തിനെ മോചിപ്പിച്ചത്.
കശ്മിരി മുസ്‌ലിംകളും പണ്ഡിറ്റുകളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും സുഖത്തിലും ദുഃഖത്തിലും അവർ ഒന്നിച്ച് നിലകൊള്ളേണ്ടവരാണ് എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം. മരണംവരെ ആ നിലപാടിന് മാറ്റമൊന്നും വരുത്തിയില്ല. ഇതോടെ ബി.ജെ.പി നേതാക്കൾ സമ്പത്തിനെ സമുദായ സ്‌നേഹമില്ലാത്തവനെന്നും ഭീകരവാദികൾക്കു വേണ്ടി വാദിക്കുന്നയാളെന്നും കുറ്റപ്പെടുത്തി.
താഴ്‌വരയിൽ പണ്ഡിറ്റ് വെടിയേറ്റു മരിക്കുമ്പോൾ മാത്രമുണ്ടാകുന്ന കോലാഹലങ്ങൾ സമ്പത്തിനെ അസ്വസ്ഥനാക്കി. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഒരിക്കൽ മറുപടി പറഞ്ഞു: ഒരു പണ്ഡിറ്റ് കൊല്ലപ്പെടുന്ന അതേസമയം കശ്മിരിൽ 50 മുസ്‌ലിംകളെങ്കിലും കൊല്ലപ്പെടുന്നുണ്ട്, അവർക്കുവേണ്ടി ആരു ശബ്ദിക്കും.
ജമ്മു കശ്മിർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലിക്കായിരുന്നു സമ്പത്ത് പ്രകാശിന്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ. കശ്മിരുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ യാസീനുമായി ചർച്ച ചെയ്യാൻ സമ്പത്ത് മടികാട്ടിയില്ല. 370ാം വകുപ്പും 35 എയും കശ്മിരിയത്തിന്റെ സുരക്ഷാ കവചങ്ങളാണെന്നായിരുന്നു സമ്പത്ത് വിശ്വസിച്ചിരുന്നത്. അത് പണ്ഡിറ്റുകളുടെയും മുസ്‌ലിംകളുടെയും താൽപര്യം ഒരുപോലെ സംരക്ഷിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെതിരേ ഉയരുന്ന വെല്ലുവിളികളെ ചെറുക്കാതിരുന്ന സർക്കാരുകളെ ശക്തമായി വിമർശിച്ചു.
കശ്മിർ പാർതാബ് സിങ് ഭരിച്ചിരുന്ന കാലത്ത് 35എ കൊണ്ടുവരാൻ ജിയാ ലാൽ കലിം, പ്രൊഫസർ ജിയാ ലാൽ കൗൾ, ശങ്കർ ലാൽ കൗൾ, ജിയാ ലാൽ ജലാലി തുടങ്ങിയ തന്റെ പൂർവികർ നടത്തിയ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. പണ്ഡിറ്റുകളുടെ പലായനം സാമുദായിക കലഹത്തിന്റെ ഫലമല്ലെന്നും ചരിത്രത്തിന്റെ അപകടമാണെന്നും അദ്ദേഹം വാദിച്ചു. ഈ പ്രക്ഷുബ്ധ കാലഘട്ടത്തിൽ ഭൂരിപക്ഷം വരുന്ന കാശ്മിരി മുസ് ലിംകളുടെ കൂട്ടായ നിശബ്ദതയിൽ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
കശ്മിർ പ്രശ്‌നത്തെ തൊഴിലാളി പ്രക്ഷോഭമെന്ന നിലയിലുള്ള കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനെ താഴ്‌വരയിൽ രൂപപ്പെടുത്തിയ നേതാവായിരുന്നു സമ്പത്ത് പ്രകാശ്. ദോഗ്ര ഭരണകാലത്ത് അവകാശങ്ങളില്ലാതിരുന്ന ഭൂരിപക്ഷം വരുന്ന തൊഴിലാളികൾ കരിനിയമങ്ങൾ എടുത്തുകളയാനും അവകാശങ്ങൾക്കുമായി നടത്തിയ സമരത്തിന്റെ തുടർച്ചയാണ് ഇന്നത്തെ കശ്മിർ സമരവും. കമ്പളി വസ്ത്രങ്ങൾക്ക് 85 ശതമാനം നികുതി ഏർപ്പെടുത്തിയതിനെതിരേ 1865 ഏപ്രിൽ 29ന് കശ്മിരികൾ നടത്തിയ സമരമാണ് ലോകത്തെ ആദ്യത്തെ തൊഴിലാളി സമരങ്ങളിൽ ഒന്ന്. മെയ് ദിനമാഘോഷിക്കുന്ന ഷിക്കാഗോയിലെ തൊഴിൽസമരമെല്ലാം വരുന്നത് ഏറെക്കാലം കഴിഞ്ഞാണ്.
വർഗീയതയുടെ പ്രളയത്തിൽ ബോധ്യങ്ങളെ മുങ്ങിത്താഴാൻ വിട്ടില്ലെന്നതാണ് കശ്മിർ രാഷ്ട്രീയത്തിൽ സമ്പത്ത് പ്രകാശിന്റെ പ്രസക്തി. താഴ്‌വരയിലെ ഏറ്റവും സ്വാധീനമുള്ള പണ്ഡിറ്റ് നേതാവായിരുന്നു അദ്ദേഹം. അവസരങ്ങളുണ്ടായിട്ടും അധികാര രാഷ്ട്രീയത്തോട് നിലപാടുകൾ മയപ്പെടുത്തി സന്ധിയാകാൻ തയാറായില്ല. ജീവിതത്തിന്റെ വലിയ പങ്ക് ജമ്മുവിൽ കഴിയേണ്ടിവന്നെങ്കിലും കശ്മിരിൽ തന്നെ അന്തിയുറങ്ങണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹത്തിന് തടസമുണ്ടായില്ല. കശ്മിരിലെ കരൺനഗറിലെ ശ്മശാനത്തിൽ സമ്പത്തിന് ചിതയൊരുങ്ങി. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഉമർ അബ്ദുല്ല, തരിഗാമിയടക്കമുള്ള നേതാക്കളും പങ്കെടുത്തു. കശ്മിരിലെ വലിയൊരു ജനസമൂഹം തന്നെയാണ് സമ്പത്തിന് അന്ത്യയാത്ര നേരാനെത്തിയത്. അതിൽ ഭൂരിഭാഗവും കശ്മിരി മുസ്‌ലിം നേതാക്കളായിരുന്നു. തങ്ങൾവേണ്ടി സംസാരിച്ച സമ്പത്തിനെ അവർക്കെങ്ങനെ മറക്കാനാവും.
Content Highlights:Today's Article jul 31 by k.a.salim
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."