ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും; അവസാനവട്ട ഒരുക്കത്തില്‍ തൊഴിലാളികള്‍
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
തിരുവനന്തപുരം: 52 ദിവസം നിണ്ടുനിന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. ട്രോളിങ് അവസാനിക്കുന്നതോടെ തുറമുഖങ്ങള്‍ വീണ്ടും സജീവമാകും. ഇതിനോടകം തന്നെ കടലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ചിട്ടുണ്ട്. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അവസാനവട്ട ഒരുക്കത്തിലാണ് തൊഴിലാളികള്‍.
ട്രോളിങ് അവസാനിക്കുന്നതോടെ ഇന്ന് അര്‍ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ നിന്നുള്ള സംഘം നാളെ ഉച്ചയോടെ തീരത്തെത്തും. അതേസമയം യന്ത്രവല്‍കൃത ബോട്ടുകളില്‍ മീന്‍ പിടിത്തം തുടങ്ങുന്നതോടെ മീന്‍ വിലയില്‍ കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍.
കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം കേരള കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം ബുധനാഴ്ചവരെ തെക്കന്‍ ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വ്യാഴാഴ്ചവരെ വരെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള കോമോറിന് പ്രദേശങ്ങളിലും, ഇന്ന് തെക്ക് കിഴക്കന്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില സമയത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."