ഹരിയാന: കലാപം പടരാതെ നോക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം- മുസ് ലിം ലീഗ്
ഹരിയാന: കലാപം പടരാതെ നോക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം
ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും ഇന്നലെയും ഇന്നുമായി നടക്കുന്ന വർഗീയ സ്വഭാവമുള്ള അക്രമങ്ങൾ രാജ്യത്തെ അമ്പരപ്പിക്കുന്നതാണെന്നും അവ പടർന്ന് കയറാതിരിക്കുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് എംപിമാർ ലോക്സഭയിലും രാജ്യസഭയിലും സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
ഹരിയാനയിലെ ഈ പ്രദേശങ്ങളിൽ ഉണ്ടായ സംഭവവികാസങ്ങൾ രാജ്യത്തിന്റെ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനകം അഞ്ചു പേർ അവിടെ കൊലചെയ്യപ്പെട്ടു. 26 വയസ്സുള്ള ഇമാം, 2 സെക്യൂരിറ്റി ഗാർഡ് അടക്കം മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നും ലീഗ് നേതാക്കൾ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പള്ളിക്കകത്ത് കയറി പള്ളിയിലെ മിമ്പർ അഗ്നിക്ക് ഇരയാക്കിയ സംഭവം വരെ അവിടെ ഉണ്ടായിട്ടുണ്ട്.
ഗവൺമെന്റ് യതാർത്ഥത്തിൽ ഉത്തരവാദിത്വബോധത്തോടെ കൂടി പ്രവർത്തിച്ചിട്ടില്ല. അവിടുത്തെ ഉപ മുഖ്യമന്ത്രി തന്നെ പറഞ്ഞത് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ്മണ്ഡൽ ജലഭിഷേക് യാത്ര ഗവൺമെന്റിനെ പോലും അറിയിക്കാതെ നടത്തി എന്നുള്ളതാണ്.
മാത്രമല്ല പള്ളിക്ക് തീയിട്ടതിനു പുറമേ വളരെയേറെ നാശനഷ്ടങ്ങളാണ് അവിടെ ഉണ്ടാക്കിയത് എന്നാണ് പത്രവാർത്തകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
നൂഹിലെ സംഘർഷം സമീപപ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും പടർന്നിട്ടുണ്ട്. പരിസരത്തുള്ള ചേരി പ്രദേശങ്ങളിൽ അന്തിയുറങ്ങുകയായിരുന്ന പാവങ്ങൾ അവിടം വിട്ട് ഓടിപോകേണ്ടി വന്നിട്ടുണ്ട്. വീടുകൾ പലതും അഗ്നിക്കിരിയായി. തങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് അതിന് ഇരയായവർ പറയുകയുണ്ടായി.
ഇന്ത്യയിൽ ഗൗരവകരമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ട ചില കാര്യങ്ങളുണ്ട് എന്നും നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഗ്യാൻവാപി അതിലൊന്ന് മാത്രമാണ്.
ഗ്യാൻ വാപിയിൽ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ആശിർവാദത്തോടെ കൂടി നടക്കുന്ന കാര്യങ്ങൾ വിലയിരുത്തുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾ ഉപയോഗിക്കാൻ പോകുന്ന ഏറ്റവും വലിയ ആയുധം വർഗീയത തന്നെയാണെന്ന് നമുക്ക് ബോധ്യപ്പെടാൻ സാധിക്കും.
മുസ്ലിം ലീഗ് ഇക്കാര്യത്തിൽ ശക്തമായ സമീപനം എടുക്കുകയും എല്ലാ വിധത്തിലും അവിടെ 1991ലെ ആരാധനാലയ സംരക്ഷണ നിയമം യാതൊരു പരിതസ്ഥിതിയിലും അലങ്കോലപ്പെടുത്താൻ സമ്മതിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബിജെപി ഗ്യാൻവാപി പള്ളിയുടെ ഉടമസ്ഥതക്കു വേണ്ടി അവകാശവാദം ഉന്നയിക്കുന്നതിനു പുറമേ മറ്റു പല പള്ളികളുടെ പേരിലും അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്തുണ്ട്.
ഈ കാര്യങ്ങൾ എല്ലാം സംഭവിക്കുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണം വരുത്താൻ വേണ്ടി എന്ത് വിധ കുഴപ്പങ്ങൾ രാജ്യത്ത് കുത്തിപ്പൊക്കി അതിലൂടെ മുതലെടുപ്പ് നടത്തിയാലും വേണ്ടിയില്ല എന്ന ബിജെപിയുടെ സമീപനങ്ങൾ ശക്തമായിട്ട് വിലയിരുത്തേണ്ടതാണ്.
ഹരിയാനയിൽ ഇപ്പോൾ ഉണ്ടായതു പോലെയുള്ളത് ഇനിയും ആവർത്തിക്കരുത്. ഇത്തരം സംഗതികൾ ഊതി വീർപ്പിച്ച് ആളുകൾക്കിടയിൽ പ്രകോപനം ഉണ്ടാക്കുന്ന ബിജെപിയുടെ നയം തിരുത്തേണ്ടത് ആണെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അടിയന്തരമായി അവിടെ സമാധാനം പുനസ്ഥാപിക്കാനും മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം കൊടുക്കുവാനും സന്നദ്ധമാകണമെന്നും നേതാക്കളാവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ.എം. പി അബ്ദുസ്സമദ് സമദാനി എംപി, നവാസ് ഗനി എംപി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."