ഹോട്ടൽ മുറികൾക്കും റെസ്റ്റോറന്റുകൾക്കുമുള്ള ഫീസ് കുറച്ച് അബുദാബി; സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
ഹോട്ടൽ മുറികൾക്കും റെസ്റ്റോറന്റുകൾക്കുമുള്ള ഫീസ് കുറച്ച് അബുദാബി; സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
അബുദാബി: അബുദാബി എമിറേറ്റിലെ ഹോട്ടലുകൾക്ക് ബാധകമായ സർക്കാർ ഫീസ് കുറച്ചു. കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് - അബുദാബി (ഡി.സി.ടി - അബുദാബി) യാണ് ഫീസ് കുറച്ച് ഉത്തരവിറക്കിയത്. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുടെ തുടർച്ചയായ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഫീസ് കുറക്കുന്നതോടെ റൂമുകളുടെ വിളയിൽ കാര്യമായ കുറവ് വരും. ഇത് കൂടുതൽ ആളുകളെ ഹോട്ടലുകളിലേക്ക് അടുപ്പിക്കുമെന്നാണ് പ്രതീക്ഷ. അബുദാബിയെ ആഗോള വിനോദ വിനോദസഞ്ചാര കേന്ദ്രമാക്കുക കൂടി ലക്ഷ്യമിടുന്നുണ്ട് ഡി.സി.ടി - അബുദാബി.
2023 സെപ്റ്റംബർ 1 മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ഇതോടെ അതിഥികൾ നൽകുന്ന ടൂറിസം ഫീസ് ആറ് ശതമാനത്തിൽ നിന്ന് നാല് ശതമാനമായി കുറയും. ഒരു മുറിക്ക് ഒരു രാത്രിക്ക് 15 ദിർഹം എന്ന മുനിസിപ്പാലിറ്റി ഫീസ് എടുത്ത് കളയും. ആറ് ശതമാനം ടൂറിസം ഫീസും ഹോട്ടൽ റെസ്റ്റോറന്റുകൾക്ക് ബാധകമാക്കിയ നാല് ശതമാനം മുനിസിപ്പാലിറ്റി ഫീസും എടുത്തുകളയും. ഉപഭോക്താവിന് നൽകുന്ന ഇൻവോയ്സിന്റെ മൂല്യത്തിന്റെ 4 ശതമാനത്തിന് മുനിസിപ്പാലിറ്റി ഫീസ് തുടരും.
2023 അവസാനത്തോടെ എമിറേറ്റിനെ ഒരു ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി, 24 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനാണ് യുഎഇ തലസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അബുദാബിയും യൂറോപ്പും തമ്മിലുള്ള വ്യോമ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരു കരാറിൽ നേരത്തെ ഒപ്പുവച്ചിരുന്നു. ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെ.എൽ.എമ്മുമായി ഡി.സി.ടി അബുദാബി ലൂവ്രെ അബുദാബിയിൽ ധാരണാപത്രം ഒപ്പുവച്ചു. പാരീസിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ വഴി അബുദാബിയുടെ ആഗോള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിനായിരുന്നു ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."