ഏഴുപേർ കൊള്ളും എയർക്രോസിൽ
ഹ്യുണ്ടായി ക്രെറ്റയുടെ വലിപ്പമുള്ള ഒരു മിഡ് സൈസ് എസ്.യു.വയിൽ ഏഴുപേർക്ക് കയറാനാകുമോ? അതെ എന്നതാണ്ണ് ഇതിന് ഫ്രഞ്ച് വാഹന നിർമാതാക്കളായ പി.എസ്.എ ഗ്രൂപ്പിൻ്റെ സിട്രൺ നൽകുന്ന മറുപടി. സിട്രന്റെ പുതിയ സി3 എയർക്രോസിൽ ഏഴു പേർക്ക് യാത്ര ചെയ്യാം. ഇനി പുറകിലെ മൂന്നാമത്തെ സീറ്റ് ആവശ്യമില്ലെങ്കിൽ എടുത്തുമാറ്റിയാൽ ലഭിക്കുന്നത് വലിയൊരു ലഗേജ് ഏരിയയാണ്. കിയയുടെ മുഖം മിനുക്കിയ സെൽട്ടോസും ഹോണ്ടയുടെ എലവേറ്റും അടക്കം മത്സരം കടുപ്പിച്ചിരിക്കുന്ന മിഡ് സൈസ് എസ്.യു.വി വിഭാഗത്തിലാണ് സി 3 എയർക്രോസുമായി സിട്രണും ഒരു കൈ നോക്കാനൊരുങ്ങുന്നത്. ഹ്യുണ്ടായി ക്രെറ്റയ്ക്ക് സമാനമായി 4300 മില്ലീമീറ്റർ നീളമുള്ള എയർക്രോസ് ഏഴു സീറ്റിൽ മാത്രമല്ല ഫൈവ് സീറ്റർ കോൺഫിഗറേഷനിലും നിരത്തിലിറങ്ങും.
ഒരിക്കൽ ഇന്ത്യവിട്ട ശേഷം രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയവരാണ് സിട്രൻ്റെ നിർമാതാക്കളായ പി.എസ്.എ ഗ്രൂപ്പ്. പ്യൂഷെ 309 എന്ന പേരിൽ 90 കളുടെ അവസാനത്തിൽ ഇവർ ഇന്ത്യയിൽ കാറുകൾ നിർമിച്ചിരുന്നു. പിന്നീട് പങ്കാളികളായ ഇന്ത്യയിലെ പ്രീമിയർ ഒാട്ടോമൊബൈൽസുമായുള്ള പ്രശ്നങ്ങൾ കാരണം കാർ നിർമാണം അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും 2022 ൽ സിട്രൺ എന്ന ബ്രാൻഡിലൂടെയാണ് പി.എസ്.എ ഇവിടെ അവതരിച്ചത്. സി 5 എയർക്രോസ് എന്ന പ്രീമിയം എസ്.യു.വിയാണ് ആദ്യം വന്നത്. 40 ലക്ഷം രൂപയോളം വില വരുന്ന വാഹനം റോഡിൽ ആധികം കാണാനില്ലായിരുന്നു. രണ്ടാമതായി സിട്രൺ സി3 എന്ന മിനി എസ്.യു.വി റോഡിലിറങ്ങിയപ്പോഴാണ് ഇന്ത്യക്കാർ ഇൗ കമ്പനിയെ അറിഞ്ഞുതുടങ്ങിയത്. പിന്നാലെ eC3 എന്ന പേരിൽ ഇതിൻ്റെ ഇലക്ട്രിക് മോഡലും എത്തി. അടുത്തതാണ് മിഡ് സൈസ് എസ്.യു.വി ആയി ഇപ്പോൾ എത്തിയ സി 3 എയർക്രോസ് .
സി 3 എന്ന മിനി എസ്.യു.വിയുടെ അതേ പ്ളാറ്റ്ഫോമിലാണ് എയർക്രോസ് നിർമിച്ചിരിക്കുന്നതെങ്കിലും നീളം കൂട്ടുകയാണ് സിട്രൺ ചെയ്തത്. മുന്നിലെ ബോണറ്റും ഹെഡ്ലൈറ്റും അടക്കമുള്ള ഒരു പാടു കാര്യങ്ങളിൽ തൻ്റെ കുഞ്ഞനിയനായ സി3യുമായി എയർക്രോസിന് സാമ്യം ഉണ്ട്. എന്നാൽ ഫ്രണ്ട് ബംപർ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ കാണാം. സ്കിഡ് പ്ളേറ്റ് അടക്കമുള്ളവ ലുക്ക് കൂട്ടാനായി ഇവിടെ നൽകിയിട്ടുണ്ട്.
മുന്നിലെ ഡോർ കഴിഞ്ഞുള്ള ഭാഗങ്ങൾ റീ ഡിസൈൻഡ് ആണ് . മൂന്നാമത്തെ നിര സീറ്റിലേക്ക് കൂടി പോകാൻ സാധിക്കുന്ന തരത്തിൽ പിറകിലെ ഡോർ വലുതാക്കിയിട്ടുണ്ട്. 17 ഇഞ്ച് വീലുകൾക്കൊപ്പം സ്ക്വയർ വീൽ ആർച്ചുകളും ഡോറുകളിലെ പ്ളാസിറ്റ്ക് ക്ളാഡിങ്ങും സി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും റൂഫ് സ്പോയിലറും പിന്നിലെ ബംപറിലെ സ്കിഡ് പ്ളേറ്റുകളുമെല്ലാം സിട്രണ് ഭംഗികൂട്ടുന്നുണ്ട്.
ഒപ്പം ടു ടോൺ കളർ ഷേഡും വരുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു കാര്യം വാഹനത്തിൻ്റെ 200 മില്ലീമീറ്റർ വരുന്ന ഗ്രൗണ്ട് ക്ളിയറൻസാണ്. സി 3 യിലുള്ള 10 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ അടക്കമുള്ള വയും മാറ്റില്ലാതെ ഉള്ളിൽ സ്ഥലം പിടിച്ചിട്ടുണ്ട്. 511 ലിറ്റർ ആണ് ബൂട്ട് സ്പെയ്സ്. എന്നാൽ മൂന്നാം നിര സീറ്റുകൂടി വന്നാൽ ഒരു ബാഗ്പോയിട്ട് സൂചി കുത്താൻ പോലും ഇടം ഡിക്കിയിൽ ഉണ്ടാവില്ലെന്നതാണ് പ്രശ്നം. ലഗേജ് വയ്ക്കാൻ റൂഫ് കാരിയറോ മറ്റോ വയ്ക്കുകയേ പിന്നെ നിർവാഹമുള്ളൂ. ഡ്രൈവർ സീറ്റ് അത്യാവശ്യം കംഫർട്ട് തരുന്നവയാണ്. അൽപം ഉയർന്ന രീതിയിൽ ഉള്ള രണ്ടാം നിര സീറ്റ് ദീർഘദൂര യാത്രകളും സുഖപ്രദമാക്കും. ഇൗ കാറ്റഗറിയിൽ 5+2 സീറ്റിങ് സംവിധാനം വരുന്ന ഒരേയൊരു എസ്.യു.വി ആയ എയർക്രോസിലെ മൂന്നാം നിര സീറ്റുകൾ ഏകദേശം ഫ്ളോറിനോട് ചേർന്നാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കായിരിക്കും കൂടുതൽ പ്രയോജനപ്പെടുക. ചെറിയ യാത്രകൾക്ക് മുതിർന്നവർക്കും ഉപയോഗപ്പെടുത്താമെന്ന് മാത്രം. എന്തൊക്കെ പറഞ്ഞാലും യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ഇത് വലിയൊരു അനുഗ്രഹം തന്നെയാണ്. ആവശ്യമില്ലെങ്കിൽ സീറ്റ് ഉൗരിമാറ്റുന്നതിന് വെറും 20 സെക്കൻഡ് സമയം മതി !. സീറ്റ് നീക്കിയാൽ സാധനങ്ങൾ വയ്ക്കാൻ 511 ലിറ്റർ ബൂട്ട് സ്പെയ്സും ലഭിക്കും. രണ്ടാം നിര സീറ്റുകൾ ഫോൾഡ് ചെയ്തും ലഗേജ് ഏരിയ വർധിപ്പിക്കാം.
108 ബി.എച്ച്.പി കരുത്തുള്ളതാണ് മൂന്ന് സിലിണ്ടറുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ. സിക്സ് സ്പീഡ് മാന്വൽ ആണ് ട്രാൻസ്മിഷൻ. ഒാട്ടോമാറ്റിക് ഏതായാലും ഇപ്പോൾ പ്രതീക്ഷിക്കേണ്ട. അതുപോലെ ഒഴിവായിപോയ മറ്റൊന്നാണ് സൺറൂഫ്. നല്ലൊരു എൻജിനാണ് നൽകിയിരിക്കുന്നതെങ്കിലും കുറച്ചുകൂടി കരുത്തുള്ള ഒന്നായിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന അഭിപ്രായം ഇല്ലാതില്ല. ഡോർ ഹാൻ്റിലും കീയുമെല്ലാം കണ്ടാൽ ചരിത്രാതീത കാലത്തോളം പഴക്കം തോന്നിക്കും. ഒരു ഫോൾഡബിൾ കീയെങ്കിലും ഇന്ന് നൽകേണ്ടേ?
സസ്പെൻഷൻ സോഫ്റ്റ് ആണെങ്കിലും വളവുകളും മറ്റും വേഗതയിൽ തിരിയുമ്പോൾ ഇൗ സോഫ്റ്റ് സെറ്റപ്പ് ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ എയർക്രോസിന് കാണാനില്ലെന്നതാണ് ഒരു ഗുണം. ഇനി വില അറിയണമെങ്കിൽ ഒരു മാസം കൂടി കാത്തിരിക്കേണ്ടിയും വരും. ഇന്ന് എസ്.യു.വികൾ ഫീച്ചർ റിച്ച് ആയിക്കൊണ്ടിരിക്കുമ്പോൾ ഒാട്ടോമാറ്റിക് ഗ്രാൻസ്മിഷന്റെയും സൺറൂഫിന്റെയുമൊക്കെ അഭാവം ഇൗ ഫ്രഞ്ച് പോരാളിയെ കിതപ്പിക്കുമോ എന്ന സംശയം ഇല്ലാതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."