ഒരു വിദ്യാര്‍ഥിയും നാല് അധ്യാപകരും; വെള്ളൂരില്‍ വേറിട്ടൊരു സ്കൂള്‍!
നാദാപുരം: സ്കൂളില്‍ പഠിക്കുന്നത് ഒരു വിദ്യാര്‍ഥി, വിദ്യാര്‍ഥിയെ പഠിപ്പിക്കാന്‍ നാല് അധ്യാപകരും. തൂണേരി വെള്ളൂര്‍ നോര്‍ത്ത് എല്‍.പി സ്കൂളിലാണു വിചിത്രകരമായ ഈ വിദ്യാര്‍ഥി അനുപാതം നിലനില്‍ക്കുന്നത്. അധ്യാപകരില്‍ രണ്ടുപേരെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം പുനര്‍വിന്യസിച്ചിരുന്നു. ശേഷിക്കുന്ന രണ്ട് അധ്യാപകര്‍ ഏക വിദ്യാര്‍ഥിക്കു വേണ്ടിയാണ് സ്കൂളിലെത്തുന്നത്. കുട്ടി വന്നില്ലെങ്കില്‍ അധ്യാപികമാര്‍ വെറുതെയിരിക്കണം. വെള്ളൂരില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നു ജീവഭയത്താല്‍ നാട്ടുകാര്‍ വീടൊഴിഞ്ഞതോടെയാണ് സ്കൂള്‍ ഈ അവസ്ഥയിലായത്. വീടൊഴിഞ്ഞവരില് സ്കൂളിലെ ഏക വിദ്യാര്‍ഥിയുടെ കുടുംബവുമുണ്ട്. വെള്ളൂര്‍ മേഖല സാധാരണ നില കൈവരിക്കാത്തതിനാല്‍ കുടുംബം ഇതുവരെ തിരിച്ചുവന്നിട്ടില്ല. ഇതോടെ വിദ്യാലയത്തില്‍ പത്തു ദിവസത്തോളമായി അധ്യയനം മുടങ്ങിക്കിടക്കുകയാണ്.
സ്കൂളിലെത്തുന്ന അധ്യാപികമാര്‍ക്കു നിലവില്‍ വെറുതെയിരുന്നു സമയം കളയേണ്ട സ്ഥിതിയാണ്. കുട്ടികളുടെ എണ്ണക്കുറവുമൂലം ഇരുപത്തിയഞ്ചില്‍ താഴെ കുട്ടികളുള്ള നിരവധി വിദ്യാലയങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സംരക്ഷണ പട്ടികയുടെ ആനുകൂല്യത്തിലാണ് ഇത്തരം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."