പ്രളയക്കെടുതി; ഹിമാചലില്‍ മരണം 50 കടന്നു; പഞ്ചാബിലും ഹരിയാനയിലും ജാഗ്രത നിര്‍ദേശം
പ്രളയക്കെടുതി; ഹിമാചലില്‍ മരണം 50 കടന്നു; പഞ്ചാബിലും ഹരിയാനയിലും ജാഗ്രത നിര്‍ദേശം
ഷിംല: ഹിമാചല്‍ പ്രദേശില്‍ ദുരിതം വിതച്ച കാലവര്‍ഷക്കെടുതിയില്‍ മരണം 51 ആയി. ഉരുള്‍പൊട്ടലിലും മിന്നല്‍ പ്രളയത്തിലും നിരവധി പേരെ കാണാതായിട്ടുമുണ്ട്. ഇവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഷിംലയില്‍ മാത്രം മണ്ണിടിച്ചിലില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു. മാണ്ഡി ജില്ലയില്‍ 19 പേരും സമ്മര്‍ ഹില്‍സിലെ ശിവക്ഷേത്രം തകര്‍ന്ന് ഏഴ് പേരും മരിച്ചു. പ്രളയക്കെടുതിയില്‍ 20 പേരെ കാണാതായതായും ജോഷിമഠില്‍ അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ശക്തമായ മഴയില്‍ സംസ്ഥാനത്തെ വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 752 റോഡുകളാണ് ഇതിനോടകം അടച്ചത്. ഉരുള്‍ പൊട്ടി അപകടമുണ്ടായ ക്ഷേത്രത്തില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയോടൊപ്പം സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്തോ ടിബറ്റന്‍ പൊലിസ് ഫോഴ്‌സ് എന്നിവരും സഹായങ്ങള്‍ ഒരുക്കുന്നുണ്ട്. മഴ തുടരുമെന്നിരിക്കെ മരണ സംഖ്യ ഉയരാനാണ് സാധ്യത.
ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച മാത്രം 4 പേരാണ് മരിച്ചത്. ഇന്നും സംസ്ഥാനത്തെ ഒറ്റപ്പെട്ട ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 18 വരെ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."