ഇ-സിഗരറ്റ് മുതൽ മന്ത്രവാദം വരെ; 45 ഇനം വസ്തുക്കൾ കൊണ്ടുവരുന്നതിന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ
ഇ-സിഗരറ്റ് മുതൽ മന്ത്രവാദം വരെ; 45 ഇനം വസ്തുക്കൾ കൊണ്ടുവരുന്നതിന് നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ
+അബുദാബി: 45 ഇനം വസ്തുക്കൾ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി രാജ്യം. ചില വസ്തുക്കൾ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. യുഎഇയിലേക്ക് വരുന്നവർ നിരോധിച്ചിരിക്കുന്ന സാധനങ്ങളുടെയും നിയന്ത്രണങ്ങൾക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നിർദ്ദേശം നൽകി.
യുഎഇ സർക്കാർ ചില ചരക്കുകളുടെ പ്രവേശനം നിരോധിക്കുകയും മറ്റുള്ളവയെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ജി.സി.സി രാജ്യങ്ങളുടെ പൊതു കസ്റ്റംസ് നിയമമോ യുഎഇയിൽ ബാധകമായ മറ്റേതെങ്കിലും നിയമമോ നിയന്ത്രണമോ പ്രകാരം ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചിരിക്കുന്നവ വസ്തുക്കളെയാണ് നിരോധിത വസ്തുക്കളായി കണക്കാക്കുന്നത്. ഇറക്കുമതിയും കയറ്റുമതിയും പരിമിതപ്പെടുത്തിയിരിക്കുന്ന ചരക്കുകളാണ് നിയന്ത്രിത ചരക്കുകൾ. ഇവ ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതി ആവശ്യമാണ്.
ലഹരിവസ്തുക്കളും മയക്കുമരുന്ന് പദാർത്ഥങ്ങളും, പൈറേറ്റഡ് ഉള്ളടക്കം, വ്യാജ കറൻസി, ബ്ലാക്ക് മാജിക്, മന്ത്രവാദം അല്ലെങ്കിൽ മന്ത്രവാദത്തിൽ ഉപയോഗിക്കുന്ന ഇനങ്ങൾ, ഇസ്‌ലാമിക പ്രബോധനങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമോ വെല്ലുവിളിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും, ചൂതാട്ട ഉപകരണങ്ങളും യന്ത്രങ്ങളും എന്നിവയെല്ലാം നിരോധിത വസ്തുക്കളാണ്.
ജീവനുള്ള മൃഗങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപ്പന്നങ്ങളും, ന്യൂക്ലിയർ എനർജി ഉൽപ്പന്നങ്ങൾ, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ലഹരിപാനീയങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, പുതിയ വാഹന ടയറുകൾ എന്നിവ നിയന്ത്രിത വസ്തുക്കളിൽ ഉൾപ്പെടുന്നു.
താഴെപ്പറയുന്ന ലിങ്ക് വഴി അബുദാബിയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ നിരോധിത വസ്തുക്കൾ മനസിലാക്കാം. https://www.adcustoms.gov.ae/ar-AE/Restricted-Banned-Commodities
നിരോധിച്ച വസ്തുക്കൾ കൊണ്ടുവരുന്നത് കള്ളക്കടത്തായാണ് കണക്കുക. അതിനാൽ ഇത്തരം വസ്തുക്കൾ കൊണ്ടുവന്നാൽ സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ, പിഴയും അല്ലെങ്കിൽ തടവും കിട്ടാൻ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."