വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി; വീണ്ടും ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍
വീണ്ടും ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ കമ്പനിയില്‍ നടന്നത് പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ്. വീണയുടെ കമ്പനിയുടെ കണക്കുകള്‍ നിരത്തിയായിരുന്നു എംഎല്‍എയുടെ ആരോപണങ്ങള്‍.
42 ലക്ഷം രൂപ അധികമായി സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.
കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദന്‍ മാറി.സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന കുഴല്‍നാടന്‍ ആരോപിച്ചത്.
'ഇനിയും അമ്പേൽക്കാൻ താൻ തയ്യാറാണ്. ഇനിയും തന്നെ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ശരശയ്യയിൽ കിടത്തിക്കോളൂ.
താൻ എന്തും നേരിടാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. വിജിലൻസ് ഉറങ്ങുകയാണോ. കോടതികളിൽ മാത്രമാണ് വിശ്വാസം. ധനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികളിലേക്ക് കടക്കും. ഈ വിഷയവുമായി മുന്നോട്ടു പോകാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്ക് അനുമതി നൽകിയിട്ടുണ്ട്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് കാണുന്നത്. ഒരു കമ്പനിയിൽ നിന്ന് മാത്രമല്ല ഇത്തരത്തിൽ പണം വാങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന്റെ കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്.വീണയുടെ കമ്പനി വിദേശ നാണ്യം വാങ്ങിയതായി രേഖകൾ ഉണ്ട്. എന്നാൽ വിദേശത്ത് എന്ത് സേവനമാണ് നൽകിയത് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങൾക്കും ഈ ചോദ്യങ്ങൾ ചോദിക്കാൻ ഭയമാണോയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."