ചരിത്രം കോരിത്തരിക്കുമ്പോൾ ഞങ്ങളുമുണ്ട് ഒപ്പം
ബഹിരാകാശ രംഗത്ത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച അതുല്യ വിജയമാണ് ഇന്നലെ ചന്ദ്രയാന്‍ – 3, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സോഫ്റ്റ് ലാന്റിങ്ങിലൂടെ സാധ്യമാക്കിയത്. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ചന്ദ്രയാന്‍ – 3നെ വിശേഷിപ്പിക്കാം. ഈ നേട്ടത്തില്‍ ലോകത്തെവിടെയുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ട്. നമ്മുടെ ചിരകാല സ്വപ്നത്തെ സാക്ഷാത്കരിച്ചതിന് ഐ.എസ്.ആര്‍.ഒയിലെ ഉൗർജിത സംഘം രാജ്യത്തിന്റെ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നു. ഒപ്പം ഞങ്ങളും ചേരുന്നു, ഹൃദയം തൊട്ടുള്ള അഭിനന്ദനങ്ങളിൽ.
ചൊവ്വയില്‍ പേടകം ഇറക്കാനും വര്‍ഷങ്ങള്‍ നീണ്ട പര്യവേക്ഷണം നടത്താനും സാധിക്കുമ്പോള്‍ ഭൂമിയുടെ തൊട്ടടുത്തുള്ള ഉപഗ്രഹമായ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കാന്‍ എന്താണ് ഇത്രവലിയ പ്രതിസന്ധിയെന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായേക്കാം. പക്ഷേ ശാസ്ത്രത്തിന് കണക്കുകൂട്ടാന്‍ കഴിയുന്നതിലുമപ്പുറം സങ്കീര്‍ണതകളുള്ള മേഖലയിലാണ് ഇന്ത്യയുടെ ദൗത്യം വിജയക്കൊടി പാറിച്ചതെന്നത് എടുത്തുപറയേണ്ടതാണ്. ചന്ദ്രനിലേക്ക് പേടകം അയക്കുന്നതോ ഭ്രമണപഥത്തില്‍നിന്ന് ചന്ദ്രനെ നിരീക്ഷിക്കുന്നതോ വെല്ലുവിളികളുള്ള കാര്യമല്ല. പക്ഷേ ചന്ദ്രന്റെ മണ്ണില്‍ ഇറങ്ങാന്‍, പ്രത്യേകിച്ച് ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ വെല്ലുവിളി ചെറുതല്ല.
കാരണം, അന്തരീക്ഷമോ വായുവോ ഇല്ലാത്ത ചന്ദ്രന്റെ മണ്ഡലമാണ് ഇത് എന്നതാണ്. പാരച്യൂട്ടോ മറ്റോ ഉപയോഗിച്ച് പേടകത്തെ സുരക്ഷിതമായി ഇറക്കാന്‍ കഴിയാത്ത ഇവിടെ ത്രസ്റ്ററുകള്‍ ഉപയോഗിച്ചേ ലാന്റിങ് സാധ്യമാകുകയുള്ളൂ. ദക്ഷിണധ്രുവത്തില്‍ ഓരോ പ്രദേശത്തെയും അന്തരീക്ഷം, ഗുരുത്വാകര്‍ഷണ ബലം എന്നിവ പ്രവചനാതീതമാണ്. ഇവിടെയാണ് പേടകമിറക്കി ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ഇതുവരെ നിരവധി ചാന്ദ്ര ദൗത്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തിയെങ്കിലും ദക്ഷിണധ്രുവത്തില്‍ ആദ്യം പേടകമിറക്കിയെന്ന ഖ്യാതി ഇനി ഇന്ത്യക്ക് സ്വന്തം. കഴിഞ്ഞ ദിവസം റഷ്യയുടെ ലൂണ 25 പേടകം സോഫ്റ്റ് ലാന്റിങ്ങിന് ശ്രമിക്കും മുന്‍പ് തകര്‍ന്നുവീണിരുന്നു. ലൂണ 25 വിജയിച്ചെങ്കില്‍ ദക്ഷിണധ്രുവത്തില്‍ ആദ്യം പേടകം ഇറക്കുന്ന രാജ്യം എന്ന ഖ്യാതി റഷ്യക്ക് ലഭിക്കുമായിരുന്നു.
ചന്ദ്രനില്‍ നിരവധി തവണ പേടകമിറക്കി വിജയക്കൊടി പാറിച്ചതാണ് റഷ്യ. 47 വര്‍ഷം മുന്‍പ്, ലൂണ 24 നെ ചന്ദ്രനില്‍ വിജയകരമായി ഇറക്കിയ റഷ്യക്ക് ലൂണ 25ല്‍ പരാജയമുണ്ടായത്, അത് ദക്ഷിണധ്രുവമായതിനാലാണ്. ഇത്രയും സങ്കീര്‍ണ ദൗത്യമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് ചെയ്യുന്ന ഏതാനും മിനുട്ടുകളാണ് സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതും. പേടകം സ്വയം നിയന്ത്രിതമായാണ് ഈ സമയം പ്രവര്‍ത്തിക്കുക. ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ച സമയംതന്നെ പേടകം ചന്ദ്രന്റെ മണ്ണില്‍ തൊട്ടു. വൈകിട്ട് 5.45ന് തുടങ്ങിയ ലാന്റിങ് പ്രക്രിയ 18 മിനുട്ടുകൊണ്ട് വിജയം കണ്ടു!
ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന നേട്ടത്തിനും ഈ ദൗത്യത്തോടെ ഇന്ത്യ അര്‍ഹത നേടി. നേരത്തെ ചന്ദ്രയാന്‍ 2 ഉം ദക്ഷിണധ്രുവത്തിലാണ് ലാന്റിങ്ങിന് ശ്രമിച്ചതും പരാജയപ്പെട്ടതും. ഇതില്‍ നിന്നുള്ള പാഠമാണ് ചന്ദ്രയാന്‍ 3നെ വിജയത്തിലെത്തിച്ചത്. ചന്ദ്രയാന്‍ 2ന് 500 മീറ്റര്‍ പ്രദേശത്താണ് ലാന്റിങ് ക്ലിയറന്‍സ് ഉണ്ടായിരുന്നതെങ്കില്‍ ചന്ദ്രയാന്‍ 3ന് നാലു കി.മിവരെ വ്യാപ്തിയുള്ള പ്രദേശത്ത് ക്ലിയറന്‍സ് നടത്തി. ഓരോ വീഴ്ചയും ഐ.എസ്.ആര്‍.ഒ സംഘം മൂന്നാം ദൗത്യത്തില്‍ പരിഹരിച്ചു. അതിനാല്‍തന്നെ ഐ.എസ്.ആര്‍.ഒ സംഘം അവസാന നിമിഷത്തിലും പൂര്‍ണ ആത്മവിശ്വാസത്തിലായിരുന്നു. ചന്ദ്രയാന്‍ 2ന്റെ സിഗ്നല്‍ ഭൂമിയിലെത്തിക്കാനും തിരികെ സന്ദേശം അയക്കാനും ഉപയോഗിച്ചത് ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്റര്‍ വഴിയായിരുന്നു. ഈ ഓര്‍ബിറ്ററിലേക്ക് ചന്ദ്രയാന്‍ 3നെ ബന്ധിപ്പിക്കാന്‍ സാധിച്ചത് മറ്റൊരു വിജയമാണ്.
കഴിഞ്ഞ ദിവസം മുതല്‍ ഈ ഓര്‍ബിറ്റര്‍ വഴി ചന്ദ്രയാന്‍ 3ന് ബന്ധം സ്ഥാപിക്കാനും ഇരു ദിശയിലേക്കുമുള്ള ആശയവിനിമയം നടത്താനും കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഭൂമിയില്‍നിന്നുള്ള സന്ദേശം കൈമാറുന്നത് ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്റര്‍ വഴിയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാന്‍സിനസ് സി, സിംപിലിയസ് എന്‍ എന്ന ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയത്. നാലു കി.മി വീതിയും 2.4 കി.മി നീളവുമുള്ള പ്രദേശമാണ് ലാന്റിങ്ങിന് തെരഞ്ഞെടുത്തത്. സെക്കന്റില്‍ 1.68 കി.മി എന്ന വേഗത്തില്‍നിന്ന് സെക്കന്റില്‍ 358 മീറ്റര്‍ എന്ന വേഗത്തിലേക്ക് 690 സെക്കന്റുകൊണ്ട് പേടകത്തെ എത്തിക്കാന്‍ കഴിഞ്ഞു. കരുതലോടെ, സാങ്കേതിക തികവോടെ, പഴുതടച്ച സുരക്ഷയോടെയുള്ള ഐ.എസ്.ആര്‍.ഒയുടെ ജാഗ്രതയാണ് ദൗത്യത്തെ വിജയത്തിലെത്തിച്ചത്. ചന്ദ്രമണ്ണിലെ ഇന്ത്യയുടെ മുത്തം ചരിത്രമായി മാറുമ്പോൾ നമ്മളൊന്ന് പിറകോട്ട് തിരിഞ്ഞുനോക്കേണ്ടതുണ്ട്.
ഐ.എസ്.ആർ.ഒക്ക് മുൻപ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണം ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ചി(ഇൻകോസ്പാർ)നു കീഴിലായിരുന്നു. 1962ൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ബഹിരാകാശ ഗവേഷണത്തിന് ഈ സമിതിയെ നിയോഗിച്ചത്. അക്കാലത്തെ നേതാക്കളുടെ ശാസ്ത്രവീക്ഷണവും ദീർഘവീക്ഷണവും കൂടിയാണ് ഇന്ന് ഇന്ത്യയെ ബഹിരാകാശ രംഗത്ത് ലോകോത്തര ശക്തിയാക്കിയത്. ഈ സമിതിയാണ് 1969 ഓഗസ്റ്റ് 15ന് ഐ.എസ്.ആർ.ഒ ആയത്.
1957ൽ സോവിയറ്റ് യൂനിയൻ സ്പുട്‌നിക് വിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യക്ക് ബഹിരാകാശ ഗവേഷണം മുന്നോട്ടു കൊണ്ടുപോകാൻ സംവിധാനം വേണമെന്ന ആശയം ഉദിച്ചത്. നേരത്തെ ആണവ ഉൗർജവും ബഹിരാകാശ ഗവേഷണവും ഒന്നിച്ചായിരുന്നു. അന്നത്തെ ഡിപ്പാർട്‌മെന്റ് ഓഫ് ആറ്റമിക് എനർജി ഡയരക്ടറും ഇന്ത്യയുടെ ആണവോർജ പിതാവ് എന്നറിയപ്പെട്ട ഹോമി ജെ. ബാബയും ഇൻകോസ്പാറിൽ ഉണ്ടായിരുന്നു. 1962ൽ ഡോ. വിക്രം സാരാഭായ് ആയിരുന്നു ഇൻകോസ്പാർ ചെയർമാൻ.
1975ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ 3ലെത്തി നിൽക്കുന്ന രാജ്യത്തിന്റെ നേട്ടത്തിനു മുന്നിൽ ഈ മഹാരഥന്മാരുടെ താൽപര്യവും പിന്തുണയും സ്മരിക്കാതെ വയ്യ. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ ആകാശങ്ങളുടെ അതിരുകടന്ന ദീർഘവീക്ഷണമില്ലെങ്കിൽ ഇന്ന് ചന്ദ്രയാൻ 3 ന്റെ വിജയം ആഘോഷിക്കാൻ നമുക്കാകുമായിരുന്നില്ല. നാസയ്‌ക്കൊപ്പം, യൂറോപ്യൻ ബഹിരാകാശ ഏജൻസിക്കൊപ്പം ഒന്നിച്ചുനിൽക്കാൻ ഐ.എസ്.ആർ.ഒയെ പ്രാപ്തമാക്കിയത് ഇൗ പൂർവസൂരികൾതന്നെയാണ്.
Content Highlights:editorial in aug 24 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."