വീഡിയോ: അപകടകരമായ ഓവർടേക്കിങ്; 50,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടി ദുബൈ പൊലിസ്
വീഡിയോ: അപകടകരമായ ഓവർടേക്കിങ്; 50,000 ദിർഹം പിഴ, വാഹനം കണ്ടുകെട്ടി ദുബൈ പൊലിസ്
ദുബൈ: അപകടകരമായി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തതിന് ദുബൈയിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പൊലിസ് അറിയിച്ചു. തിരക്കേറിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് ഇയാൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. ഇയാളെ എത്ര അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോ പൊലിസ് പുറത്തുവിട്ടു.
അപകടകരമായി വാഹനമോടിച്ചതിന് 50,000 ദിർഹം പിഴ ചുമത്തിയതിന് പുറമെ ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ ചേർക്കുകയും ചെയ്തു.
സംഭവത്തിൽ ട്രാഫിക് പട്രോളിംഗ് ഉദ്യോഗസ്ഥർ തിടുക്കത്തിൽ പ്രതികരിച്ചില്ലെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. സംഭവം ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും അശ്രദ്ധമായ ഡ്രൈവറുടെ പ്രവൃത്തികൾ രേഖപ്പെടുത്തുകയും ചെയ്തു. ശേഷം അയാളുടെ വാഹനം സുരക്ഷിതമായി നിർത്താവുന്ന സ്ഥലത്ത് എത്തിയസമയത്താണ് ഇയാളെ തടഞ്ഞ് അറസ്റ്റ് ചെയ്തത് - അദ്ദേഹം പറഞ്ഞു
ദുബൈയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരത്തിൽ വാഹനമോടിക്കുന്നവർ 50,000 ദിർഹം പിഴ നൽകേണ്ടി വരും. അശ്രദ്ധമായോ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം ഓടിച്ചാലും ഈ പിഴ ലഭിക്കും. റെഡ് ലൈറ്റ് മറികടക്കുന്നതിനും ഇതേ പിഴ ബാധകമാണ്. റോഡുകളിൽ റേസിംഗ് നടത്തിയാൽ 100,000 ദിർഹം പിഴയായി നൽകേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."