സിയാലിന്റെ 70 ലക്ഷം ഓഹരികള്‍ കൂടി സ്വന്തമാക്കി യൂസഫലി
സിയാലിന്റെ 70 ലക്ഷം ഓഹരികള്‍ കൂടി സ്വന്തമാക്കി യൂസഫലി
ലുലു ഗ്രൂപ്പ് ഉടമയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടി (സിയാല്‍) ന്റെ രണ്ടാമത്തെ വലിയ ഓഹരിയുടമയുമായ എം എ യൂസഫലി 2023 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ 70 ലക്ഷം ഓഹരികള്‍ അധികമായി വാങ്ങിയെന്ന് മൈഫിന്‍പോയിന്റ് ഡോട്ട്‌കോമിന് ലഭിച്ച സിയാല്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം സിയാല്‍ ഓഹരികള്‍ ഒരു ഓഹരിവിപണിയിലും ലിസ്റ്റ് ചെയ്യാത്തതിനാല്‍ എത്ര രൂപയ്ക്കാണ് ഓഹരി കൈമാറ്റമെന്ന് അറിയാന്‍ സാധിക്കില്ല.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സിയാലിന്റെ 4.499 കോടി ഓഹരികളാണ് യൂസഫലിയുടെ കൈവശമുള്ളത്. കേരള സര്‍ക്കാരിനാണ് സിയാലിലെ ഏറ്റവും വലിയ ഓഹരി പങ്കാളിത്തമുള്ളത്. സര്‍ക്കാരിന്റെ കൈവശം 32.42 ശതമാനം ഓഹരികളാണുള്ളത്. യൂസഫലിയുടെ പക്കല്‍ 11.76 ശതമാനം ഓഹരികളും.
ഇതേ കാലയളവില്‍ സിയാലിലെ മൂന്നാമത്തെ വലിയ ഓഹരിയുടമയായ ജോര്‍ജ് നേരെപറമ്പില്‍ 12 ലക്ഷത്തോളം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 7.31 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴ്ന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യൂസഫലി സിയാലിലെ തന്റെ ഓഹരി പങ്കാളിത്തം 1.632 കോടിയില്‍ നിന്നും 2.867 കോടിയിലേക്കും നിലവിലെ 4.499 കോടിയിലേക്കും ഉയര്‍ത്തി. ഇതോടെ 11.46 ശതമാനം ഓഹരി പങ്കാളിത്തവും യൂസഫലിയുടെ കൈവശമായി. പത്ത് വര്‍ഷം മുമ്പ് 7.78 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സിയാലിലെ നാലാമത്തെ വലിയ ഓഹരിയുടമയായിരുന്നു യൂസഫലി. ജോര്‍ജ് നേരെപറമ്പിലിന്റെ കൈവശം 11.89 ശതമാനവും സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കൈവശം 8.16 ശതമാനവുമായിരുന്നു ഓഹരികളുണ്ടായിരുന്നത്.
റൈറ്റ് ഇഷ്യു
സിയാലിനു പുറമേ കണ്ണൂര്‍ വിമാനത്താവളത്തിലും കേരളം ആസ്ഥാനമായുള്ള ബാങ്കുകളിലും യൂസഫലിക്ക് ഓഹരി പങ്കാളിത്തമുണ്ട്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ട് ലിമിറ്റഡി (കിയാല്‍) ല്‍ 2022 സാമ്പത്തിക വര്‍ഷം അവസാനം 8.59 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മൂന്നാമത്തെ വലിയ ഓഹരിയുടമയാണ് യൂസഫലി.
അതേസമയം, സെപ്റ്റംബര്‍ 26 ന് നടക്കുന്ന എജിഎമ്മില്‍ അംഗീകൃത മൂലധനം നിലവിലെ 400 കോടിയില്‍ നിന്ന് 500 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ അനുമതി നേടാനിരിക്കുകയാണ് സിയാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."