വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കാന്‍ അനുമതി, അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കാന്‍ അനുമതി, അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാമെന്ന് പൊലിസിന് നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം. ഗവ. പ്ലീഡറില്‍നിന്നാണ് മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്‍ശന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരുമാണ് കേസില്‍ പ്രതികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പൊലിസിന് നിയമോപദേശം ലഭിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.
വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണെന്നായിരുന്നു പൊലിസ് കണ്ടെത്തല്‍. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കു വിധേയയാവുന്നതിനു മുമ്പ് ഹര്‍ഷിനക്ക് നടത്തിയ എം.ആര്‍.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തല്‍.എന്നാല്‍, ജില്ല മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നപ്പോള്‍ പൊലിസ് വാദം ഡോക്ടര്‍മാര്‍ തള്ളുകയായിരുന്നു. എം.ആര്‍.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ നിഗമനത്തിലെത്താനാവില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം.
അതേസമയം, മെഡിക്കല്‍ ബോര്‍ഡിന്റെ ഈ റിപ്പോര്‍ട്ടിനെ ആരോഗ്യമന്ത്രി നിയമസഭയില്‍ തള്ളിപ്പറഞ്ഞിു. അതിനിടെ കേസില്‍ മെഡിക്കല്‍ കോളജിനെതിരായ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്ന റിപ്പോര്‍ട്ട് അന്വേഷണോദ്യോഗസ്ഥനായ എ.സി.പി കെ. സുദര്‍ശന്‍ സിറ്റി പൊലിസ് കമീഷണര്‍ക്ക് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് അന്വേഷണ നടപടികളുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുതന്നെയാണെന്നും കുറ്റക്കാര്‍, അന്ന് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരുമാണെന്നുമാണ് എ.സി.പിയുടെ റിപ്പോര്‍ട്ട്.
അതേസമയം, കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലിസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് കാട്ടാന്‍ പൊലിസ് വ്യഗ്രത കാണിക്കുന്നു. ഇതിന് എന്ത് തെളിവാണ് പൊലിസിന്റെ കൈയിലുള്ളതെന്നാണ് കെജിഎംസിടിഎ ചോദിക്കുന്നത്. സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്നും നടപടിക്രമം പാലിക്കാതെ പൊലിസ് മുന്നോട്ട് പോയാല്‍ നോക്കിയിരിക്കില്ലെന്നും കെജിഎംസിടിഎ വക്താവ് ഡോ. ബിനോയ് എസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."