മുസ്‌ലിം വിദ്യാർഥിയെ മുഖത്ത് അടിപ്പിച്ച സംഭവം: സ്കൂൾ താത്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവ്
മുസ്‌ലിം വിദ്യാർഥിയെ മുഖത്ത് അടിപ്പിച്ച സംഭവം: സ്കൂൾ താത്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവ്
ലഖ്നൗ: സഹപാഠികളെക്കൊണ്ട് അധ്യാപിക മുസ്‌ലിം വിദ്യാർഥിയെ മുഖത്ത് അടിപ്പിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി സ്കൂൾ താത്കാലികമായി അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂട്ടിയത്.
അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിയാണ് മറ്റു മതസ്ഥരായ വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ മുഖത്തടിപ്പിച്ചത്. ഏഴ് വയസ്സുള്ള മുസ്‌ലിം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. പരാതിയെ തുടർന്ന് അധ്യാപികക്കെതിരെ കേസെടുത്തു. എന്നാൽ, സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ അധ്യാപിക ഇതുവരെ തയ്യാറായില്ല. ഇതൊരു ചെറിയ പ്രശ്‌നമാണെന്നാണ് അധ്യാപികയുടെ നിലപാട്.
അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. ഗ്രാമത്തലവനും കിസാന്‍ യൂണിയനുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവന്‍മാരും തന്റെ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 24നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപക മുസ്‌ലിം വിദ്യാര്‍ഥിയെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി മറ്റു വിദ്യാര്‍ഥികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."