സോണിയാ ഗാന്ധിയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്, എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്പില് എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.
അതേസമയം ഇ.ഡിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാജ്യമാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിക്കും. എന്നാല്‍ എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലിസ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ ഇഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര് അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."