വടകര കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവം: വടകര പൊലിസ് സ്റ്റേഷനില്‍ കൂട്ട സ്ഥലം മാറ്റം
വടകര: വാഹനാപകടവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന് (41) പൊലിസ് സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കൂട്ട സ്ഥലം മാറ്റം. വടകര സ്റ്റേഷനിലെ 28 പൊലിസുകാരെയാണ് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പൊലിസുകാര്‍ മാനുഷിക പരിഗണന നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. സംഭവത്തെത്തുടര്‍ന്ന് നേരത്തെ എസ്ഐ എം.നിജീഷ്, എഎസ്ഐ അരുണ്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെ സസ്പപെന്‍ഡ് ചെയ്തിരുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സജീവനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍നിന്നു വിട്ടതിനുശേഷം സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
വടകര കല്ലേരി സ്വദേശി സജീവനാണ് സ്റ്റേഷനില്‍ വച്ച് ചികിത്സ കിട്ടാതെ മരിച്ചത്. വാഹന അപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം സ്റ്റേഷനില്‍ വച്ച് സജീവനെ മര്‍ദ്ദിച്ചതായി ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവന് പറഞ്ഞിട്ടും മുക്കാല്‍ മണിക്കൂറോളം സ്റ്റേഷനില്‍ തന്നെ നിര്‍ത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നു.
വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലിസെത്തി. സജീവന് സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന് പറഞ്ഞു. എന്നാല്‍ പൊലിസുകാര്‍ അത് കാര്യമാക്കിയില്ല. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലിസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലിസുകാരുടെ ഉള്‍പ്പെടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
42കാരനായ സജീവന് മരംവെട്ട് തൊഴിലാളിയാണ്. സംഭവം വിവാദമായതോടെ ഉത്തരമേഖല ഐടി ടി വിക്രത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വടകരയിലെത്തി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ വടകര സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. തുടര്‍ന്നാണ് എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണമെന്ന പരാതി ഉയര്‍ന്നതിനാല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."