തോമസിന്റെ കുടുംബം മാപ്പ് നൽകി, സഊദിയിൽ തലവെട്ട് കാത്ത് കഴിഞ്ഞിരുന്ന സക്കീർ ഹുസൈന് ഇത് പുതു ജന്മം
ദമാം: സുഹൃത്തുക്കൾ തമ്മിലുണ്ടായ അപ്രതീക്ഷിത വാക്കുതർക്കത്തിനിടെയുണ്ടായ കൊലപാതക കേസിൽ പ്രതിയായ കൊല്ലം സ്വദേശി ഒടുവിൽ മോചിതനായി. കോട്ടയം സ്വദേശിയെ കുത്തിക്കൊന്ന കേസിൽ ദമാം സെൻട്രൽ ജയിലിൽ വധശിക്ഷയും കാത്ത് കഴിഞ്ഞിരുന്ന കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗർ, എച്ച്.ആൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈനാണ് ഒമ്പതു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ ജയിൽ മോചിതനായത്. സാമൂഹ്യ പ്രവർത്തകരുടെയും കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും ഇടപെടലാണ് ഒരു ദശാബ്ദ കാലത്തോളമുള്ള കാരാഗ്രഹ ജീവിതത്തിൽ നിന്നും മരണത്തിെൻറ വാൾ മുനത്തുമ്പിൽ നിന്നും മോചിതനായത്. കോട്ടയം കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യൂ (27) വിനെ കൊലപ്പെടുത്തിയ കേസിലാണ് സക്കീർ ഹുസ്സൈൻ വധശിക്ഷ കാത്ത് കഴിഞ്ഞിരുന്നത്.
2013 ലെ ഒരു ഓണാഘോഷ പരിപാടിക്കിടെയാണ് കിഴക്കൻ സഊദിയിലെ മലയാളി സമൂഹത്തെ നടുക്കിയ കൊലപാതകം നടന്നത്. കിഴക്കൻ സഊദിയിലെ ദമാമിൽ ലോൻട്രിയിലെ ജീനക്കാരായിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു താമസം. കൂട്ടുകാരുമായി ഒരുമിച്ചു ഓണ സദ്യയുണ്ടാക്കി ആഘോഷം നടത്തുന്നതിനിടെ, വൈകുന്നേരം ഒരുമിച്ചുള്ള സംസാരത്തിനിടെ തർക്കം ഉടലെടുക്കുകയും ദേഷ്യം മൂത്ത സക്കീർ ഹുസൈൻ തോമസ് മാത്യുവിനെ അടുക്കളിയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ തോമസ് മാത്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഉടൻ തന്നെ പ്രതിയായ 23 കാരനായ സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തെളിവ് എതിരാകുകയും ചെയ്‌തതോടെ വിചാരണക്ക് ശേഷം എട്ടു വർഷത്തെ തടവും, ശേഷം തലവെട്ടാനും കോടതി വിധിച്ചു. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാനും ജീവിതം പച്ചപിടിപ്പിക്കാനുമായി ഗൾഫിലെത്തിയ സക്കീർ കൊലപാതകിയായി ജയിലിലാവുകയും മരണക്കയർ കാത്ത് കിടക്കുകയും ചെയ്തത് കുടുംബത്തിന് കഴിയാത്തതിലും അപ്പുറമായിരുന്നു.
സക്കീർ ഹുസൈെൻറ അയൽവാസികളായ ജസ്റ്റിൻ ഈ വിഷയം പ്രവാസി സമ്മാൻ ജേതാവ് കൂടിയായ സഊദിയിലെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് മോചന ശ്രമം തുടങ്ങിയത്. ജസ്റ്റിന്റെ ഭാര്യ അനിത, വിഷയം ഉമ്മൻ ചാണ്ടിയുടെ മുന്നിൽ എത്തിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ മേൽനോട്ടത്തിൽ മാപ്പപേക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ നീക്കിയെങ്കിലും ആദ്യ ഘട്ടത്തിൽ മാപ്പ് നൽകാൻ കുടുംബം തയ്യാറായിരുന്നില്ല. തോമസ് മാത്യുവിന്റെ ഇടവകപള്ളി വികാരിയുമായി ഉമ്മൻചാണ്ടി ബന്ധപ്പെടുകയും അഡ്വ: സജി സ്റ്റീഫെൻറ സഹായത്തോടെ കുടുംബത്തിെൻറ മാപ്പ് ലഭ്യമാക്കുകയുമായിരുന്നു. ഇതോടെ 2020 ൽ തന്നെ തോമസ് മാത്യുവിെൻറ കുടുംബം നൽകിയ മാപ്പുസാക്ഷ്യം സഊദി കോടതിയിൽ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം നൽകിയാൽ വധശിക്ഷ ഒഴിവാക്കുന്ന സഊദി നിയമ പ്രകാരം വധശിക്ഷ ഒഴിവായെങ്കിലും തടവുശിക്ഷ പൂർത്തിയാകാനാണ് കാത്തിരുന്നത്. തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സക്കീർ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സിയുടെ ഔട്ട് പാസിലാണ് യാത്ര തിരിച്ചത്. ദമാമിൽ നിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തിയതായി മോചനം ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."