രോഗമെന്ന ഉണര്ത്തുകാരന്
ഉൾക്കാഴ്ച
മുഹമ്മദ്
പ്രമേഹരോഗിയായ ആ കിളവന് എഴുപതാണു പ്രായം. എന്നാല്‍ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ ആ മുഖത്തില്ല. എപ്പോഴും പ്രസന്നവദനനായാണ് കാണപ്പെടുക. രോഗത്തിനു ചികിത്സ തേടി ഇടക്കിടെ ഡോക്ടറെ സമീപിക്കും. പുഞ്ചിരിയോടെയല്ലാതെ ഡോക്ടറോട് അദ്ദേഹം സംസാരിക്കാറില്ല. ഒരിക്കല്‍ ഡോക്ടര്‍ കേള്‍ക്കേ അദ്ദേഹം പറഞ്ഞു: ‘എനിക്ക് പ്രമേഹരോഗമെന്ന അനുഗ്രഹം പ്രദാനം ചെയ്ത നാഥാ, നിനക്കാണു സര്‍വസ്തോത്രങ്ങളും’.
അതു കേട്ട ഡോക്ടര്‍ അന്തിച്ചുപോയി. അദ്ദേഹം ചോദിച്ചു: ‘നിങ്ങളൊരു അസാധാരണ വ്യക്തി തന്നെ. പ്രമേഹത്തെ അനുഗ്രഹമായി ഗണിക്കുന്ന ഒരു മനുഷ്യനെ ഞാനാദ്യമായി കാണുകയാണ് ’.
കിളവന് പറഞ്ഞു: ‘അതിലെന്താണിത്ര അത്ഭുതപ്പെടാന്‍. പ്രമേഹം അനുഗ്രഹം തന്നെയല്ലേ’.
‘എങ്ങെനയാണ് അതനുഗ്രഹമാവുക?’
‘ഞാനതു അക്കമിട്ടു വിശദീകരിക്കാം:
1 ലോകത്ത് എത്രയെത്ര അസുഖങ്ങളുണ്ട്. വേദനകൊണ്ട് ഉറക്കം പോലും നഷ്ടപ്പെടുന്ന അസുഖങ്ങള്‍. ഒന്നു മരിച്ചുകിട്ടിയെങ്കിലെന്നാശിച്ചുപോകുന്ന മാരകരോഗങ്ങള്‍. അതൊന്നും എനിക്ക് ദൈവം തന്നില്ലല്ലോ. എനിക്ക് തന്നത് ശരീരത്തില്‍ വേദന അനുഭവപ്പെടാത്ത രോഗമാണ്. അതിനു ഞാന്‍ നന്ദിയുള്ളവനാകണ്ടേ.
2 മരുന്ന് കണ്ടുപിടിക്കപ്പെടാത്ത എത്രയെത്ര രോഗങ്ങളുണ്ട്. വൈദ്യശാസ്ത്രം പോലും എന്തു ചെയ്യണമെന്നറിയാതെ കൈമലര്ത്തിപ്പോകുന്ന അനേകമനേകം രോഗങ്ങള്‍. അതൊന്നും എനിക്ക് അവന് തന്നിട്ടില്ല. തന്നത് വൈദ്യശാസ്ത്രത്തില്‍ മരുന്നും ചികിത്സയും ലഭ്യമായ രോഗം. അപ്പോള്‍ അതിനു ഞാന്‍ നന്ദിയുള്ളവനാകണ്ടേ.
3 അര്‍ബുദം പോലെ കേള്‍ക്കുമ്പോള്‍ തന്നെ ഭീകരത തോന്നുന്ന പല രോഗങ്ങളുമുണ്ട്. എയ്ഡ്സ് പോലെ മറ്റൊരാളോട് പറയാന്‍ പോലും പ്രയാസം തോന്നുന്ന അസുഖങ്ങളുണ്ട്. പരിചരിക്കുന്നവര്ക്കുപോലും അടുത്തേക്കടുക്കാന് വിഷമം തോന്നുന്ന അസുഖങ്ങളുണ്ട്. അതൊന്നും ദൈവം എനിക്കു നില്കിയിട്ടില്ല. നല്കിയ അസുഖത്തിന്റെ പേര് ഷുഗര്‍ എന്നാണ്. ഷുഗറിന് പഞ്ചസാര എന്നാണര്‍ഥം. കേള്‍ക്കുമ്പോള്‍ തന്നെ മധുരം തോന്നുന്ന നാമം. അതിലൊരു ഭീകരതയോ അറുപ്പോ വെറുപ്പോ ഇല്ല. ചില വിരുതന്മാര് എനിക്കു ഷുഗറാണെന്നത് അഭിമാനമായി പറയുകപോലും ചെയ്യാറുണ്ട്. അങ്ങനെയുള്ള ഒരു രോഗം മാത്രം തന്ന സ്ഥിതിക്ക് ഞാന്‍ നന്ദിയുള്ളവനാകണ്ടേ.
4 ക്ഷമയും സഹനവും കൈകൊള്ളാനുള്ള സുവര്‍ണാവസരമാണ് ഈ അസുഖം വഴി എനിക്കു കൈവന്നിരിക്കുന്നത്. ക്ഷമയ്ക്ക് ദൈവം നല്കുന്ന പ്രതിഫലം അതിരറ്റതാണ്. ആ പ്രതിഫലം ലഭിക്കണമെങ്കില്‍ ഇങ്ങനെയുള്ള അസുഖങ്ങളും വേണ്ടേ. അപ്പോള്‍ കണക്കില്ലാത്ത പ്രതിഫലത്തിന് അര്ഹനാകാന്വേണ്ടി ഈ രോഗം വഴി ക്ഷമിക്കാന്‍ അവസരം തന്ന സ്രഷ്ടാവിനോടു ഞാന്‍ നന്ദി കാണിക്കണ്ടേ..
5 രോഗം പാപമോചനത്തിനുള്ള നിമിത്തമാണ്. ചെയ്തുപോയ പല പാപങ്ങളും രോഗം വഴി ഇല്ലാതായിത്തീരും. അപ്പോള്‍ എന്റെ പാപങ്ങള്‍ പൊറുക്കാന്‍ അവസരം നല്കിയ സ്രഷ്ടാവിനോടു ഞാന്‍ നന്ദിയുള്ളവനാകണം.
6 മുന്‍പ് രാത്രി എഴുന്നേല്ക്കുക എന്നത് വലിയ ഭാരമായിരുന്നു എനിക്ക്. ഉറക്കത്തിലേക്കു വീണാല്‍ വീണതു തന്നെ. ചില ദിവസങ്ങളില്‍ വളരെ വൈകിയാണ് എഴുന്നേല്ക്കുക. അലാം വച്ചാല്‍ പോലും കേള്‍ക്കാത്ത സ്ഥിതി. ഇപ്പോള്‍ അതൊന്നുമില്ല. പ്രമേഹമുള്ളതിനാല്‍ രാത്രി രണ്ടു തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്ക്കും. എഴുന്നേല്ക്കാന് നിര്ബന്ധിതനാണു ഞാന്‍. എഴുന്നേറ്റാല്‍ പാതിരാനിസ്കാരം നിര്‍വഹിക്കാന്‍ കഴിയും. ഞാനാ അവസരം നന്നായി മുതലെടുക്കാറുണ്ട്. പാതിരാവിലെ ഏകാന്തമായ നിസ്കാരത്തിനു പ്രതിഫലമേറെയുണ്ടല്ലോ. അപ്പോള്‍ അതിനും അവസരം നല്‍കിയിരിക്കുകയാണു എന്റെ നാഥന്. അതിനു ഞാന്‍ നന്ദി കാണിക്കണ്ടേ..
7 ശരീരത്തിനകത്ത് ഏതൊക്കെ അസുഖങ്ങളാണ് വളര്ന്നുകൊണ്ടിരിക്കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല. ശരീരപരിശോധന നടത്താതെ അവരങ്ങനെ ജീവിച്ചുപോകുന്നു. രോഗം മൂര്ധന്യാവസ്ഥയിലെത്തുമ്പോഴായിരിക്കും വിവരമറിയുക. അപ്പോഴേക്കും ചികിത്സ ഫലിക്കുന്ന ഘട്ടമെല്ലാം വിട്ടുകടന്നിട്ടുണ്ടായിരിക്കും. എന്നാല്‍ പ്രമേഹമുള്ളതുകൊണ്ട് എനിക്ക് ഇടക്കിടെ നിങ്ങളെ സമീപിക്കാനും പരിശോധന നടത്താനും അവസരം കൈവരുന്നുണ്ട്. മറ്റു വല്ല അസുഖങ്ങളും അകത്തു നിലനില്‍ക്കുന്നുണ്ടോ എന്നറിയാനും കഴിയുന്നുണ്ട്. മുന്‍കരുതലെടുക്കാന്‍ അതുവഴി അവസരം കൈവരികയാണല്ലോ. അപ്പോള്‍ അതിനും വഴിയൊരുക്കിയ ദൈവത്തോടു ഞാന്‍ നന്ദി കാണിക്കണ്ടേ.
8 അമിതഭോജനമാണ് പല അസുഖങ്ങളെയും ജനിപ്പിക്കുന്നത്. പലര്‍ക്കും ഭക്ഷണം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പ്രമേഹം വന്നതോടെ എനിക്ക് ഭക്ഷണം നിയന്ത്രിക്കാന്‍ കഴിയുന്നു. അതുമൂലം ആരോഗ്യസ്ഥിതി വഷളാക്കാതെ കൊണ്ടുനടക്കാനും കഴിയുന്നു. ഈ അസുഖം ഉണ്ടായിരുന്നില്ലെങ്കില്‍ തീറ്റ വഴി എനിക്ക് വേറെ വല്ല രോഗവും വന്നേനെ’.
കിഴവന്റെ അക്കമിട്ടുള്ള ഈ വിശദീകരണം കേട്ടുകഴിഞ്ഞപ്പോള്‍ ഡോക്ടറുടെ പ്രതികരണം:
‘ഞാന്‍ പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. അനേകം ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്. പലതും പഠിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നു മിനിറ്റുകൊണ്ട് ഈ കിളവനില്നിന്നു കിട്ടിയ തിരിച്ചറിവും ഊര്‍ജവും എനിക്കിതുവരെ മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ല..!’
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."