ഉപവിയുടെ പതക്കം
സിയാഫ് അബ്ദുൽ ഖാദിർ
ഇരുട്ടിന്റെ ചതുപ്പിൽനിന്ന് ഒരു കൈ കാരുണ്യത്തിനായി എനിക്കുനേരെ നീണ്ടുവന്നു.
അന്നെന്റെ ലോക്കോ പൈലറ്റ് ജൗഹർ ആയിരുന്നു. ഡോണപ്പോള സ്റ്റേഷൻ വിട്ടുകഴിഞ്ഞ് യാത്രക്കാരെല്ലാം കയറിയെന്നും വണ്ടി മെയിൻ ലൈനിലേക്ക് പ്രവേശിച്ചുവെന്നും ഉറപ്പുവരുത്തി തിരിച്ചുവന്ന് ഞാൻ മഴത്തൊപ്പി ഊരിയതേയുള്ളൂ. ക്ഷാർർർർ ർ ർ ർ എന്നലറി എമർജൻസി ബ്രേക്കുകൾ അപ്ലെ ചെയ്യപ്പെട്ടു.
‘അവിടെ ആരോ വണ്ടിക്കടിയിൽ പെട്ടിട്ടുണ്ട്. പോയിനോക്കൂ’ -തികച്ചും സാധാരണമട്ടിൽ ജൗഹർ പറഞ്ഞു. രാത്രി, മഴ, ഇരുട്ട്, കല്ലുംമുള്ളും, വിജനത, ഒടുക്കം... ഇയാൾക്കു ചുമ്മാ ആജ്ഞാപിച്ചാൽ മതിയല്ലോ! യാത്രക്കാരെല്ലാം ഉറക്കംപിടിച്ചിരുന്നു. എന്റെ ചെറിയ ടോർച്ച് നിറയെ ചാർജ് ചെയ്തിരുന്നെങ്കിലും എന്തോ തകരാറുകാരണം അതെന്നോടു ചുമ്മാ പിണങ്ങി. കുലുക്കിയും തട്ടിയുണർത്തിയും ഞാൻ അതിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ആറാമത്തെയോ ഏഴാമത്തെയോ ബോഗിക്കരികിൽ ആവശ്യത്തിലേറെ വസ്ത്രങ്ങളും അതിനുമീതെ വൂളൻ കോട്ടും ധരിച്ച, ധനാഢ്യൻ എന്നു തോന്നിച്ച ഒരു കിഴവൻ കിടക്കുന്നു. വീലിന്റെ തൊട്ടരികിൽ റെയിലിനോട് ചേർന്ന്, പ്രത്യക്ഷത്തിൽ മുറിവുകൾ ഒന്നുമില്ലാതെ. എന്റെ ടോർച്ച് അയാളുടെ അടുത്തെത്തേണ്ട താമസം അണഞ്ഞുപോയി. എങ്കിലും നാട്ടുവെളിച്ചവും വണ്ടിയിൽ നിന്നെവിടുന്നോ ചാടിയൊഴുകിയ വെളിച്ചവും അയാളെ എനിക്കു കാണിച്ചുതന്നു. ഞാനയാളെ തൊട്ടുനോക്കി. കുറേ നേരമായി ഇയാൾ ഈ മഴയത്തിങ്ങനെ കിടക്കുകയാവണം. ചെതുക്കിച്ച മൊളിയടർന്ന തൊലി തണുത്ത് മരവിച്ചിരുന്നു. പക്ഷേ, ഞരമ്പുകളിൽ രക്തം അപ്പോഴും പിടച്ചൊഴുകുന്ന മിടിപ്പ് ഞാനറിഞ്ഞു. ആരെങ്കിലും ഇയാളെ ഒടിച്ചുമടക്കി കുറെനേരം ഫ്രീസറിൽ വച്ച ശേഷം ഇവിടെ കൊണ്ട് തള്ളിയതാവുമോ?
രാത്രി ഏറെ വൈകിയതു കൊണ്ടാവാം യാത്രക്കാരും നല്ല ഉറക്കത്തിലാണ്. ലോക്കോ പൈലറ്റിനെ വിവരം അറിയിച്ചുവരാം എന്നു തീരുമാനിച്ച് പിന്തിരിയുന്ന നേരത്താണ് അയാൾ ഇരുട്ടിൽനിന്ന് എനിക്കുനേരെ കൈനീട്ടിയത്. ഞാൻ കൈകൾ കോർത്ത് അയാളെ നെഞ്ചോട് ചേർത്തുപിടിച്ച് വലിച്ചു. ട്രാക്കിൽ നിന്നൊരൽപ്പം നീങ്ങിയെങ്കിലും അയാളെ എനിക്ക് ഒട്ടും ഉയർത്താനായില്ല. അയാളെ ആരോ പ്ലാസ്റ്റിക് ചരടുകൊണ്ട് ബലമായി ട്രാക്കിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു! മരണവെപ്രാളത്തിനിടെ എങ്ങനെയോ ട്രാക്കിൽനിന്ന് നിരങ്ങി നീങ്ങിയെങ്കിലും ചരടിന്റെ കെട്ട് പൂർണമായും അഴിഞ്ഞിരുന്നില്ല.
കിഴവന്റെ ഭാരം നിറഞ്ഞ ശരീരം കെട്ടഴിച്ച് സമീപത്തു പന്തലിച്ച മരച്ചോട്ടിൽ പ്രതിഷ്ഠിക്കുമ്പോഴേക്കും അരമണിക്കൂറിൽ കൂടുതൽ കഴിഞ്ഞിരുന്നു. അക്ഷമമായ നീണ്ട ഹോണടികൾ പലതും എന്റെ ചെവി പറിച്ചെടുത്തു. അയാളോട് ആരെന്നും എന്തെന്നും കെട്ടിയിട്ടതാരെന്നുമൊക്കെ വീണ്ടും വീണ്ടും അന്വേഷിച്ചെങ്കിലും മറുപടി പറയുകയോ കണ്ണു തുറക്കുകയോ ഉണ്ടായില്ല. ഞാൻ പറയുന്നതൊക്കെ അയാളുടെ ബോധമണ്ഡലത്തിലേക്ക് എത്തിയോ എന്നുപോലും സംശയമാണ്. അത്രയും നേരത്തിനിടെ ആ കൈനീട്ടൽ ഒഴികെ മറ്റൊരു പ്രതികരണവും അയാളിൽനിന്ന് ഉണ്ടായതേയില്ല. എന്റെ പിടിയൊന്ന് അയഞ്ഞപ്പോൾ അയാളുടെ ശരീരമപ്പാടെ മണ്ണിലേക്ക് കുഴഞ്ഞുവീണു.
മഴ ഒരു കാരുണ്യവും കാണിച്ചില്ല. മണ്ണും വെള്ളവും കരിയിലകളും ചേർന്ന കുഴമ്പ് അയാളുടെ മൂക്കിനരികിലൂടെ ചീറ്റിയൊഴുകി. കുറച്ചുനേരം കഴിഞ്ഞാൽ ഇലകൾക്കൊപ്പം അയാളും ഒഴുകിപ്പോയെന്നു വരാം. പിന്നെയും പണിപ്പെട്ട് അയാളെ ഉയർത്തി. അതിനിടെ അയാൾ എന്റെ കൈയിൽ തിരുകിയതെന്തെന്ന് ഞാൻ ശ്രദ്ധിച്ചില്ല, ടോർച്ചിനൊപ്പം അതും മുറുക്കെപ്പിടിച്ചെങ്കിലും.
ജൗഹറിനോട് വിവരങ്ങൾ പറയുന്നതിനിടെ ഞാൻ അബോധപൂർവം കൈയിലുണ്ടായി രുന്നതെല്ലാം കൺട്രോൾ സ്റ്റാൻഡിന്റെ മേലെ വച്ചു.
‘ട്രാക്കിൽനിന്നു മാറ്റിയിരുത്തിയോ?’
‘ഉം, പക്ഷേ, അയാൾക്ക് ഇന്റേണൽ ഇഞ്ചുറി വല്ലതും ഉണ്ടോ എന്നെനിക്ക് അറിഞ്ഞൂടാ സർ’.
‘അയാൾ സേഫ് അല്ലേ? ട്രാക്കിലേക്ക് വീഴില്ലല്ലോ, നമുക്കു പോകാം...’
‘സാർ അയാൾ...’
‘സ്റ്റേഷനിൽ മെസേജ് കൊടുക്കാഡാ ഉവ്വേ, ഇപ്പൊത്തന്നെ ഒത്തിരിനേരം വൈകി... സ്റ്റേഷൻ സ്റ്റാഫ് എന്തെങ്കിലും ഏർപ്പാട് ചെയ്യാതിരിക്കില്ല’ -ഞാൻ കിടുകിടുപ്പോടെ എന്നെത്തന്നെ കുടഞ്ഞുണക്കാൻ ശ്രമിച്ചു.
അടുത്ത സ്റ്റേഷനിൽ സിഗ്നൽ കൈമാറാൻ പോയി വരുംനേരമാണ് അതെന്റെ കണ്ണിൽപ്പെട്ടത്. ഞാൻ ധൃതിയിൽ കൺട്രോൾ സ്റ്റാൻഡിനു മേലെ ടോർച്ചിനും കൈയുറകൾക്കുമൊപ്പം വച്ച, അയാളെന്നെ ഏൽപ്പിച്ച ആ വസ്തു ഒരു ലോക്കറ്റ് ആയിരുന്നു. മൂന്നോ നാലോ പവൻ സ്വർണത്തിൽ തീർത്ത നല്ല പൊലിമയുള്ള ഒരു താലി. ലൈറ്റിന്റെ അരണ്ടവെളിച്ചത്തിൽ ആ സ്വർണപ്പതക്കം ചോരനിറമുള്ളതായി. ആരുടേതായിരിക്കും ഇത്? ഇത് കൈക്കലാക്കാനാണോ ഇയാളെ ട്രാക്കിൽ കൊണ്ടുവന്ന് കെട്ടിയിട്ടത്? പക്ഷേ, അയാളുടെ കൈയിൽത്തന്നെ ഉണ്ടായിരുന്നിട്ടും അവർക്കിത് കൈക്കലാക്കാൻ കഴിയാഞ്ഞതെന്താണ്? അതോ, ചെറുപ്പത്തിൽ വായിച്ച ഡിറ്റക്ടീവ് കഥകളിലെയൊക്കെപ്പോലെ ഇതു വല്ല മാന്ത്രികപ്പതക്കവും ആണോ?
‘അത് നിനക്കു കിട്ടിയ മെഡലാ, നീ ചെയ്ത ഉപവിയുടെ പതക്കം’ -ജൗഹർ ഉറക്കെ ചിരിച്ചു.
‘അയ്യേ...’ ഞാൻ വല്ലാതായി. ‘ഇതയാൾക്കുതന്നെ തിരിച്ചുകൊടുക്കണം’.
‘തിരിച്ചുപോകുമ്പോൾ ലോബിയിൽ ഏൽപ്പിക്കാം. അവരത് ഉടമസ്ഥർക്ക് എത്തിച്ചോളും’ -ജൗഹർ എന്നെ ആശ്വസിപ്പിച്ചു. പിറ്റേന്നിന്റെ പിറ്റേന്നായിരുന്നു ഞങ്ങൾക്ക് മടക്കവണ്ടി. അതും രാത്രിതന്നെ. ഉറക്കച്ചടവോടെ ഞങ്ങൾ എത്തുംമുന്നേ തന്നെ ക്രൂ മാനേജർ പറഞ്ഞു.
‘നിനക്ക് വിസിറ്റർ ഉണ്ട് ’.
ലോഞ്ചിൽ അതിസുന്ദരിയായ ഒരു സ്ത്രീയും തിടംവച്ച മസിലുകളുള്ള കരുത്തനായ ഒരു പുരുഷനും കാത്തിരിക്കുന്നു. പോകാൻ ധൃതിയുള്ള മട്ടിൽ തന്റെ സ്ട്രോ ഹാറ്റ് ആ സ്ത്രീ ഉയർത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു. വല്ലാതെ പരിഭ്രമിച്ചിരുന്ന അവരുടേതിനു നേരെവിപരീതമായ ശരീരഭാഷയായിരുന്നു പുരുഷന്റേത്.
‘ഇന്നലത്തെ ആ വയസ്സനില്ലേ, അയാളുടെ മകനാണത്. നമ്മളെ കാണാൻ വന്നതാ’ -ജൗഹർ അവരുമായി സംസാരിച്ചു വന്ന ശേഷം ഗൂഢസ്മിതത്തോടെ മന്ത്രിച്ചു. ‘ചെല്ല്, നിന്നെയും കാണണം എന്നു പറയുന്നുണ്ട് ’.
എനിക്കു ചെറിയ പുളകമൊക്കെ തോന്നി. ഒരാളുടെ ജീവൻ രക്ഷിക്കുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ. ഇവരെ ആ പതക്കം തിരിച്ചേൽപ്പിക്കുകയുമാവാം. കിഴവൻ തന്ന ലോക്കറ്റ് മറക്കാതെ ഞാൻ കൈയിലെടുത്തു.
ലോഞ്ചിൽ ഞാൻ പ്രവേശിച്ചയുടൻ പുരുഷൻ എഴുന്നേൽക്കാൻ തുനിഞ്ഞു. സ്ത്രീ അയാളെ വിലക്കി. അയാളുടെ ശരീരഭാഷയിൽ എന്തോ പന്തികേട് മണത്തെങ്കിലും കാര്യമാക്കാതെ ഞാൻ അവർക്കെതിരേ കസേര വലിച്ചിട്ടിരുന്നു.
‘താനാണോ ദാദയെ എടുത്തു മാറ്റിയത്?’
‘അതേ’ -ഞാൻ അഭിമാനത്തോടെ ചിരിച്ചു.
‘ഇപ്പോ എങ്ങനെയുണ്ട് അദ്ദേഹത്തിന്? ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയോ?’
‘ആ, എനിക്കെങ്ങനെ അറിയാം? ചെന്നുതിരക്കണം മിസ്റ്റർ’ -എനിക്ക് അയാളുടെ മര്യാദയില്ലായ്മ ഒട്ടും രസിച്ചില്ല.
‘എവിടെയുണ്ട് ദാദ ഇപ്പോൾ?’ -പരുക്കൻ ശബ്ദത്തിൽ അയാളെന്നോട് വീണ്ടും കുരച്ചു.
‘ങ്ഹേ!’ -എപ്പോഴും ഞാൻ അപ്രതീക്ഷിതമായ ഇത്തരം ചോദ്യം ചെയ്യലുകൾക്കു മുന്നിൽ അടിപതറും.
‘ആ മരച്ചോട്ടിൽ. ഞങ്ങൾ സ്റ്റേഷനിൽ വിവരമറിയിച്ചിട്ടുണ്ട് ’ -എന്റെ ഉത്തരങ്ങൾ അയാളെ വല്ലാതെ വെറിപിടിപ്പിക്കുന്നുണ്ട് എന്നെനിക്ക് മനസിലായി. ആ സ്ത്രീയാവട്ടെ ഒരു പാതിയിരിപ്പിലായിരുന്നു. തന്റെ തൊപ്പി കീറിപ്പോകുന്നവിധം അവരത് ഇടക്കിടെ വലിച്ചു താഴ്ത്തിക്കൊണ്ടിരുന്നു.
‘സത്യത്തിൽ എനിക്കറിഞ്ഞൂടാ, നിങ്ങൾ ഡോണപ്പോള സ്റ്റേഷനിൽ ഒന്ന് അന്വേഷിച്ചുനോക്കൂ. അവരാണ് ആംബുലൻസ് ഏർപ്പാടാക്കിയതും മറ്റും...’
‘നീ അല്ലെ ദാദയെ ഒളിപ്പിച്ചുവച്ചത്? എവിടെയാണെന്നു പറയാതെ ഞാൻ നിന്നെ വിടില്ല...’
അയാളുടെ അലർച്ച എന്നെ പരിഭ്രാന്തനാക്കി. ‘ഞാൻ സത്യമാണ് പറഞ്ഞത്...’
‘നിന്നെ ഞാൻ കോടതി കയറ്റും റാണിജേ...’ -എനിക്ക് മൂകനാവുക എന്നതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ആ സ്ത്രീ ആശനശിച്ച മട്ടിൽ തന്റെ ബാഗിൽ തെരുപ്പിടിച്ചുകൊണ്ട് എഴുന്നേറ്റു. ഞാനാകെ മൈനസായി ഇരിക്കുന്നു. എഴുന്നേൽക്കാൻ പോലും ആവതില്ലാതിരുന്ന ആ മനുഷ്യൻ എവിടെപ്പോയതാവും?
നോക്കൂ... എന്റെ വിളികേട്ട് അയാൾ മാത്രം തിരിഞ്ഞുനിന്നു. ഞാൻ പറഞ്ഞത് സ്റ്റാച്യൂ എന്നാണെന്ന മട്ടിൽ സ്ത്രീയും.
‘അദ്ദേഹത്തെ നിങ്ങൾ ഉടനെ കണ്ടുപിടിക്കാൻ ശ്രമിക്കണം. ആരോ നിങ്ങളുടെ ദാദയെ അപകടപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്...’
‘അന്വേഷിക്കാനോ? പോയി തുലയട്ടെ ആ കള്ളക്കിളവൻ...’
‘അങ്ങനെയല്ല, ആരോ അദ്ദേഹത്തെ ട്രാക്കിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഞാൻ രക്ഷിച്ച ശേഷവും അദ്ദേഹത്തെ കാണാനില്ലെങ്കിൽ അതിനർഥം ആരോ പിന്തുട...’
‘ഏയ് ജേഡജ, ആ കാമക്കിളവനെ ആരെങ്കിലും കൊന്നോട്ടെ. തനിക്കെന്താ ചേതം? എന്റെ കൈയിൽ കിട്ടിയാൽ ഞാൻ തന്നെ അതു ചെയ്യും... കഴിഞ്ഞ ദിവസം അടിച്ചുപൂസായി വന്ന് ഇവളെ, അയാളുടെ മകന്റെ ഭാര്യയെന്നുപോലും ഓർക്കാതെ, കേറിപ്പിടിച്ച് ഉരുട്ടിപ്പിടുത്തോം പിടിവലിയും കഴിഞ്ഞ് താലിമാലയും പൊട്ടിച്ചെടുത്ത് വീട്ടിന്നിറങ്ങിപ്പോയ ആ പരനാറിയെ കൈയിലൊന്ന് കിട്ടാനാ ഞാനും രണ്ടു ദിവസമായി ഈ നടപ്പു നടക്കുന്നത്...’ -അയാളതു ചെയ്യുമെന്ന് ഉറപ്പായിരുന്നു. സ്ത്രീ തന്റെ സ്ട്രോ ഹാറ്റ് മുഖം പരമാവധി മറയുന്ന തരത്തിൽ താഴ്ത്തി. അവരുടെ മനോഹരമായ കഴുത്തിലൂടെ വിയർപ്പ് ചാലിട്ടൊഴുകുന്നത് ഞാൻ കണ്ടു. ഉപവിയുടെ പതക്കം എന്റെ ഉള്ളം കൈയിലിരുന്ന് ചുട്ടുപൊള്ളി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."