ഒപ്പിടാതെ ഗവർണർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • കാലാവധി ഇന്ന് അവസാനിക്കുന്ന ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കാൻ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ബില്ലാക്കാത്ത 11 ഓർഡിനൻസുകൾ പുതുക്കാൻ ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഈ ശുപാർശ 28ന് രാജ്ഭവനിലെത്തുകയും ചെയ്തിരുന്നു. ഇന്ന് കാലാവധി കഴിയുന്ന ഓർഡിനൻസുകൾ പുതുക്കാനായില്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകും.
വെള്ളിയാഴ്ച ഡൽഹിക്ക് പോയ ഗവർണർ 12 നേ മടങ്ങിയെത്തൂവെന്നാണ് രാജ്ഭവൻ പറയുന്നത്. കൂടാതെ ഓർഡിനൻസുകൾ അംഗീകരിച്ചു നൽകാനോ തിരിച്ചയക്കാനോ ഗവർണർ പറഞ്ഞിട്ടില്ലെന്നും രാജ്ഭവൻ സർക്കാർ പ്രതിനിധികളെ അറിയിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാർ വെട്ടിലായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി കെ.ടി ജലീലിന്റെ രാജിക്കു വഴി വച്ചത് ലോകായുക്ത വിധിയായിരുന്നു. അഴിമതി തെളിഞ്ഞെന്ന് കണ്ടെത്തിയാൽ മന്ത്രിയെ അയോഗ്യനാക്കാൻ ലോകായുക്തക്കുണ്ടായിരുന്ന ഈ അധികാരം എടുത്തുകളയലായിരുന്നു ഭേദഗതി. അഴിമതിക്കേസിൽ മന്ത്രിമാർ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും പതിനാലാം വകുപ്പ് പ്രകാരം പദവി ഒഴിയേണ്ട, മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്ക് ഹിയറിങ് നടത്തി തള്ളിക്കളയാം, വിധി മുഖ്യമന്ത്രിക്കെതിരെയെങ്കിൽ ഗവർണർക്കും തള്ളാം എന്നതാണ് ഭേദഗതിയിൽ പറയുന്നത്. ഇത് രണ്ടു തവണ നേരത്തെ പുതുക്കി നൽകിയിരുന്നു. 42 ദിവസം അടിയന്തര സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തിനായി ഓർഡിനൻസ് ഇറക്കുക. 42 ദിവസത്തെ കാലാവധി പൂർത്തിയാക്കാത്തവ വീണ്ടും നിലനിൽക്കണമെങ്കിൽ ഓർഡിനൻസായി തന്നെ പുതുക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ ഇത് റദ്ദാക്കപ്പെടും.
കേരള പബ്ലിക് സർവിസ് കമ്മിഷൻ ഭേദഗതി, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി, കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസർവിസ്, കേരള പൊതുമേഖലാ നിയമന ബോർഡ്, കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ്,ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്‌സചർ, കേരള ജ്വല്ലറി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട്, വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ്പ് വികസനവും എന്നിവയാണ് ഗവർണർ ഒപ്പിടേണ്ട മറ്റു ഓർഡിനൻസുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."